സ്വന്തം ലേഖകന്‍: വിദേശ മാധ്യമപ്രവര്‍ത്തകരെ സാക്ഷിയാക്കി രണ്ടാഴ്ചക്കകം ആണവ പരീക്ഷണശാല പൊളിക്കുമെന്ന് ഉത്തര കൊറിയ. ഉത്തര കൊറിയന്‍ പ്രസിഡന്റ് കിം ജോങ് ഉന്നും ഡോണള്‍ഡ് ട്രംപും തമ്മിലുള്ള ചര്‍ച്ച അടുത്തമാസം 12ന് സിംഗപ്പൂരില്‍ നടക്കാനിരിക്കുന്നതിനു മുന്നോടിയായാണ് നടപടി. ഉത്തര കൊറിയയുടെ തീരുമാനത്തെ യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് സ്വാഗതം ചെയ്തു.
വടക്കു കിഴക്കന്‍ മേഖലയിലെ ആണവ പരീക്ഷണശാലയിലെ എല്ലാ തുരങ്കങ്ങളും നശിപ്പിക്കുമെന്ന് വിദേശകാര്യ മന്ത്രാലയത്തെ ഉദ്ധരിച്ച് ഉത്തര കൊറിയന്‍ വാര്‍ത്ത ഏജന്‍സിയായ കെ.സി.എന്‍ റിപ്പോര്‍ട്ട് ചെയ്തു. മേയ് 23നും 25നുമിടെ നടക്കുന്ന പ്രത്യേക പരിപാടിക്കുശേഷമാവും പരീക്ഷണശാലകള്‍ അടച്ചുപൂട്ടുക. ആണവപരീക്ഷണം നടത്തുന്ന തുരങ്കങ്ങള്‍ സ്‌ഫോടനത്തില്‍ തകര്‍ക്കും.
നിരീക്ഷണസംവിധാനങ്ങളും ഗവേഷണകേന്ദ്രങ്ങളും നീക്കംചെയ്യും. ഇവിടെയുള്ള ഗവേഷകരെയും ഗാര്‍ഡുകളെയും മാറ്റും. നടപടികള്‍ സുതാര്യമായിരിക്കുമെന്നും എല്ലാം യുഎസ്, ബ്രിട്ടന്‍, ദക്ഷിണകൊറിയ, റഷ്യ, ചൈന എന്നീ രാജ്യങ്ങളിലെ മാധ്യമപ്രവര്‍ത്തകര്‍ക്കു നേരിട്ടു റിപ്പോര്‍ട്ട് ചെയ്യാന്‍ അനുവാദം നല്‍കുമെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല