
സ്വന്തം ലേഖകൻ: കടുത്ത തണുപ്പില്‍ വിറങ്ങലിച്ച് ഡല്‍ഹിയും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളും. 5.3 ഡിഗ്രി സെല്‍ഷ്യസാണ് ഡല്‍ഹിയില്‍ ഇന്ന് രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ താപനില. ഹരിയാന, പഞ്ചാബ്, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ മൂന്നിനും ഏഴ് ഡിഗ്രി സെല്‍ഷ്യസിനുമിടയിലാണ് കുറഞ്ഞ താപനില. മൂടല്‍ മഞ്ഞിനെ തുടര്‍ന്ന് 318 ട്രെയിനുകള്‍ റദ്ദാക്കി. ശീതതരംഗം അടുത്ത മൂന്ന് ദിവസം വരെ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
കഴിഞ്ഞ എട്ട് വര്‍ഷത്തെ ഏറ്റവും തണുപ്പേറിയ ക്രിസ്മസ് രാത്രിയാണ് ഡല്‍ഹിയില്‍ കടന്നു പോയത്. കൊടും തണുപ്പിലും ശീത തരംഗത്തിലും വിറങ്ങലിച്ചാണ് ഡല്‍ഹിയും ഹരിയാന, പഞ്ചാബ്, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ് തുടങ്ങിയ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളും ഉണര്‍ന്നത്. കനത്ത മുടല്‍ മഞ്ഞ് കാഴ്ചാ പരിധി കുറച്ചതോടെ പലയിടങ്ങളിലും റോഡ്, റെയില്‍ ഗതാഗതം തടസ്സപ്പെട്ടു. 284 ട്രെയിനുകള്‍ പൂര്‍ണമായും 34 ട്രെയിനുകള്‍ ഭാഗികമായും റദ്ദാക്കി. 19 ട്രെയിനുകളുടെ സമയം മാറ്റിയതായും 24 ട്രെയിനുകളുടെ റൂട്ട് മാറ്റിയതായും റെയില്‍വേ അറിയിച്ചു.
ഡല്‍ഹി ഹരിയാന, പഞ്ചാബ്, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ സാധാരണ താപനിലയേക്കാള്‍ മൂന്ന് ഡിഗ്രി സെല്‍ഷ്യസ് കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഏറ്റവും കൂടിയ ശരാശരി താപനില 20 ഡിഗ്രിയില്‍ നിന്ന് 16.5 ഡിഗ്രി സെല്‍ഷ്യസിലേക്ക് കുറഞ്ഞു. രാജസ്ഥാനിലെ ചുരുവില്‍ താപനില പൂജ്യം ഡിഗ്രി സെല്‍ഷ്യസിലെത്തി. കശ്മീരില്‍ ശൈത്യം മൈനസ് ഡിഗ്രിയിലേക്കെത്തി. മൈനസ് അഞ്ച് ഡിഗ്രി സെല്‍ഷ്യസാണ് ശ്രീനഗറിലെ ഏറ്റവും കുറഞ്ഞ താപനില.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല