1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 11, 2022

സ്വന്തം ലേഖകൻ: പ്രവാസജീവിതത്തിനു ശേഷം നാട്ടിൽ തിരിച്ചെത്തുന്ന പ്രവാസികൾക്ക് സംരംഭം തുടങ്ങുന്നതിനുള്ള സഹായ പദ്ധതിയാണ് നോർക്ക റൂട്ട്‌സ് നടപ്പാക്കുന്ന നോർക്ക ഡിപ്പാർട്ടുമെന്റ് പ്രോജക്ട് ഫോർ റിട്ടേൺഡ് എമിഗ്രന്റ്‌സ് (NDPREM). ഈ സംരംഭകത്വ സഹായ പദ്ധതിയിൽ 30 ലക്ഷം രൂപ വരെ മുതൽമുടക്കുള്ള പദ്ധതികൾക്കാണ് സഹായം നൽകുന്നത്. NDPREM പദ്ധതി പ്രകാരം 5200 പുതിയ സംരംഭങ്ങളാണ് സംസ്ഥാനത്ത് തുടക്കമിട്ടത്. ഇതിലേക്കായി 81.91 കോടി രൂപയാണ് അനുവദിച്ചത്. 2021-2022 സാമ്പത്തികവർഷം 800 പുതു സംരംഭങ്ങൾ തുടങ്ങി. ഇതിനായി 15.57 കോടി രൂപയാണ് നൽകിയത്.

കുറഞ്ഞത് രണ്ടു വർഷം വിദേശത്ത് ജോലി ചെയ്ത ശേഷം മടങ്ങിയെത്തി നാട്ടിൽ സ്ഥിരതാമസമാക്കിയവർക്ക് ഈ പദ്ധതിയിലേക്ക് അപേക്ഷിക്കാം. 17 ധനകാര്യ സ്ഥാപനങ്ങൾ വഴി ലഭ്യമാക്കുന്ന സഹായ പദ്ധതിയിൽ 15 ശതമാനം മൂലധന സബ്സിഡിയും, മൂന്നുശതമാനം പലിശ സബ്സിഡിയും നോർക്ക റൂട്ട്സ് പ്രവാസി സംരംഭകർക്ക് നൽകുന്നുണ്ട്. പരമാവധി മൂന്നു ലക്ഷം രൂപവരെയാണ് മൂലധന സബ്‌സിഡി. ആദ്യ നാലു വർഷം കൃത്യമായി തിരിച്ചടയ്ക്കുന്നവർക്ക് പലിശ സബ്‌സിഡി ലഭിക്കും.

വിദേശവാസത്തിനു ശേഷം തിരിച്ചെത്തുന്ന പലർക്കും നാട്ടിലെ സാധ്യതകളെ കുറിച്ച് വ്യക്തമായ ധാരണയുണ്ടായിരിക്കില്ല. അത്തരക്കാർക്ക് വ്യക്തമായ മാർഗ്ഗനിർദ്ദേശം നൽകാനും NDPREM പദ്ധതിയിൽ അവസരമുണ്ട്. കേരള സർക്കാർ സ്ഥാപനമായ സെന്റർ ഫോർ മാനേജ്മെന്റ് ഡവലപ്‌മെന്റിന്റെ വിദഗ്ദ്ധ മേൽനോട്ടം ഇക്കാര്യത്തിൽ സംരംഭകർക്ക് ലഭിക്കും. കാർഷിക മേഖല, സേവനമേഖല, നിർമാണ മേഖല, വ്യാപാരമേഖല തുടങ്ങിയവയ്ക്കു പുറമെ ഐ.ടി, സ്റ്റാർട്ടപ്പ് മിഷൻ തുടങ്ങിയവയുമായി സഹകരിച്ച് പുതുതലമുറ സംരംഭങ്ങളും പ്രവാസികൾക്ക് തെരഞ്ഞെടുക്കാൻ അവസരമുണ്ട്.

www.norkaroots.org എന്ന നോർക്ക റൂട്ടസിന്റെ വെബ്‌സൈറ്റ് വഴി പദ്ധതിയിലേക്ക് ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. പദ്ധതി പിന്തുണയും മറ്റും തീർത്തും സൗജന്യമാണ്. വിശദാംശങ്ങൾക്ക് 0471 2329738/04712770511 എന്നീ നമ്പരുകളിലോ 1800 425 3939 എന്ന ടോൾ ഫ്രീ നമ്പരിലോ ബന്ധപ്പെടാവുന്നതാണ്. കേരളത്തിലേക്ക് മടങ്ങിയെത്തുന്ന പ്രവാസികൾക്ക് കോവിഡാനന്തര സാഹചര്യം പോലുള്ള പ്രതിസന്ധികൾ കൈത്താങ്ങാണ് NDPREM പദ്ധതി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.