സ്വന്തം ലേഖകൻ: നോർക്ക പ്രവാസി തണൽ പദ്ധതിയിൽ സഹായം ലഭിക്കുന്നതിന് രജിസ്ട്രേഷൻ ഇന്നു മുതൽ. നോർക്കയുടെ തിരിച്ചറിയൽ കാർഡുള്ള പ്രവാസികൾക്കും അവരുടെ മക്കൾക്കുമാണ് പദ്ധതികളിൽ അപേക്ഷിക്കാനാകുക.എന്നാൽ നോർക്കയിൽ അംഗത്വമെടുക്കാനും പദ്ധതികൾ ഉപയോഗിക്കാനും പ്രവാസികൾ കാര്യമായി ശ്രദ്ധിക്കുന്നില്ലെന്ന് സാമൂഹിക പ്രവർത്തകർ പറയുന്നു. നിരവധി പദ്ധതികളാണ് പ്രവാസികൾക്കായി നോർക്ക റൂട്ട്സിന് കീഴിലുള്ളത്.
കോവിഡ് മൂലം നാട്ടിലേക്ക് മടങ്ങിയവരിലും മരിച്ചവരിലും നല്ലൊരു ശതമാനം മലയാളികളുണ്ട്. ഇത്തരത്തിൽ വിദേശത്ത് നിന്നോ സ്വദേശത്ത് നിന്നോ കോവിഡ് ബാധിച്ചു മരിച്ച മലയാളികളുടെ അവിവാഹിതരായ പെൺകുട്ടികൾ നോർക്കയുടെ പ്രവാസി തണൽ പദ്ധതിയിൽ സഹായത്തിന് അർഹരാണ്.
കോവിഡ് പ്രതിസന്ധിക്ക് ശേഷം ഇതുവരെ ഖത്തറിൽ നിന്ന് നാട്ടിലേക്ക് മടങ്ങിയത് 70,000ത്തിൽ അധികം ഇന്ത്യക്കാരാണെന്ന് ഇന്ത്യൻ അംബാസഡർ ഡോ. ദീപക് മിത്തൽ അറിയിച്ചു. വന്ദേഭാരത്, വിവിധ ചാർട്ടേഡ് വിമാനങ്ങൾ വഴിയും നിലവിലുള്ള എയർബബ്ൾ കരാർ അനുസരിച്ച് സർവിസ് നടത്തുന്ന വിമാനങ്ങൾ വഴിയും ഇന്ത്യയിലേക്ക് മടങ്ങിയവരാണിവർ.
കോവിഡ് മൂലം എത്ര ഇന്ത്യക്കാർ മരിച്ചു എന്ന കൃത്യമായ കണക്കുകൾ ലഭ്യമല്ല. ഈ മാസങ്ങളിൽ 200ലധികം ഇന്ത്യക്കാർ മരിച്ചിട്ടുണ്ടെങ്കിലും ഇത് കോവിഡ് മൂലം മാത്രമുള്ള മരണങ്ങളല്ല. കേരള സർക്കാറിെൻറ സർവേ പ്രകാരം 22 ലക്ഷം മലയാളികളാണ് വിദേശരാജ്യങ്ങളിൽ തൊഴിലെടുക്കുന്നത്. ഇതിൽ 90 ശതമാനം പേരും ഖത്തർ, സൗദി അറേബ്യ, കുവൈത്ത്, യുഎഇ, ഒമാൻ, ബഹ്റൈൻ എന്നീ രാജ്യങ്ങളിലാണുള്ളത്.
പ്രവാസികളുടെ എണ്ണം ഇത്രമാത്രം ഉള്ളതിനാലാണ് 1996 ഡിസംബർ ആറിന് സംസ്ഥാന സർക്കാർ നോർക്ക രൂപവത്കരിച്ചത്. ഡിപ്പാർട്മെൻറ് ഒാഫ് നോൺ റെസിഡൻറ് കേരളൈറ്റ്സ് അഫയേഴ്സ് എന്നതിെൻറ ചുരുക്കപ്പേരാണ് NORKA എന്നത്. ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളിലോ മറ്റ് രാജ്യങ്ങളിലോ ജോലി ചെയ്യുന്ന മലയാളികളുടെ വിവിധ പ്രശ്നങ്ങൾ പരിഹരിക്കുകയെന്നതാണ് നോർക്ക കൊണ്ട് ഉദ്ദേശിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല