സ്വന്തം ലേഖകന്‍: ലക്ഷക്കണക്കിന് കമ്പ്യൂട്ടറുകള്‍ തകര്‍ത്ത വാണാക്രൈ സൈബര്‍ ആക്രമണത്തിനു പിന്നില്‍ ഉത്തര കൊറിയയാണെന്ന് മൈക്രോസോഫ്റ്റ്. 150 രാജ്യങ്ങളിലായി ലക്ഷക്കണക്കിന് കമ്പ്യൂട്ടറുകളെ ബാധിച്ച വാണാക്രൈ സൈബര്‍ ആക്രമണത്തിനു പിന്നില്‍ ഉത്തര കൊറിയയാണെന്ന് മൈക്രോസോഫ്റ്റ് പ്രസിഡന്റ് ബ്രാഡ് സ്മിതാണ് വ്യക്തമാക്കിയത്. ഇക്കഴിഞ്ഞ മേയിലാണ് സൈബര്‍ ലോകത്തെ പിടിച്ചു കുലുക്കിയ സൈബര്‍ ആക്രമണം നടന്നത്.
അമേരിക്കയുടെ ദേശീയ സുരക്ഷ ഏജന്‍സിയില്‍നിന്ന് വിവിധ സൈബര്‍ ടൂളുകള്‍ ഹാക് ചെയ്‌തെടുത്തത് ഉത്തര കൊറിയയിലെ സൈബര്‍ വിദഗ്ധരാണ്. അവ ഉപയോഗിച്ചാണ് വാണാക്രൈക്ക് രൂപം നല്‍കിയതെന്നും സ്വകാര്യ ചാനല്‍ അഭിമുഖത്തില്‍ സ്മിത് വെളിപ്പെടുത്തി. കാലാവധി കഴിഞ്ഞ വിന്‍ഡോസ് ഓപറേറ്റിങ് സിസ്റ്റം(ഒ.എസ്) ഉപയോഗിച്ച കമ്പ്യൂട്ടറുകളെയാണ് വൈറസ് പ്രധാനമായും ആക്രമിച്ചത്.
ഒ.എസ് കാലാവധി കഴിഞ്ഞ സാഹചര്യത്തില്‍ അപ്‌ഡേഷന്‍ നിര്‍ബന്ധമായും നടത്തണമെന്ന് മുന്നറിയിപ്പു നടത്തിയിട്ടും ചെയ്യാതിരുന്നവര്‍ സൈബര്‍ ആക്രമണത്തിന് ഇരയായാല്‍ ഉത്തരവാദിത്തം മൈക്രോസോഫ്റ്റിന് ഏറ്റെടുക്കാനാകില്ലെന്നും സ്മിത് വ്യക്തമാക്കി. നേരത്തെ ഗൂഗിളിന്റെ സൈബര്‍ സുരക്ഷാ വിദഗ്ധനായ നീല്‍ മേത്തയും വാണാക്രൈക്കു പിന്നില്‍ ഉത്തര കൊറിയയാണെന്ന് സൂചിപ്പിച്ചിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല