സ്വന്തം ലേഖകന്‍: ദക്ഷിണ കൊറിയയില്‍ യുഎസ് വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സുമായുള്ള കൂടിക്കാഴ്ച ഉത്തര കൊറിയ അവസാന നിമിഷം റദ്ദാക്കിയതായി വെളിപ്പെടുത്തല്‍. വിന്റര്‍ ഒളിന്പിക്‌സില്‍ പങ്കെടുക്കാന്‍ ദക്ഷിണകൊറിയയിലെത്തിയ യുഎസ് വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സും ഉത്തരകൊറിയയുടെ ഉന്നതതല പ്രതിനിധി സംഘവും തമ്മില്‍ രഹസ്യ കൂടിക്കാഴ്ച നിശ്ചയിച്ചിരുന്നുവെന്നും അവസാനനിമിഷം ഉത്തരകൊറിയ പിന്മാറുകയായിരുന്നു എന്നുമാണ് വെളിപ്പെടുത്തല്‍.
സഹോദരി കിം യോ യോംഗിനെ തന്റെ പ്രത്യേക പ്രതിനിധിയായി ഉത്തരകൊറിയന്‍ ഏകാധിപതി കിംജോംഗ് ഉന്‍ വിന്റര്‍ ഒളിന്പിക്‌സ് ഉദ്ഘാടനത്തിന് അയച്ചിരുന്നു. ഇതിനു പുറമേ ഉത്തരകൊറിയന്‍ രാഷ്ട്രത്തലവവന്‍ കിം യോംഗ് നാമും ഉത്തരകൊറിയന്‍ സംഘത്തിലുണ്ടായിരുന്നു. ഫെബ്രുവരി ഒന്പതിലെ ഉദ്ഘാടനച്ചടങ്ങില്‍ പെന്‍സിന്റെ സീറ്റില്‍ നിന്ന് ഏതാനും അടി അകലെ ഇരുന്ന ഇവരെ കണ്ടതായിപ്പോലും പെന്‍സ് ഭാവിച്ചില്ല.
എന്നാല്‍ പിറ്റേന്ന് ഉത്തരകൊറിയന്‍ നേതാക്കളും പെന്‍സുമായി രഹസ്യകൂടിക്കാഴ്ചയ്ക്ക് യുഎസ് ഉദ്യോഗസ്ഥര്‍ ഏര്‍പ്പാടു ചെയ്തു. കൂടിക്കാഴ്ചയ്ക്കു നിശ്ചയിച്ചിരുന്ന സമയത്തിനു രണ്ടുമണിക്കൂര്‍ മുന്പ് ഉത്തരകൊറിയന്‍ സംഘം പിന്മാറുകയായിരുന്നുവെന്നു പെന്‍സിന്റെ വക്താവ് അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല