1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 20, 2021

സ്വന്തം ലേഖകൻ: അവശ്യ സാധനങ്ങള്‍ക്ക് ഉള്‍പ്പെടെ വില കുതിച്ചു കയറിയതോടെ ഉത്തര കൊറിയയില്‍ ഭക്ഷ്യ ക്ഷാമം രൂക്ഷമായി. രാജ്യത്തെ ഭക്ഷ്യക്ഷാമത്തില്‍ ആശങ്ക അറിയിച്ച് ഉത്തര കൊറിയന്‍ നേതാവ് കിം ജോങ് ഉന്‍ രംഗത്തുവന്നതായി സര്‍ക്കാര്‍ വാര്‍ത്താ ഏജന്‍സി കെ.സി.എന്‍.എ റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞ വര്‍ഷം ആഞ്ഞടിച്ച ചുഴലിക്കാറ്റിനെ തുടര്‍ന്നു വന്‍ കൃഷി നാശമുണ്ടാകുകയും ധാന്യ ഉല്‍പ്പാദനം തകിടം മറിഞ്ഞെന്നും അതാണ് കടുത്ത ഭക്ഷ്യ ക്ഷാമത്തിന് കാരണമെന്നും കിം പറയുന്നു.

പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം പ്രധാനപ്പെട്ട എല്ലാ ഭക്ഷ്യ വസ്തുക്കള്‍ക്കും റോക്കറ്റ് പോലെ വില വര്‍ധിച്ചിട്ടുണ്ട്. ഒരു കിലോ വാഴപ്പഴത്തിന് 3335 രൂപയാണ് ഈടാക്കുന്നത്. ഒരു പാക്കറ്റ് ബ്ലാക് ടീ-ക്ക് 70 രൂപയും ഒരു പാക്കറ്റ് കാപ്പിക്ക് 7414 രൂപയുമാണ് രാജ്യത്ത് ഈടാക്കുന്നത്. രാജ്യത്തെ കടുത്ത ഭക്ഷ്യക്ഷാമത്തിന് പാര്‍ട്ടി പ്രവര്‍ത്തകര്‍ മുന്നിട്ടിറങ്ങണമെന്ന് കിം ജോങ് ഉൻ അറിയിച്ചു.

അതേസമയം കോവിഡ് പശ്ചാത്തലത്തില്‍ അതിര്‍ത്തികള്‍ അടച്ചിട്ടിരിക്കുന്നതിനാല്‍ പ്രശ്നം എങ്ങനെ പരിഹരിക്കുമെന്ന കാര്യത്തില്‍ വ്യക്തതയില്ല. യുഎന്‍ ഭക്ഷ്യ-കാര്‍ഷിക സംഘടനയുടെ സമീപകാല റിപ്പോര്‍ട്ടനുസരിച്ച് ഉത്തര കൊറിയയ്ക്ക് 8,60,000 ടണ്‍ ഭക്ഷ്യ വസ്തുക്കളുടെ കുറവുണ്ട്.

രാജ്യത്ത് ഒരു കോവിഡ് കേസ് പോലും ഔദ്യോഗികമായി സ്ഥിരീകരിച്ചില്ലെങ്കിലും അതിര്‍ത്തികള്‍ അടക്കമുള്ളവ അടക്കുകയും പ്രാദേശിക യാത്രകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഭക്ഷണവും മരുന്നുകളും അടക്കമുള്ള പ്രധാന കാര്യങ്ങള്‍ക്ക് ചൈനയെയാണ് ഉത്തര കൊറിയ പ്രധാനമായും ആശ്രയിക്കുന്നത്. ഭക്ഷ്യ ക്ഷാമം രൂക്ഷമായ സാഹചര്യത്തിൽ പ്രശ്നം പരിഹരിക്കാൻ ചൈനീസ് ഇടപെടൽ ഉണ്ടായേക്കുമെന്നും സൂചനയുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.