
സ്വന്തം ലേഖകൻ: പ്രവാസിസ്ത്രീകളുടെ രക്ഷയ്ക്കായി നോർക്ക റൂട്ട്‌സിന്റെ വനിതാസെൽ പൂർണ സജ്ജമായി. വീസ, പാസ്പോർട്ട് സംബന്ധമായ പ്രശ്‌നങ്ങൾ, നാട്ടിലേക്ക് മടങ്ങൽ, തൊഴിൽ കരാർലംഘനങ്ങൾ, വേതനം സംബന്ധിച്ച തൊഴിലിടങ്ങളിലെ തർക്കങ്ങൾ തുടങ്ങിയ പ്രശ്നങ്ങൾക്ക് 24 മണിക്കൂറും സേവനം ലഭിക്കും. പരാതിക്കാരുടെ സ്വകാര്യതയും ഉറപ്പാക്കും.
2018-ൽ ലോക കേരളസഭയുടെ നിർദേശപ്രകാരമാണ് പ്രവാസിവനിതകളുടെ തൊഴിൽപ്രശ്‌നങ്ങൾ പരിഹരിക്കാനായി വനിതാസെൽ എന്ന ആശയത്തിന് തുടക്കമിട്ടത്. എന്നാൽ കഴിഞ്ഞ മൂന്നുമാസത്തിടെയാണ് സെല്ലിന്റെ പ്രവർത്തനം പൂർണനിലയിൽ സജ്ജമായത്. ഇക്കാലയളവിൽ 26 പരാതികളാണ് ലഭിച്ചത്. ഇതിൽ 11 പേരെ തൊഴിൽ പ്രശ്‌നങ്ങൾ പരിഹരിച്ച് നാട്ടിലെത്തിക്കാനായി.
രണ്ട് പരാതികൾ കുടുംബപ്രശ്‌നങ്ങളായിരുന്നു. ഇത് വനിതാസെല്ലിന്റെ പരിധിയിൽപ്പെടുന്നതല്ല. കൗൺസിലിങ്ങോ നിയമസഹായമോ വേണ്ടതാണെങ്കിൽ അതുമായി ബന്ധപ്പെട്ടവരുടെ വിവരങ്ങളും സെല്ലിൽനിന്ന് കൈമാറാറുണ്ട്. മൂന്ന് പരാതികളിൽ നടപടി തുടരുന്നുണ്ട്. ബാക്കി 10 പരാതികൾ തുടർ പ്രതികരണമില്ലാത്തവയാണ്. പരാതി നൽകിയവരിൽ പലരും പിന്നീട് ഇതുമായി മുന്നോട്ടുപോകാൻ തയ്യാറാവാത്തതിനാൽ നടപടികളെടുക്കാനാവുന്നതില്ലെന്നതാണ് സെൽ നേരിടുന്ന പ്രശ്‌നം.
എംബസിക്കൊപ്പം പ്രവാസി സംഘടനകളുടെയും ലോക കേരളസഭ അംഗങ്ങളുടെയും ഇടപെടലുകളാണ് പരാതിക്കാരെ കണ്ടെത്തി നടപടി സ്വീകരിക്കാൻ വനിതാസെല്ലിന് സഹായകരമാവുന്നത്.
പരാതികളിൽ കൂടുതലും പാസ്‌പോർട്ട്, വീസ തുടങ്ങിയ അവശ്യരേഖകളില്ലാതെ വിദേശത്ത് പെട്ടുപോവുന്ന സ്ത്രീകളുടേതാണ്. വേതനം നൽകാത്തതും തൊഴിലിടങ്ങളിലെ മാനസിക, ശാരീരിക പീഡനങ്ങളുമെല്ലാം പരാതിയായി എത്താറുണ്ട്. വിദേശത്ത് പോകുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് വനിതാസെല്ലിന്റെ നേതൃത്വത്തിൽ ബോധവത്കരണ പരിപാടികൾ നടത്താനും ആലോചനയുണ്ട്.
എങ്ങനെ പരാതി നൽകാം
പ്രശ്‌നങ്ങൾ നേരിടുന്ന സ്ത്രീകൾക്കോ അവരുടെ പ്രതിനിധികൾക്കോ നോർക്ക വനിതാസെൽ ഹെൽപ്പ്‌ലൈനുമായി 24 മണിക്കൂറും ബന്ധപ്പെടാം. നോർക്ക ഗ്ലോബൽ കോൺടാക്ട് സെന്ററിന്റെ ടോൾ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയിൽനിന്ന്) +91-8802012345 (വിദേശത്തുനിന്ന്, മിസ്‌ഡ് കോൾ സർവീസ്) എന്നിവയിലൂടെയും womencell.norka@kerala.gov.in എന്ന ഇ-മെയിൽ മുഖേനയും പരാതി നൽകാം. കൂടാതെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ, നോർക്ക റൂട്ട്സ്, തൈക്കാട്, തിരുവനന്തപുരം എന്ന വിലാസത്തിൽ തപാലായും പരാതി കൈമാറാം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല