സ്വന്തം ലേഖകൻ: നോർത്ത് ഈസ്റ്റ് ഇംഗ്ലണ്ടിൽ ലോക്ക്ഡൌൺ നിലവിൽ വന്നു. ഇതോടെ ആളുകള്‍ക്ക് മറ്റ് കുടുംബങ്ങളില്‍ പെട്ടവരെ ഔട്ട്ഡോറില് കണ്ടുമുട്ടുന്നതിന് നിരോധനമുണ്ട്. ലങ്കാഷയറും കര്‍ശനമായ വിലക്കുകളിലേക്ക് നീങ്ങുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഇതോടെ യുകെയില്‍ 10 മില്ല്യണില്‍ ഏറെ ജനങ്ങള്‍ ലോക്ക്ഡൗണിലായി. നോര്‍ത്തംബര്‍ലാന്‍ഡ്, നോര്‍ത്ത് ടൈനിസൈഡ്, സൗത്ത് ടൈനിസൈഡ്, ന്യൂകാസില്‍ അപ്പോണ്‍ ടൈന്, ഗേറ്റ്ഷെഡ്, സണ്ടര്‍ലാന്‍ഡ് & കൗണ്ടി ഡുര്‍ഹാം എന്നിവിടങ്ങളിലാണ് ഒടുവിലായി വിലക്കുകള്‍ പ്രാബല്യത്തില്‍ വന്നിരിക്കുന്നത്.
സ്വന്തം കുടുംബങ്ങള്‍ക്ക് പുറത്തുള്ളവരുമായി ഈ മേഖലയിലുള്ളവര്‍ സമ്പര്‍ക്കത്തില്‍ വരുന്നതിനാണ് വിലക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. ഭക്ഷ്യ, പാനീയ വേദികളില്‍ ടേബിള്‍ സര്‍വ്വീസ് മാത്രമാണ് ലഭിക്കുക. കൂടാതെ എല്ലാ പബ്ബും, ബാറും, റെസ്റ്റൊറന്റുകളും രാത്രി 10 മണിക്ക് അടച്ചിടും. സ്കോട്ട്ലണ്ടിന്റെ ചില ഭാഗങ്ങളും, സൗത്ത് വെയില്‍സ്, നോര്ത്ത്വെസ്റ്റ് ഇംഗ്ലണ്ട്, യോര്‍ക്ക്ഷയര്‍, മിഡ്ലാന്‍ഡ്സ് എന്നിവിടങ്ങളിലാണ് കര്‍ശനമായ വിലക്കുകള്‍ നിലനില്‍ക്കുന്നത്.
ഇതിന് പിന്നാലെ ലങ്കാഷയറിലും സമാനമായ വിലക്കുകള്‍ പ്രഖ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഹെല്‍ത്ത് സെക്രട്ടറി ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തുമെന്നാണ് കരുതുന്നത്. അവശ്യ യാത്രകള്‍ക്ക് മാത്രമാണ് പബ്ലിക് ട്രാന്‍സ്പോര്‍ട്ട് സംവിധാനങ്ങള്‍ ഉപയോഗിക്കേണ്ടതെന്നാണ് ജനങ്ങള്‍ക്ക് നല്കുന്ന നിര്‍ദ്ദേശം. അതേസമയം മറ്റ് കുടുംബങ്ങളില്‍ ഉള്ളവരുമായി സമ്പര്‍ക്കത്തില്‍ വരുന്നതിനോ, പബ്ബുകളും, ബാറും രാത്രി 10 മണിക്ക് അടക്കാനോ നിര്‍ദ്ദേശം ഉണ്ടാകില്ലെന്നാണ് റിപ്പോര്‍ട്ട്.
ബറോകളായ പ്രെസ്റ്റണ്, ലങ്കാസ്റ്റര്‍, വൈര്‍, ഫ്ളൈഡ്, ഷോര്‍ലി, സൗത്ത് റിബ്ബിള്‍, വെസ്റ്റ് ലങ്കാഷയര്‍, റിബ്ബിള്‍ വാലി, ബ്ലാക്ക്ബേണ്‍ വിത്ത് ഡാര്‍വെന്‍, ബേണ്‍ലി, പെന്ഡില്, ഹിന്‍ഡ്ബേണ്‍, റോസെന്ഡെയില് എന്നിവിടങ്ങളില്‍ ഇത് പ്രാബല്യത്തില്‍ വരും. മേഴ്സിസൈഡിലും, ലീഡ്സിലും സമാനമായ വിലക്കുകള്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ആശങ്കാജനകമായ ഇന്ഫെക്ഷന് നിരക്ക് പരിഗണിച്ചാണ് നോര്‍ത്ത് ഈസ്റ്റില്‍ വിലക്കെന്ന് മാറ്റ് ഹാന്‍കോക് വ്യക്തമാക്കി.
കോവിഡ് വ്യാപനം തടയുന്നതിനായി വടക്കുകിഴക്കൻ ഇംഗ്ലണ്ടിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ. കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ പബ്ബുകൾക്കും റസ്റ്റാറൻറുകൾക്കും രാത്രി 10 മുതൽ കർഫ്യൂ ഏർപ്പെടുത്തുന്ന കാര്യം സർക്കാർ പരിഗണിക്കുന്നതായുള്ള റിപ്പോർട്ടുകൾക്കിടയിലാണ് ജോൺസെൻറ പ്രസ്താവന.
പിന്നീട് ശക്തമായ ലോക്ഡൗൺ കൊണ്ടുവരുന്നതിനേക്കാൾ നല്ലത് ഇപ്പോൾ നിയന്ത്രണം കടുപ്പിക്കുന്നതാണെന്ന് പ്രാദേശിക അധികൃതർ അഭിപ്രായപ്പെട്ടിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല