
സ്വന്തം ലേഖകൻ: നിര്‍മാണം പൂര്‍ത്തിയാകുന്ന നോയിഡ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ആദ്യവിമാനം പറന്നിറങ്ങി. ഇന്‍ഡിഗോയുടെ എയര്‍ബസ് എ320-232 വിമാനമാണ് വിജയകരമായ പരീക്ഷണപ്പറക്കല്‍ നടത്തിയത്. നോയിഡയിലെത്തിയ വിമാനത്തെ വാട്ടര്‍ സല്യൂട്ട് നല്കി സ്വീകരിച്ചു.
പടിഞ്ഞാറന്‍ ഉത്തര്‍ പ്രദേശിലെ ഗൗതം ബുദ്ധ നഗര്‍ ജില്ലയില്‍ സ്ഥിതി ചെയ്യുന്ന നോയിഡ അന്താരാഷ്ട്ര വിമാനത്താവളത്തിന് (ജെവാര്‍ വിമാനത്താവളം) 2021 നവംബറില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് തറക്കല്ലിട്ടത്. നിര്‍മാണം പൂര്‍ത്തിയാക്കി 2025 ഏപ്രിലില്‍ വിമാനത്താവളം പ്രവര്‍ത്തനം ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
1334 ഹെക്ടര്‍ സ്ഥലത്ത് നിര്‍മിക്കുന്ന വിമാനത്താവളത്തിന്റെ ആദ്യഘട്ടം പൂര്‍ത്തിയാകുമ്പോള്‍ പ്രതിവര്‍ഷം 1.2 കോടി യാത്രക്കാരെയാണ് പ്രതീക്ഷിക്കുന്നത്. 2030-ഓടെ ഇത് മൂന്ന് കോടിയായി ഉയരുമെന്നും പിന്നീട് ഇത് ഏഴ് കോടിയായി വര്‍ധിക്കുമെന്നുമാണ് പ്രതീക്ഷിക്കുന്നത്.
സ്വീസ് കമ്പനിയായ സൂറിച്ച് എയര്‍പോര്‍ട്ട് ഇന്റര്‍നാഷണല്‍ എ.ജിയുടെ ഉപ കമ്പനിയായ യമുന ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് പ്രൈവറ്റ് ലിമിറ്റഡും നോയിഡ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡും സംയുക്തമായാണ് വിമാനത്താവളം നിര്‍മിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല