മലയാളികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട നായികയാണ് കാവ്യ മാധവന്‍. മമ്മൂട്ടിയുടെ നായികയായി കാവ്യ അഭിനയിച്ച വെനീസിലെ വ്യാപാരി എന്ന ചിത്രം കേരളത്തിലെ തിയറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. ചിത്രത്തില്‍ സ്വന്തം ശബ്‌ദമാണ് കാവ്യ കഥാപാത്രത്തിന് നല്‍കിയിരിക്കുന്നത്. ശബ്‌ദത്തിലും ഭാവത്തിലും ചിത്രത്തിലെ ആലപ്പുഴക്കാരിയെ തന്മയത്വത്തോടെ അവതരിപ്പിച്ച കാവ്യ തിയറ്ററുകളില്‍ കയ്യടികള്‍ നേടുന്നു.
കാര്യങ്ങള്‍ ഇതൊക്കെയാണെങ്കിലും പല സംവിധായകരും തന്റെ ശബ്‌ദത്തോട് അവഗണന കാട്ടിയതായാണ് കാവ്യയുടെ പരിഭവം. ഗദ്ദാമയില്‍ സ്വന്തം ശബ്‌ദം ഡബ് ചെയ്‌തപ്പോള്‍, എല്ലാവരും മികച്ച അഭിപ്രായമാണ് പറഞ്ഞത്. എന്നാല്‍ അതിനുശേഷം ചെയ്‌ത ക്രിസ്‌ത്യന്‍ ബ്രദേഴ്‌സ്, ചൈനാടൗണ്‍ തുടങ്ങിയ ചിത്രങ്ങളില്‍ സ്വന്തം ശബ്‌ദം ഡബ് ചെയ്യാന്‍ സംവിധായകര്‍ അനുവദിച്ചില്ലെന്നും കാവ്യ പറയുന്നു.
ഒരു സിനിമാ പ്രസിദ്ധീകരണത്തിന് അനുവദിച്ച അഭിമുഖത്തിലാണ് കാവ്യ ഇക്കാര്യങ്ങള്‍ തുറന്നുപറഞ്ഞത്. ഗദ്ദാമയ്‌ക്ക് ശേഷം ഭക്‌തജനങ്ങളുടെ ശ്രദ്ധയ്‌ക്ക് എന്ന ചിത്രത്തിലും സ്വന്തം ശബ്‌ദമാണ് ഉപയോഗിച്ചത്. താന്‍ നീലേശ്വരം ഭാഷയാണ് സംസാരിക്കുന്നത് എന്ന് സിനിമാരംഗത്തെ മിക്കവര്‍ക്കും അറിയാം. പക്ഷേ അഭിനയിക്കുമ്പോള്‍ കഥാപാത്രങ്ങള്‍ക്ക് ചേര്‍ന്ന സംഭാഷണ രീതി മാത്രമെ താന്‍ സ്വീകരിക്കാറുള്ളു.
ഒരു സിനിമ ചെയ്യുന്നതിന് മുമ്പ് അതിലെ കഥാപാത്രത്തെ എല്ലാ രീതിയിലും നന്നായി ചെയ്യാന്‍വേണ്ടി ചില നിരീക്ഷണങ്ങള്‍ താന്‍ നടത്താറുണ്ട്. അതിനാല്‍ വെനീസിലെ വ്യാപാരിയിലെ ആലപ്പുഴക്കാരിയുടെ സംഭാഷണം മികച്ച രീതിയില്‍ അവതരിപ്പിക്കാന്‍ കഴിഞ്ഞുവെന്നും കാവ്യ പറയുന്നു. എന്നാല്‍ താന്‍ അഭിനയിക്കുന്ന അടുത്ത ചിത്രങ്ങളില്‍ ഡബ് ചെയ്യാന്‍ അനുവദിച്ചിട്ടില്ലെന്നും കാവ്യ പരിഭവമായി പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല