1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 21, 2018

സ്വന്തം ലേഖകന്‍: മോദി സര്‍ക്കാരിനെതിരെയുള്ള അവിശ്വാസ പ്രമേയം പരാജയപ്പെട്ടു; രാഹുല്‍ ഗാന്ധിയുടെ കെട്ടിപ്പിടുത്തവും കണ്ണിറുക്കലും പ്രധാനമന്ത്രിയുടെ കടന്നാക്രമണവുമായി പാര്‍ലമെന്റില്‍ നാടകീയ രംഗങ്ങള്‍. 126നെതിരെ 325 വോട്ടുകള്‍ക്കാണ് അവിശ്വാസപ്രമേയം പരാജയപ്പെട്ടത്. ആകെ വോട്ട് 451. എന്‍ഡിഎ കക്ഷിനില 313, പ്രതീക്ഷിച്ചതിലധികം പിന്തുണ മോദി സര്‍ക്കാര്‍ നേടി. പ്രതിപക്ഷത്തിന് വോട്ട് തിരിച്ചടിയായി, 154 വോട്ട് പ്രതീക്ഷിച്ചിടത്ത് കിട്ടിയത് 126 എണ്ണം മാത്രമാണ്.

എല്ലാവര്‍ക്കും നന്ദി പറഞ്ഞ് മോദി ട്വീറ്റ് ചെയ്തു. ലോക്‌സഭയുടെ മാത്രമല്ല 125 കോടി ജനങ്ങളുടെ വിശ്വാസമാണ് എന്‍ഡിഎ നേടിയത്. പിന്തുണച്ച എല്ലാവര്‍ക്കും നന്ദിയുണ്ട്, മാറ്റത്തിനായുള്ള ശ്രമം തുടരുമെന്നും മോദി ട്വിറ്ററില്‍ കുറിച്ചു. അവിശ്വാസപ്രമേയം തള്ളണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി തന്റെ മറുപടി പ്രസംഗത്തില്‍ ആഹ്വാനം ചെയ്തിരുന്നു. വികസനവിരുദ്ധരെ തിരിച്ചറിയാനുള്ള അവസരമാണ് ഈ അവിശ്വാസപ്രമേയം തനിക്ക് നല്‍കിയതെന്ന് പ്രധാനമന്ത്രി പറഞ്ഞു.

പ്രതിപക്ഷത്തിന്റേത് നിഷേധാത്മക രാഷ്ട്രീയമാണെന്നും തന്നെ അധികാരത്തില്‍ നിന്നും മാറ്റമെന്നുള്ളത് ചിലരുടെ ധാര്‍ഷ്ട്യം മാത്രമാണെന്നും പ്രധാനമന്ത്രി ആഞ്ഞടിച്ചു. ജനമാണ് പ്രധാനമന്ത്രിയെ തീരുമാനിക്കുന്നത്. 2019ല്‍ പ്രധാനമന്ത്രിയാകാന്‍ ചിലര്‍ കുപ്പായം തയ്ച്ചുവെച്ചിട്ടുണ്ടെന്ന് രാഹുല്‍ ഗാന്ധിക്ക് നേരെ ഒളിയമ്പ് എയ്തത്തോടെ പ്രതിപക്ഷം ബഹളം തുടങ്ങി. മോദിയുടെ പൊളളത്തരം തുറന്നുകാട്ടാനായെന്ന് മല്ലികാര്‍ജുന ഖാര്‍ഗെ പറഞ്ഞു.

രാഹുലിന്റെ കണ്ണില്‍ നോക്കാന്‍ എനിക്ക് കഴിവില്ല. കാരണം ഞാന്‍ രാഹുലിനേക്കാള്‍ താഴ്ന്നവനാണ്. നിങ്ങളുടെ കണ്ണില്‍ നോക്കാന്‍ എനിക്ക് ശക്തിയുണ്ട് ചിലരുടെ കണ്ണുകൊണ്ടുള്ള കളി കണ്ടു, എന്ന് രാഹുലിന്റെ കണ്ണിറുക്കലിനെയും മോദി പരിഹസിച്ചു. 2024ലെങ്കിലും കോണ്‍ഗ്രസിന് അവിശ്വാസപ്രമേയം കൊണ്ടുവരാനാകട്ടെ. ബിജെപി ഭരണം തുടരുമെന്ന് മോദി മറുപടിയായി പറഞ്ഞു.

ഒരു കുടുംബത്തെ മാത്രം തുണച്ചതിന് കോണ്‍ഗ്രസിനെ രാജ്യം ശിക്ഷിച്ചു. പ്രണബിനോട് നെഹ്‌റു കുടുംബം കാണിച്ചത് അനീതിയാണ്. ആന്ധ്രയെ വിഭജിച്ചത് രാഷ്ട്രീയനേടത്തിനായി. തെലുങ്കാനയും ആന്ധ്രയും കോണ്‍ഗ്രസിനെ പുറത്താക്കി. വോട്ടിന് പണം നല്‍കിയ ചരിത്രമാണ് കോണ്‍ഗ്രസിന്റേത്. ടി.ഡി.പി രാഷ്ട്രീയം കളിക്കുകയാണ്. ആന്ധ്രയുടെ ദുര്‍ഗതിക്ക് കാരണം കോണ്‍ഗ്രസാണ്. വൈഎസ്ആര്‍ കോണ്‍ഗ്രസിന്റെ വലയില്‍ ടിഡിപി വീണു. പ്രത്യേകപാക്കേജ് കേന്ദ്രസര്‍ക്കാര്‍ നല്‍കിയതാണെന്നും മോദി തുറന്നടിച്ചു.

രാഹുലിനെതിരെയുള്ള ഒളിയമ്പുകള്‍ ഒരുക്കിവച്ചായിരുന്നു മോദിയുടെ പ്രസംഗം. ചര്‍ച്ചകളിവിടെ നടക്കുമ്പോള്‍ ഒരാള്‍ എന്നോട് വന്ന് ‘ഉഠോ? ഉഠോ?’ എന്ന് പറഞ്ഞു. ഇവിടെ ചര്‍ച്ചകളൊന്നും കഴിഞ്ഞിരുന്നില്ല. ആര്‍ക്കാണിവിടെ അധികാരത്തിലേക്ക് എത്താന്‍ ഇത്ര തിടുക്കം. ജനങ്ങളാണ് പ്രധാനമന്ത്രിയെ തീരുമാനിച്ചത്. അവര്‍ തീരുമാനിക്കും എപ്പോള്‍ മാറണമെന്ന്. ഒരു വാഗ്‌വാദത്തിന് കൃത്യമായ തയാറെടുപ്പുകളില്ലാതെ നിങ്ങളെന്തിനാണ് അവിശ്വാസപ്രമേയം കൊണ്ടുവന്നത്. അത് തള്ളികളയേണ്ടതാണ്. സര്‍ക്കാരിനെ താഴെയിറക്കാന്‍ എന്തിനാണിത്ര തിടുക്കം. ഇവിടെ ആകാശം ഇടിഞ്ഞുവീണോ? അതോ ഭൂകമ്പമുണ്ടായോ? നാലുവര്‍ഷം ചെയ്ത വികസനത്തിന്റെ പേരിലാണ് സഭയില്‍ നില്‍ക്കുന്നതെന്നും മോദി മറുപടി പ്രസംഗത്തില്‍ പരിഹാസരൂപത്തില്‍ പറഞ്ഞു.

എല്ലാവര്‍ക്കുമൊപ്പം, വികസനത്തിനൊപ്പം എന്നുള്ളതാണ് ബിജെപി സര്‍ക്കാരിന്റെ മുദ്രാവാക്യമെന്ന് പ്രധാനമന്ത്രി പറഞ്ഞതോടെ ഞങ്ങള്‍ക്ക് നീതി വേണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം ബഹളം ഉച്ചത്തിലാക്കി. പ്രധാനമന്ത്രിക്ക് അടുത്തേക്ക് നീങ്ങിയ ടി.ഡി.പി അംഗങ്ങളെ ബി.ജെ.പി അംഗങ്ങള്‍ തടഞ്ഞു. സഭയ്ക്കുളളില്‍ അംഗങ്ങള്‍ തമ്മില്‍ ഉന്തും തളളുമുണ്ടായി. പ്രധാനമന്ത്രിയുടെ പ്രസംഗം അല്‍പസമയം തടസപ്പെട്ടു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അതിരൂക്ഷമായി വിമര്‍ശിച്ച പ്രസംഗത്തിന് ശേഷം കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സ്വന്തം ഇരിപ്പിടത്തില്‍ നിന്നും എഴുന്നേറ്റ് പോയി പ്രധാനമന്ത്രിയെ കെട്ടിപ്പിടിച്ചതും കൗതുകമായി. ഞാന്‍ ഇത്രയും നേരം നിങ്ങളെ വിമര്‍ശിച്ചു. എന്നാല്‍, വ്യക്തിപരമായി നിങ്ങളോട് ദേഷ്യമില്ല. കാരണം എന്റേത് കോണ്‍ഗ്രസ് സംസ്‌ക്കാരമാണെന്ന് രാഹുല്‍ പറഞ്ഞു. ഇതിന് ശേഷമാണ് ആലിംഗനം ചെയ്തത്.

ആദ്യം ഞെട്ടിയ പ്രധാനമന്ത്രി തിരിഞ്ഞു നടന്ന രാഹുലിനെ വിളിച്ച് ചിരിച്ചു കൊണ്ട് ഹസ്തദാനം ചെയ്യുകയും പുറത്തുതട്ടുകയും ചെയ്തു. ഇതിനിടയില്‍ രാഹുലിന്റെ പ്രസംഗം കേട്ട് മോദി പൊട്ടിച്ചിരിക്കുകയും ചെയ്തു. മോദി മുഖത്ത് നോക്കി സംസാരിക്കാത്തത് അദ്ദേഹത്തിന്റെ കള്ളത്തരം കൊണ്ടാണെന്നുള്ള പരാമര്‍ശം കേട്ടാണ് പ്രധാനമന്ത്രി പൊട്ടിച്ചിരിച്ചത്.

അതേസമയം, പ്രധാനമന്ത്രിയെ വിശ്വസിച്ച യുവാക്കളെ വഞ്ചിച്ചുവെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു. പ്രധാനമന്ത്രി പൊള്ളയായ വാഗ്ദാനങ്ങള്‍ നല്‍കി വഞ്ചിച്ചു. വാഗ്ദാനം ചെയ്ത 2 കോടി തൊഴിലവസരങ്ങള്‍ എവിടെ? ജനങ്ങള്‍ക്ക് നല്‍കുമെന്ന് പറഞ്ഞ് 15 ലക്ഷം എവിടെയെന്നും രാഹുല്‍ ഗാന്ധി ചോദിച്ചു. ജിഎസ്ടി രാജ്യത്തെ ചെറുകിട വ്യാപാരികളെ തകര്‍ത്തു. വിദേശത്തുപോയി ധനികരായ വ്യവസായികളോടു സംസാരിക്കാന്‍ മാത്രമേ പ്രധാനമന്ത്രിക്കു താല്‍പ്പര്യമുള്ളൂ. ഒരിക്കല്‍പ്പോലും ചെറുകിട വ്യവസായികളോട് സംസാരിക്കാന്‍ മോദി താല്‍പ്പര്യപ്പെട്ടിട്ടില്ലെന്നും രാഹുല്‍ പറഞ്ഞു.

ഇന്ത്യയിലെ യുവാക്കള്‍ മോദിയെ വിശ്വസിച്ചിരുന്നു. ഓരോ പ്രസംഗത്തിലും മോദി പറഞ്ഞു, രണ്ടു കോടി യുവാക്കള്‍ക്ക് തൊഴില്‍ നല്‍കുമെന്ന്. എന്നാല്‍ നാലു ലക്ഷം പേര്‍ക്കു മാത്രമേ തൊഴില്‍ ലഭിച്ചുള്ളൂ. ചൈനയുടെ കാര്യമെടുത്താല്‍ 24 മണിക്കൂറിനുള്ളില്‍ 50,000 ജോലികളാണ് നല്‍കിയത്. എന്നാല്‍ മോദിസര്‍ക്കാര്‍ നല്‍കിയതോ 24 മണിക്കൂറില്‍ 400 ജോലികള്‍ മാത്രം. തൊഴിലില്ലായ്മ ഏഴുവര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് ഇപ്പോഴെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.