സ്വന്തം ലേഖകന്‍: ഉത്തര കൊറിയ ബുധനാഴ്ച നടത്തിയ ദീര്‍ഘദൂര ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണം ദേശീയ ആഘോഷമായി കിം ജോംഗ് ഉന്‍. മിസൈല്‍ പരീക്ഷണം രാജ്യം ആഘോഷിച്ചെന്നു പ്യോങ്യാങ്ങിലെ സര്‍ക്കാര്‍ വാര്‍ത്താ ഏജന്‍സി ശനിയാഴ്ച പുറത്തുവിട്ട വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. രാജ്യത്തെ പ്രധാന നഗരങ്ങളില്‍ നൃത്തം ചെയ്തും പടക്കം പൊട്ടിച്ചുമാണ് ജനങ്ങള്‍ ആഘോഷത്തില്‍ പങ്കെടുത്തത്.
സര്‍ക്കാര്‍ മുഖപത്രമായ റോഡങ് സിന്‍മന്‍ ഒന്നാം പേജില്‍ ബഹുവര്‍ണ ചിത്രങ്ങളോടെയാണ് വാര്‍ത്ത പ്രസിദ്ധീകരിച്ചത്. ചിത്രങ്ങളില്‍ ജനങ്ങളും സൈനികരും കയ്യടിച്ച് ആഘോഷിക്കുന്നതു കാണാം. 50 മിനിട്ട് പറന്ന മിസൈല്‍ ജപ്പാന്റെ പ്രത്യേക സാമ്പത്തിക മേഖലയിലെ കടലിലാണു പതിച്ചത്. ഉത്തര കൊറിയന്‍ തലസ്ഥാനമായ പ്യോങ്യാങ്ങിലെ പ്യോങ്‌സോങ്ങില്‍നിന്നാണു മിസൈല്‍ വിക്ഷേപിച്ചത്.
ഉത്തര കൊറിയയുടെ മിസൈല്‍ പരീക്ഷണങ്ങളില്‍ ഞങ്ങള്‍ അഭിമാനിക്കുന്നു. ഇതിലൂടെ ഉത്തര കൊറിയയുടെ ശക്തിയും മഹത്വവും ലോകത്തിന് മനസിലാക്കിക്കൊടുക്കാന്‍ സാധിക്കും എന്നെഴുതിയ ബാനറുകളുമായാണ് ജനങ്ങള്‍ തെരുവുകളില്‍ അണിനിരന്നത്. ജനറല്‍ കിം ജോങ് ഉന്‍ നീണാള്‍ വാഴട്ടെ എന്ന ബാനറുകളും പ്രത്യക്ഷപ്പെട്ടു. ഏറ്റവും പുതിയ ബാലിസ്റ്റിക് മിസൈലായ ഹ്വാസോങ് 15 ആണ് ഉത്തര കൊറിയ പരീക്ഷിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല