സ്വന്തം ലേഖകൻ: കെട്ടിട മാനദണ്ഡങ്ങൾ പാലിക്കാതെ നിർമ്മിച്ച സൂപ്പർടെക് ഇരട്ട ടവറുകൾ ഓഗസ്റ്റ് 28-ന് പൊളിക്കുമെന്ന് വ്യക്തമാക്കി ഭരണകൂടം. നോയിഡ അതോറിറ്റി അഡീഷണൽ സിഇഒ പ്രവീൺ മിശ്രയുടെ അധ്യക്ഷതയിൽ ചേർന്ന അവലോകന യോഗത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഉച്ചയ്‌ക്ക് 2.30-നാകും ഫ്‌ളാറ്റുകൾ പൊളിക്കുകയെന്ന് അധികൃതർ വ്യക്തമാക്കി.
ഫ്‌ളാറ്റുകൾ സ്ഥിതി ചെയ്യുന്ന എമറാൾഡ് കോർട്ടിലെയും എടിഎസ് വില്ലേജിലെയും സമീപവാസികൾ ഓഗസ്റ്റ് 28 ന് രാവിലെ 7 മണിക്ക് വീട് ഒഴിയണമെന്ന് അതോറിറ്റി അറിയിച്ചു. തിരികെ വീടുകളിലേക്ക് വൈകുന്നേരം 4 മണിക്ക് ശേഷം മടങ്ങാം.എന്നാൽ എഡിഫൈസ് എഞ്ചിനീയറിംഗിൽ നിന്ന് അനുമതിതേടണം. താമസക്കാരുടെ വാഹനങ്ങൾ മാറ്റാനും നിർദേശമുണ്ട്.
ഒന്നിൽ കൂടുതൽ വാഹനങ്ങൾ ഉള്ളവർക്ക് പാർക്കിംഗ് സൗകര്യമില്ലെങ്കിൽ അതോറിറ്റി സൗകര്യമൊരുക്കുമെന്ന് അറിയിച്ചു.പോലീസ്, അഗ്നിശമന സേന തുടങ്ങിയവയും പ്രദേശത്ത് വിന്യസിക്കുമെന്നും ഭരണകൂടം അറിയിച്ചു. 1,396 ഫ്‌ലാറ്റുകളാണ് പ്രദേശത്ത് ആകെയുള്ളത്. ഇതിൽ 5,000-ത്തിലധികം താമസക്കാരുണ്ടെന്നാണ് അതോറിറ്റിയുടെ കണക്കിൽ പറയുന്നത്. കെട്ടിടങ്ങളെ പൊടിയിൽ നിന്നും സംരക്ഷിക്കുന്നതിനായി ജിയോ ടെക്‌സ്റ്റൈൽ തുണി ഉപയോഗിച്ച് മൂടിയിട്ടുണ്ടെന്നും അതോറിറ്റി അറിയിച്ചു.
നോയിഡ-ഗ്രേറ്റർ നോയിഡ എക്സ്പ്രസ് വേ ഓഗസ്റ്റ് 28-ന് ഉച്ചയ്‌ക്ക് 2:15 മുതൽ 2:45 വരെ ഗതാഗതം നിരോധിക്കും. പൊളിക്കുന്ന കെട്ടിടങ്ങൾക്ക് ചുറ്റും ആളുകൾക്കും വാഹനങ്ങൾക്കും നിരോധനമേർപ്പെടുത്തും.വടക്ക് എമറാൾഡ് കോർട്ടിനോട് ചേർന്നുള്ള റോഡ് വരെയും തെക്ക് ഡൽഹിയിലേക്കുള്ള എക്സ്പ്രസ് വേയുടെ സർവീസ് റോഡ് വരെയും കിഴക്ക് എടിഎസ് വില്ലേജ് റോഡ് വരെയും പാർക്കിനോട് ചേർന്നുള്ള മേൽപ്പാലം വരെയുമുള്ള വഴികൾ അടച്ചിടുമെന്നും അധികൃതർ വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല