സ്വന്തം ലേഖകന്‍: അമേരിക്കയേയും ട്രംപിനേയും വെല്ലുവിളിച്ച് ഉത്തര കൊറിയയുടെ കൂറ്റന്‍ സൈനിക പരേഡ്, ആറാം അണുബോംബ് പരീക്ഷണത്തിന് ഒരുങ്ങുന്നതായി സൂചന. രാഷ്ട്ര പിതാവായ കിം ഇല്‍ സുങ്ങിന്റെ 105 മത് ജന്മവാര്‍ഷിക ദിനത്തില്‍ പ്യോങ്യാങ്ങിലെ അദ്ദേഹത്തിന്റെ പേരിലുള്ള ചത്വരത്തില്‍ സംഘടിപ്പിച്ച റാലിയാണ് യുഎസിനെതിരായ യുദ്ധ പ്രഖ്യാപനവും ലോകത്തിനു മുന്നില്‍ ഉത്തര കൊറിയയുടെ ശക്തി പ്രകടനവുമായി മാറിയത്.
ഏതു തരത്തിലുള്ള ആണവായുധ ആക്രമണങ്ങള്‍ക്കെതിരെയും സമാന രീതിയില്‍ തിരിച്ചടി നല്‍കുമെന്ന് രാജ്യത്തെ രണ്ടാമത്തെ ശക്തനായ ഉദ്യോഗസ്ഥനായ ചോ ര്യോങ് ഹെ മുന്നറിയിപ്പു നല്‍കി. ആയിരക്കണക്കിന് സൈനികര്‍ അണിനിരന്ന പരേഡില്‍ ലോകം ഇതുവരെ കാണാത്ത തരത്തിലുള്ള മിസൈലുകളും അത്യാധുനിക ആയുധങ്ങളും പ്രദര്‍ശിപ്പിച്ചതായി ദക്ഷിണ കൊറിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
യുദ്ധക്കപ്പലുകളില്‍നിന്ന് വിക്ഷേപിക്കാന്‍ കഴിയുന്നതും കരയില്‍ നിന്ന് വിക്ഷേപിക്കാന്‍ കഴിയുന്നതുമായ മിസൈലുകളും, കടലില്‍നിന്ന് വിക്ഷേപിക്കാവുന്ന 1,000 കി.മീറ്റര്‍ പരിധിയുള്ള മിസൈലുകളും, ഉപഗ്രഹങ്ങളുടെ കണ്ണുവെട്ടിച്ച് ആക്രമണം നടത്താന്‍ കഴിയുള്ള, ഖരരൂപത്തിലുള്ള ഇന്ധനം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന, മിസൈലുകളും പ്രദര്‍ശിപ്പിച്ചു. ഈ മിസൈലുകളില്‍ പലതും അമേരിക്കവരെ പറന്നെത്തി ആക്രമണം നടത്താന്‍ ശേഷിയുള്ളവയാണ്.
പതിവിനു വിരുദ്ധമായി ഇത്തവണ പരേഡില്‍ ചൈനീസ് പ്രതിനിധികളാരും പങ്കെടുക്കാത്തതും ശ്രദ്ധേയമായി. ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നിന്റെ മിസൈല്‍ പരീക്ഷണങ്ങള്‍ തടയാന്‍ കൊറിയന്‍ തീരത്ത് ട്രംപ് യു.എസ് യുദ്ധക്കപ്പലുകള്‍ വിന്യസിച്ചതോടെയാണ് മേഖലയില്‍ യുദ്ധസമാനമായ സാഹചര്യം ഉടലെടുത്തത്. യുഎസും ഉത്തര കൊറിയയും തമ്മില്‍ ഏതുനിമിഷവും സംഘര്‍ഷം പൊട്ടിപ്പുറപ്പെടാമെന്നും യുദ്ധമുണ്ടായാല്‍ കനത്ത വില നല്‍കേണ്ടിവരുമെന്നും ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി മുന്നറിയിപ്പു നല്‍കിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല