സ്വന്തം ലേഖകന്‍: ഉത്തര കൊറിയ ബാലിസ്റ്റിക് മിസൈല്‍ നിര്‍മാണ കേന്ദ്രം പൊളിച്ചു തുടങ്ങി. മിസൈല്‍ എന്‍ജിനുകള്‍ വികസിപ്പിക്കുന്ന കേന്ദ്രമാണ് പൊളിച്ചുനീക്കുന്നത്. കഴിഞ്ഞ മാസം 12നു സിംഗപ്പൂരില്‍ നടന്ന കിം– ട്രംപ് ഉച്ചകോടിയിലെ ധാരണപ്രകാരം ആണവ നിരായുധീകരണത്തിലേക്കുള്ള ഉത്തര കൊറിയയുടെ നിര്‍ണായക ചുവടുവയ്പാണിത്.
2012 മുതല്‍ ഉത്തര കൊറിയയുടെ പ്രധാന മിസൈല്‍ വിക്ഷേപണ കേന്ദ്രമായ സോഹെ സാറ്റലൈറ്റ് ലോഞ്ചിങ് സ്റ്റേഷനിലെ സംവിധാനങ്ങളാണ് ഉത്തര കൊറിയ പൊളിച്ചുനീക്കുന്നത്. കഴിഞ്ഞ 20, 22 തീയതികളിലെടുത്ത ഉപഗ്രഹ ദൃശ്യങ്ങളുടെ വിശകലനത്തിലൂടെയാണ് ഈ നിഗമനത്തിലെത്തിയത്. കഴിഞ്ഞ ഒന്‍പതു മാസത്തിനിടെ ഉത്തര കൊറിയ മിസൈല്‍ പരീക്ഷണങ്ങള്‍ ഒന്നും നടത്തിയിട്ടില്ല.
എന്നാല്‍, ഉത്തര കൊറിയയില്‍ ആണവനിരായുധീകരണ നടപടികള്‍ ഉദ്ദേശിക്കുന്ന വേഗത്തില്‍ നടപ്പിലാക്കാത്തതിലുള്ള അമര്‍ഷം യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ട്വിറ്റര്‍ സന്ദേശത്തിലൂടെ പ്രകടിപ്പിച്ചു. അതിനിടെ, അതിര്‍ത്തിയിലെ കുറച്ചു സൈനികരെ പരീക്ഷണാടിസ്ഥാനത്തില്‍ പിന്‍വലിക്കാന്‍ ദക്ഷിണ കൊറിയ തീരുമാനിച്ചു. സൈനികരഹിത മേഖലയില്‍നിന്ന് ഘട്ടം ഘട്ടമായി മുഴുവന്‍ സൈനികരെയും പിന്‍വലിക്കാനാണു പദ്ധതി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല