
സ്വന്തം ലേഖകൻ: നോർക്ക യുകെ കരിയർ ഫെയറിന്റെ ആദ്യഘട്ട റിക്രൂട്ട്മെന്റിൽ തിരഞ്ഞെടുക്കപ്പെട്ട സീനിയര്‍ കെയർ സപ്പോര്‍ട്ട് വർക്കർമാർ ജൂൺ 19 ന് യുകെയിൽ എത്തും. ആദ്യ സംഘത്തിന് യുകെയിലെക്കുള്ള വിമാന ടിക്കറ്റുകൾ നോർക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയർമാൻ പി. ശ്രീരാമകൃഷ്ണൻ കൈമാറി. തൈയ്ക്കാട് നോർക്ക സെന്ററിൽ നടന്ന ചടങ്ങിലാണ് ടിക്കറ്റുകൾ കൈമാറിയത്. കൊച്ചിയിൽ നിന്നും ദോഹ വഴിയാണ് ഇവർ യുകെയിലേക്ക് എത്തുക.
ലക്ഷങ്ങൾ ചെലവുവരുന്നതും സ്വകാര്യറിക്രൂട്ടിങ് ഏജൻസികളുടെ ചൂഷണത്തിന് വിധേയമാകുന്നതുമായിരുന്നു യുകെയിലേക്കുള്ള സീനിയർ കെയർ സപ്പോര്‍ട്ട് വർക്കർമാരുടെ റിക്രൂട്ട്മെന്റ്. അത്തരമൊരു സാഹചര്യത്തിലാണ് പൂർണ്ണമായും സൗജന്യവും ആധികാരികവുമായ രീതിയിൽ നോർക്ക റൂട്ട്സ് വഴി റിക്രൂട്ട്മെന്റ് സാധ്യമായതെന്ന് പി. ശ്രീരാമകൃഷ്ണൻ പറഞ്ഞു. ഇത് നോർക്ക റൂട്ട്സിനെ സംബന്ധിച്ചിടത്തോളം വലിയ ചുവടുവയ്പ്പാണെന്നും ശ്രീരാമകൃഷ്ണൻ കൂട്ടിച്ചേർത്തു.
ടിക്കറ്റ് കൈമാറ്റ ചടങ്ങിൽ നോർക്ക റൂട്ട്സ് സി.ഇ.ഒ ഹരികൃഷ്ണൻ നമ്പൂതിരി.കെ, ജനറൽ മാനേജർ അജിത്ത് കോളശ്ശേരി റിക്രൂട്ട്മെന്റ് വിഭാഗം ജീവനക്കാർ എന്നിവർ സംബന്ധിച്ചു. ഫേബാ മറിയം സണ്ണി, ലിസ ചിന്നമ്മ ലീലാംബിക, അര്‍ച്ചന ബേബി, ഹെന്ന രാജന്‍, സൂരജ് ദയാനന്ദന്‍ എന്നിവരാണ് യുകെയിലേക്ക് തിരിക്കുന്ന ആദ്യ സംഘത്തിലെ സീനിയര്‍ കെയർ സപ്പോര്‍ട്ട് വർക്കർമാർ. നോർക്ക വഴി ജോലി ലഭിച്ച നഴ്സുമാരുടെ സംഘം നേരത്തെ യുകെയിൽ എത്തിയിരുന്നു.
അടുത്ത നോർക്ക റൂട്ട്സ് യുകെ കരിയർ ഫെയർ 2023 നവംബർ 21 മുതൽ 25 വരെയുള്ള തീയതികളിൽ കൊച്ചിയിൽ നടക്കും. യുകെയിലെ ആരോഗ്യമേഖലയിലെ തൊഴിലുടമകളെ ഒരുമിപ്പിച്ച് കേരളത്തിൽ നിന്നുള്ള ഹെൽത്ത് കെയർ പ്രൊഫഷണലുകളെ റിക്രൂട്ട് ചെയ്യുന്നതാണ് മേള. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് നോർക്ക റൂട്ട്‌സ് വെബ്‌സൈറ്റ് വഴി മേളയിലേക്ക് അപേക്ഷിക്കാൻ കഴിയുമെന്ന് നോർക്ക റൂട്ട്സ് അധികൃതർ പറഞ്ഞു.
ഹെൽത്ത് കെയർ മേഖലയിൽ ജോലി കണ്ടെത്താനുള്ള മികച്ച അവസരമാണ് കേരളത്തിൽ നിന്നുള്ള ആരോഗ്യ പ്രവർത്തകർക്ക് യുകെ റിക്രൂട്ട്മെന്റ് ഫെയർ. നഴ്‌സിങ്, മെഡിസിൻ, അനുബന്ധ ആരോഗ്യ മേഖലയിലെ ഒഴിവുകൾ തുടങ്ങി വിവിധ വിഭാഗങ്ങളിൽ വൈവിധ്യമാർന്ന തൊഴിലവസരങ്ങൾ ഫെയർ വാഗ്ദാനം ചെയ്യുന്നുണ്ട്. മേളയിൽ പങ്കെടുക്കാൻ താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ മുൻകൂട്ടി അപേക്ഷ നൽകേണ്ടതുണ്ട്.
സീനിയർ കെയർ ഒഴിവിലേക്ക് ഉള്ള ഒഴിവിൽ 264 പേരും സോഷ്യൽ വർക്കർ ഒഴിവിൽ 111 പേരുമാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇതു സംബന്ധിച്ച ലിസ്റ്റ് നോർക്ക റൂട്ട്സ് വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് നോർക്ക റൂട്ട്സിന്റെ വെബ്സൈറ്റ് ലിങ്ക് പരിശോധിക്കുക:
https://nifl.norkaroots.org/uk-careers-fayre-updated-list-of-senior-support-workers-social-workers/
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല