സ്വന്തം ലേഖകന്‍: ഇരു കൊറിയകള്‍ക്കും ഇടയില്‍ ഇനി ഹോട്ട്‌ലൈന്‍; നയതന്ത്ര ചര്‍ച്ചകള്‍ക്കായി ടെലിഫോണ്‍ ബന്ധം സ്ഥാപിച്ചു. ഉത്തര, ദക്ഷിണ കൊറിയകളുടെ ഉച്ചകോടിക്കു മുന്നോടിയായായാണ് ചരിത്രത്തിലാദ്യമായി നേതാക്കള്‍ തമ്മില്‍ ഹോട്ട്‌ലൈന്‍ ബന്ധം നിലവില്‍ വരുന്നത്. ദക്ഷിണ കൊറിയ പ്രസിഡന്റിന്റെ വസതിയായ ബ്ലൂ ഹൗസും ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്‍ അധ്യക്ഷനായുള്ള സ്റ്റേറ്റ് അഫയേഴ്‌സ് കമ്മിഷനും തമ്മിലാണു പുതിയ ടെലിഫോണ്‍ ബന്ധം സ്ഥാപിച്ചത്.
കഴിഞ്ഞ ദിവസം ഉദ്യോഗസ്ഥര്‍ തമ്മില്‍ ‘ടെസ്റ്റ് കോളും’ കഴിഞ്ഞു. സൗഹൃദവിളി നാലു മിനിറ്റും 19 സെക്കന്‍ഡും നീണ്ടെന്നും തൊട്ടപ്പുറത്തെ മുറിയില്‍നിന്നാണു മറുപടി വരുന്നതെന്നു തോന്നിക്കുന്ന ഒന്നാന്തരം കണക്ഷനാണെന്നും ദക്ഷിണ കൊറിയ ഉന്നത ഉദ്യോഗസ്ഥന്‍ മാധ്യമ സമ്മേളനത്തില്‍ അറിയിച്ചു. അടുത്ത വെള്ളിയാഴ്ച ഉച്ചകോടി നടക്കുന്ന അതിര്‍ത്തി ഗ്രാമമായ പാന്‍മുന്‍ജോമില്‍ കഴിഞ്ഞ ജനുവരിയില്‍ ഹോട്ട്‌ലൈന്‍ സംവിധാനം പുനഃസ്ഥാപിച്ചിരുന്നു.
ലോകം മുഴുവന്‍ ഉറ്റുനോക്കുന്ന ഉച്ചകോടിക്കു മുന്‍പായി കിം ജോങ് ഉന്നും ദക്ഷിണ കൊറിയ പ്രസിഡന്റ് മൂണ്‍ ജേ ഇന്നും ഒരു തവണയെങ്കിലും പുതിയ ഓഫിസ് ഹോട്ട്‌ലൈനില്‍ ബന്ധപ്പെടുമെന്നാണു കരുതുന്നത്. കൊറിയന്‍ നേതാക്കള്‍ തമ്മിലുള്ള ആദ്യത്തെ ടെലിഫോണ്‍ സംഭാഷണമായിരിക്കുമത്. ഉച്ചകോടിക്കു ശേഷം ഹോട്ട്‌ലൈന്‍ നിലനിര്‍ത്തി ബന്ധം വീണ്ടും മെച്ചപ്പെടുത്താനാകും ശ്രമെന്നാണ് ദഷിണ കൊറിയന്‍ അധികൃതര്‍ നല്‍കുന്ന സൂചന.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല