സ്വന്തം ലേഖകന്‍: അങ്ങനെ ലോകത്തെ ഞെട്ടിച്ച് ഉത്തര കൊറിയയും പൊട്ടിച്ചു ഹൈഡ്രജന്‍ ബോംബ്, പരീക്ഷണത്തിന്റെ ആഘാതത്തില്‍ ഭൂചലനം. ദക്ഷിണ കൊറിയയേയും അമേരിക്കയേയും വെല്ലുവിളിച്ചാണ് ഉത്തര കൊറിയയുടെ ആണ്വായുധ പരീക്ഷണം. ഹൈഡ്രജന്‍ ബോംബ് ആണ് തങ്ങള്‍ പരീക്ഷിച്ചതെന്ന് ഉത്തര കൊറിയ അറിയിച്ചു. ആദ്യമായാണ് ഉത്തര കൊറിയ ഹൈഡ്രജന്‍ ബോംബ് പരീക്ഷിക്കുന്നത്.
അണ്വായുധ പരീക്ഷണത്തെ തുടര്‍ന്ന് അണവ നിലയത്തിന് സമീപത്ത് വന്‍ ഭൂചലനവും അനുഭവപ്പെട്ടു. റിക്ടര്‍ സ്കെയിലില്‍ 5.1 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം പരീക്ഷണം നടന്ന സ്ഥലമാണ്. അതീവ നശീകരണ ശേഷിയുള്ള ഹൈഡ്രജന്‍ ബോംബ് ആണ് പരീക്ഷിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. ജനുവരി അറിന് പ്രാദേശിക സമയം രാവിലെ 10 മണിയോടെയാണ് പരീക്ഷണം നടത്തിയത്.
ഉത്തര കൊറിയയില്‍ ഭൂചലനം അനുഭവപ്പെട്ട കാര്യം അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ അത് അണ്വായുധ പരീക്ഷണത്തെ തുടര്‍ന്നുണ്ടായതാണെന്ന് ആദ്യം വ്യക്തമായിരുന്നില്ല. ആണവ നിലയത്തിന് എന്തെങ്കിലും കേട് സംഭവിച്ചതായി അറിവില്ല.
ഉത്തര കൊറിയയില്‍ വന്‍ സ്ഫോടനം നടന്നതായി ചൈനയുടെ എര്‍ത്ത് ക്വേക്ക് നെറ്റ് വര്‍ക്ക് സെന്റര്‍ റിപ്പോര്‍ട്ട് ചെയ്തു. ഉത്തര കൊറിയയിലെ പുംഗ്യേരിയില്‍ വച്ചാണ് അണ്വായുധ പരീക്ഷണം നടത്തിയിട്ടുള്ളത്. ഈ മേഖലയില്‍ അടുത്ത കാലത്ത് നടന്ന തുരങ്ക നിര്‍മാണം അമേരിയ്ക്കയും ദക്ഷിണ കൊറിയയും കണ്ടെത്തിയിരുന്നു.
2006 ലും 2009 ലും 2013 ലും അണ്വായുധ പരീക്ഷണം നടത്തി ലോക രാജ്യങ്ങളുടെ കരിമ്പട്ടികയില്‍ സ്ഥാനം പിടിച്ച രാജ്യമാണ് ഉത്തര കൊറിയ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല