1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 5, 2023

സ്വന്തം ലേഖകൻ: നോർക്ക വഴി യുകെയിൽ എത്തിച്ചേർന്ന ആരോഗ്യ പ്രവർത്തകരെ സ്വാഗതം ചെയ്യുന്നതിനായി യുകെ നാഷനൽ ഹെൽത്ത് സർവീസ് യോർക്ഷയറിലെ ഹൾ സിറ്റിയിൽ വെച്ച് നടത്തിയ കൂട്ടായാമയുടെ ഉദ്ഘാടനം നോര്‍ക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണന്‍ ഓണ്‍ലൈനായി നിര്‍വഹിച്ചു.

ഇവരുടെ തുടര്‍ന്നുളള ജീവിതത്തിലുടനീളം ഏതു സമയത്തും നോര്‍ക്ക റൂട്ട്സില്‍ നിന്നുളള സേവനം എല്ലാ പ്രവാസികള്‍ക്കുമെന്നപോലെ ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു. ചുരുങ്ങിയകാലംകൊണ്ടാണ് ഈ നേട്ടം കൈവരിക്കാനായതെന്നും ഇത് നോര്‍ക്ക റൂട്ട്സിന്റെ മികവിന്റെ അടയാളപ്പെടുത്തലാണെന്നും പി. ശ്രീരാമകൃഷ്ണന്‍ വ്യക്തമാക്കി.

യുകെ യിലെത്തിയവര്‍ നോര്‍ക്ക റൂട്ട്സിന്റെയും, കേരളത്തിലെ ആരോഗ്യമേഖലയുടേയും, ഇന്ത്യയുടേയും അംബാസിഡര്‍മാര്‍ കൂടിയാണെന്ന ചടങ്ങില്‍ ഓണ്‍ലൈനായി സംബന്ധിച്ച ജനറല്‍ മാനേജര്‍ അജിത്ത് കോളശ്ശേരിയും അഭിപ്രായപ്പെട്ടു. യുകെ യിലേയ്ക്കുളള സീനിയര്‍ കെയറര്‍മാരുടെ റിക്രൂട്ട്മെന്റ് എടുത്തുപറയേണ്ട നേട്ടമാണെന്നും അദ്ദേഹം വ്യക്തമാക്കി. നോർക്ക വഴി യുകെയിൽ എത്തിയ ആരോഗ്യപ്രവർത്തകർ നോർക്കയോടുള്ള നന്ദി രേഖപ്പെടുത്തി. നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റ് മാനേജര്‍ ശ്യാം.ടി.കെ യെ പ്രത്യേകം പേരുപറഞ്ഞു പലരും നന്ദി പറഞ്ഞത് ശ്രദ്ധേയമായി.

യോർക്ക്ഷെയറിലെ ഹൾ സിറ്റിയിൽ നടന്ന ചടങ്ങില്‍ ഓൺലൈനായി നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റ് മാനേജര്‍ ശ്യാം.ടി.കെ, യുകെയില്‍ നിന്നും ചടങ്ങിൽ നാവിഗോ ഡെപ്പ്യൂട്ടി ചീഫ് മൈക്ക് റീവ്, ഇംഗ്ലണ്ടിലെ ഡിപ്പാർട്മെന്റ് ഓഫ് ഹെൽത്ത്‌ ഇന്റർനാഷനൽ വർക്ക്‌ ഫോഴ്സ് മേധാവി മിസ്റ്റർ ഡേവ് ഹവാർത്ത്, ഹമ്പര്‍ ആന്റ് നോര്‍ത്ത് യോക്ക്‌ഷെയര്‍ ഇന്റഗ്രേറ്റഡ് കെയർ ബോർഡ്‌ എക്സിക്യൂട്ടീവ് മെഡിക്കൽ ഡയറക്ടർ ഡോ നൈജൽ വെല്‍സ്, ഇംഗ്ലണ്ടിലെ ഇന്റർനാഷനൽ വർക്ക്‌ ഫോഴ്സ് പോളിസി റിയാൻ വെൽസ്,എന്‍.എച്ച്.എസ്സില്‍ നിന്നും ഡോ.ജോജി കുര്യാക്കോസ്, ഡോ സിവിൻ സാം, ഡോ ജോഹാൻ ഫിലിപ്പ്, വിവിധ ഹോസ്പിറ്റൽ പ്രതിനിധികൾ, ഇന്‍റ്റഗ്രറ്റഡ് കെയര്‍ പാര്‍ട്ണര്‍ഷിപ്പ് പ്രതിനിധികള്‍ യുകെ യിലേക്ക് നോര്‍ക്ക റൂട്ട്സ് വഴി നിയമനം ലഭിച്ച കേരളീയരായ ആരോഗ്യമേഖലയിലെ പ്രൊഫഷണലുകള്‍ എന്നിവരും ചടങ്ങില്‍ സംബന്ധിച്ചു.

മുഖ്യമന്ത്രിയുടെ ലണ്ടൻ സന്ദർശന വേളയിലാണ് ഹംബർ ആൻഡ് നോർത്ത് യോർക്ഷയർ നാഷനൽ ഹെൽത്ത് സർവീസ് ഇന്റഗ്രേറ്റഡ് കെയർ ബോർഡും നോർക്ക റൂട്ട്സുമായി ഉടമ്പടി ഒപ്പു വെച്ചത് .ചുരുങ്ങിയ കാലയളവിനുള്ളിൽ രണ്ടു ജോബ് ഫെയറുകൾ നടത്തുകയും വളരെ സുതാര്യമായി യുകെയിലെ നാഷനൽ ഹെൽത്ത് സർവീസ് ഉദ്യോഗസ്ഥർ കൊച്ചിയിൽ വെച്ച് നേരിട്ട് നടത്തിയ ഇന്റർവ്യൂ വഴി ഇതുവരെ ആരോഗ്യമേഖലയില്‍ നിന്നും വിവിധ സ്പെഷ്യാലിറ്റിയിലേയ്ക്കുളള ഡോക്ടര്‍മാര്‍, നഴ്സുമാര്‍, സീനിയര്‍ കെയറര്‍, ഫിസിയോതെറാപ്പിസ്റ്റ്, ഡയറ്റീഷ്യൻ, റേഡിയോഗ്രാഫർ, ഒക്ക്യൂപേഷണൽ തെറാപ്പിസ്റ്,സോഷ്യല്‍ വര്‍ക്കര്‍മാര്‍ ഉള്‍പ്പെടെ നൂറോളം പേരാണ് യുകെയിലെത്തിയത്. കൂടുതൽ പേർ അടുത്ത മാസങ്ങളിൽ എത്തുമെന്ന് ആശുപത്രി പ്രതിനിധികൾ അറിയിച്ചു. ഈ നവംബറിൽ മൂന്നാമത്തെ റിക്രൂട്ട്മെന്റ് ഫെയർ കൊച്ചിയിൽ നടത്തും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.