സ്വന്തം ലേഖകൻ: പ്ലസ്ടുവിനുശേഷം ജർമനിയില്‍ സൗജന്യ നഴ്സിങ് പഠനത്തിനും തുടര്‍ന്ന് ജോലിക്കും അവസരമൊരുക്കുന്ന നോര്‍ക്ക റൂട്ട്സ് ട്രിപ്പിള്‍ വിന്‍ ട്രെയിനി പ്രോഗ്രാമിന്റെ ആദ്യബാച്ചിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. ജർമൻ ഭാഷ പരിശീലനം (ബി2 ലെവല്‍ വരെ), നിയമന പ്രക്രിയയിലുടനീളമുളള പിന്തുണ, ജർമനിയുടെ ആരോഗ്യ പരിപാലന മേഖലയിൽ തൊഴിൽ സാധ്യത, ജർമനിയിലെത്തിയ ശേഷം പഠനസമയത്ത് പ്രതിമാസ സ്റ്റൈപ്പന്റ് എന്നിവ വാഗ്ദാനം ചെയ്യുന്നതാണ് പദ്ധതി.
ജർമനിയില്‍ റജിസ്ട്രേഡ് നഴ്സ് ആയി പ്രാക്ടീസ് ചെയ്യുന്നതിനുളള വൊക്കേഷണല്‍ നഴ്സിങ് ട്രെയിനിങ്ങാണ് പദ്ധതി വഴി ലഭിക്കുന്നത്. ബയോളജി ഉള്‍പ്പെടുന്ന സയന്‍സ് സ്ട്രീമില്‍, പ്ലസ് ടുവിന് കുറഞ്ഞത് 60 ശതമാനം മാര്‍ക്കുണ്ടാകണം. താത്പര്യമുള്ളവര്‍ക്ക് triplewin.norka@kerala.gov.in എന്ന ഇ-മെയില്‍ ഐഡിയിലേക്ക് ഇംഗ്ലിഷില്‍ തയാറാക്കിയ വിശദമായ സി.വി, മോട്ടിവേഷന്‍ ലെറ്റര്‍, ജർമന്‍ ഭാഷായോഗ്യത, മുന്‍പരിചയം (ഓപ്ഷണല്‍), വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകള്‍, മറ്റ് അവശ്യരേഖകളുടെ പകര്‍പ്പുകള്‍ എന്നിവ സഹിതം മാര്‍ച്ച് 21നകം അപേക്ഷ നല്‍കാവുന്നതാണെന്ന് നോര്‍ക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫിസര്‍ (ഇന്‍-ചാര്‍ജ്ജ്) അജിത്ത് കോളശ്ശേരി അറിയിച്ചു.
ജര്‍മന്‍ ഭാഷയില്‍ A2, B1 ലെവല്‍ പാസ്സായവര്‍ക്ക് മുന്‍ഗണന ലഭിക്കും. ആരോഗ്യ മേഖലയിലെ മുന്‍പരിചയം (ഉദാ. ജൂനിയർ റെഡ്ക്രോസ് അംഗത്വം) അധികയോഗ്യതയായി പരിഗണിക്കും. 18നും 27നും ഇടയില്‍ പ്രായമുളള കേരളീയരായ വിദ്യാര്‍ഥികള്‍ക്കാണ് പ്രോഗ്രാമിലേയ്ക്ക് അപേക്ഷിക്കാന്‍ കഴിയുക. കഴിഞ്ഞ 6 മാസമായി ഇന്ത്യയിൽ തുടർച്ചയായി താമസിക്കുന്നവരും, നിര്‍ദ്ദേശിക്കുന്ന സ്ഥലത്ത് ഭാഷാപഠനത്തിന് ഓഫ്‌ലൈൻ ക്ലാസുകളിൽ പങ്കെടുക്കാന്‍ സന്നദ്ധതയുളളവരുമാകണം അപേക്ഷകര്‍.
നോർക്ക റൂട്ട്സും ജർമൻ ഫെഡറൽ എംപ്ലോയ്മെന്റ് ഏജൻസിയും ജർമൻ ഏജൻസി ഫോർ ഇന്‍റർനാഷനൽ കോ-ഓപ്പറേഷനും സംയുക്തമായാണ് ട്രിപ്പിള്‍ വിന്‍ ട്രെയിനി പ്രോഗ്രാം സംഘടിപ്പിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് www.norkaroots.org, www.nifl.norkaroots.org എന്നീ വെബ്സൈറ്റുകള്‍ സന്ദർശിക്കുക. അല്ലെങ്കില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്‍ഡ് കോള്‍ സർവീസ്) ബന്ധപ്പെടാവുന്നതാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല