സ്വന്തം ലേഖകന്‍: മാഗിയില്‍ മായം, നെസ്‌ലെയില്‍ നിന്ന് 426 കോടി നഷ്ടപരിഹാരം ആവശ്യപ്പെടാന്‍ ഒരുങ്ങി കേന്ദ്രം. മാഗി നൂഡില്‍സിനെ സംബന്ധിച്ച് തെറ്റായ അവകാശവാദങ്ങള്‍ ഉന്നയിച്ച് ഇന്ത്യന്‍ ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിച്ചതിനാണ് നഷ്ടപരിഹാരം. ഉപഭോക്തൃകാര്യ മന്ത്രാലയം ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ നാഷണല്‍ കണ്‍സ്യൂമര്‍ ഡിസ്പ്യൂട്‌സ് റിഡ്രസല്‍ കമ്മീഷന് ഇക്കാര്യം ചൂണ്ടിക്കാട്ടി അപേക്ഷ നല്‍കും. ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്കു വേണ്ടിയാണ് മന്ത്രാലയം പരാതി നല്‍കുക.
മാഗി നിരോധിച്ചതിനെതിരെ ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്‍ഡേഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുമായുള്ള (എഫ്എസ്എസ്എഐ) കേസില്‍ നെസ്ലെ ഇന്ത്യ ബോംബെ ഹൈക്കോടതിയില്‍ നിന്ന് വിധി പ്രതീക്ഷിച്ചിരിക്കുകയാണ്. അതിനിടെ ഉപഭോക്തൃകാര്യ മന്ത്രാലയവുമായി മറ്റൊരു നിയമയുദ്ധത്തിനാണ് വഴി തുറക്കുന്നത്. കുട്ടികള്‍ ആരോഗ്യത്തിന് ഹാനികരമായ ഭക്ഷ്യവസ്തുക്കള്‍ കഴിക്കാന്‍ ഇടവരരുത് എന്നതുകൊണ്ടാണ് മാഗിക്കെതിരായ നടപടികളുമായി മുന്നോട്ട് പോകുന്നതെന്ന് എഫ്എസ്എസ്എഐ ചീഫ് എക്‌സിക്യുട്ടീവ് യുധ്വിര്‍ സിങ് മാലിക് വ്യക്തമാക്കിയിരുന്നു.
എഫ്എസ്എസ്എഐ വിപണിയില്‍ നിന്ന് മാഗി തിരിച്ചുവിളിക്കാന്‍ ആവശ്യപ്പെട്ടതോടെ 360 കോടി രൂപയുടെ ഉല്‍പന്നം നശിപ്പിച്ചതായാണ് നെസ്ലെ ഇന്ത്യയുടെ വിശദീകരണം. മാഗിയുടെ ഇന്ത്യയിലെ വില്‍പനയുടെ നിരക്ക് പരിഗണിച്ചാണ് ഉപഭോക്തൃകാര്യ മന്ത്രാലയം നഷ്ടപരിഹാര തുക നിശ്ചയിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല