സ്വന്തം ലേഖകന്‍: 2016 ലെ സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം കൊളംബിയന്‍ പ്രസിഡന്റ് ജുവാന്‍ മാനുവല്‍ സാന്റോസിന്. കൊളംബിയന്‍ സര്‍ക്കാരും ഫാര്‍ക് വിമതരും തമ്മില്‍ അര നൂറ്റാണ്ട് നീണ്ട ആഭ്യന്തര യുദ്ധം അവസാനിപ്പിക്കുന്നതിന് നടത്തിയ പരിശ്രമങ്ങള്‍ക്കാണ് പുരസ്‌കാരം. പ്രസിഡന്റ് സ്ഥാനത്തെ അവസാന നാളുകള്‍ വരെ സാന്റോസ് പോരാട്ടം നടത്തിയെന്ന് പുരസ്‌കാര നിര്‍ണയ സമിതി വിലയിരുത്തി.
കൊളംബിയയിലെ വിമത സംഘടനയായ റവല്യൂഷണറി ആംഡ് ഫോഴ്‌സസി(ഫാര്‍ക്)ന്റെ മേധാവി കികോംചെന്‍കോയ്ക്കുമായി പുരസ്‌കാരം പങ്കിടുമെന്ന് ആദ്യം സൂചനയുണ്ടായിരുന്നുവെങ്കിലും പുരസ്‌കാര സമിതി അത് നിഷേധിച്ചു. സന്റോസിന്റെ് ശ്രമങ്ങളാണ് എല്ലാമെന്ന് സമിതി വിലയിരുത്തുകയായിരുന്നു. സിറിയയിലെ യുദ്ധ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വൈറ്റ് ഹെല്‍മറ്റ്‌സ് എന്ന സംഘടനയേയും അവസാന നിമിഷം വരെ പുരസ്‌കാരത്തിന് പരിഗണിച്ചിരുന്നു.
സര്‍ക്കാരും ഫാര്‍കും തമ്മിലുള്ള സമാധാന കരാറിന് ഹിതപരിശോധനയില്‍ ജനങ്ങളുടെ പിന്തുണ ലഭിച്ചിരുന്നില്ല. എന്നാല്‍ ഹിതപരിശോധനാ ഫലം അംഗീകരിക്കുന്നതായി അറിയിച്ച പ്രസിഡന്റ് സമാധാന ശ്രമങ്ങള്‍ തുടരുമെന്നും വ്യക്തമാക്കിയിരുന്നു.
52 വര്‍ഷം നീണ്ട ആഭ്യന്തര യുദ്ധത്തിന് അറുതിവരുത്താന്‍ നാലു വര്‍ഷത്തോളം നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ ഇക്കഴിഞ്ഞ ഓഗസ്റ്റിലാണ് തീരുമാനമായത്. ക്യൂബന്‍ പ്രസിഡന്റ് റൗള്‍ കാസ്‌ട്രോയുടെയും യു.എന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ അടക്കമുള്ള പ്രമുഖരുടെയും സാന്നിധ്യത്തിലാണ് ഇരു പക്ഷവും കരാറില്‍ ഒപ്പുവച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല