സ്വന്തം ലേഖകൻ: ലോകത്തേറ്റവും നിഗൂഢമായ രാജ്യമെന്നറിയപ്പെടുന്ന ഉത്തരകൊറിയ വിനോദസഞ്ചാരികള്‍ക്കായി തങ്ങളുടെ വാതിലുകള്‍ വീണ്ടും തുറക്കുന്നു. രാജ്യത്തിന്റെ വടക്കുകിഴക്കന്‍ നഗരമായ സഞ്ചിയോണില്‍ ഡിസംബര്‍ മുതല്‍ ടൂറിസം പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇത് പിന്നീട് മറ്റ് നഗരങ്ങളിലേക്കും വ്യാപിപ്പിക്കും. നേരത്തെ കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഉത്തരകൊറിയന്‍ അതിര്‍ത്തികള്‍ നാല് വര്‍ഷത്തോളം പൂര്‍ണമായി അടച്ചിട്ടിരുന്നു.
നേരത്തെ ഉത്തരകൊറിയയില്‍ ടൂറിസം പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്ന കമ്പനികളെല്ലാം പുതിയ പ്രഖ്യാപനത്തില്‍ ഏറെ സന്തുഷ്ടരാണ്. വൈകാതെ തന്നെ നോര്‍ത്ത് കൊറിയ ടൂറുകളുടെ ബുക്കിങ്ങുകള്‍ ആരംഭിക്കുമെന്ന് കമ്പനികള്‍ വ്യക്തമാക്കി. കൂടുതലും ചൈന ആസ്ഥാനമായുള്ള കമ്പനികളാണ് ഉത്തരകൊറിയയില്‍ ടൂര്‍ സര്‍വീസുകള്‍ നടത്തിയിരുന്നത്.
ചൈനീസ് അതിര്‍ത്തിയോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന നഗരമാണ് സംജിയോണ്‍. രാജ്യത്തെത്തുന്ന വിദേശ സഞ്ചാരികള്‍ക്ക് കാണാനായി ഉത്തരകൊറിയന്‍ ഭരണകൂടം തയ്യാറാക്കിയ നഗരമാണിതെന്നും ആക്ഷേപമുണ്ട്. മികച്ച അപാര്‍ട്ട്‌മെന്റുകളും റിസോര്‍ട്ടുകളും, ഹോട്ടലുകളും സാംസ്‌കാരിക നിലയങ്ങളുമെല്ലാം ഇവിടെയുണ്ട്. എന്നാല്‍ രാജ്യത്തെ മറ്റിടങ്ങളില്‍ ഇതല്ല സ്ഥിതിയെന്നാണ് വിമര്‍ശകരുടെ പക്ഷം.
കഴിഞ്ഞ വര്‍ഷം മാത്രമാണ് അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ ഉത്തരകൊറിയ പുനരാരംഭിച്ചത്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ ഒരു സംഘം റഷ്യന്‍ ടൂറിസ്റ്റുകള്‍ ഉത്തരകൊറിയയിലെത്തിയിരുന്നു. റഷ്യയുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ഒരുക്കിയ സ്വകാര്യ ടൂറിനാണ് ഇവരെത്തിയത്. ഇതിനിടയില്‍ വോന്‍സാന്‍-കല്‍മ തീരദേശത്തെ ഉത്തരകൊറിയ പണിയുന്ന ടൂറിസ്റ്റ് സോണിന്റെ പണി പൂര്‍ത്തീകരിച്ചതായും ഇത് ഉടന്‍ സഞ്ചാരികള്‍ക്ക് തുറന്നുകൊടുക്കുമെന്നും വാര്‍ത്തകളുണ്ടായിരുന്നു.
ബീച്ചുകളോട് ചേര്‍ന്നുള്ള ലക്ഷ്വറി ഹോട്ടലുകളുടെയും സുഖവാസ കേന്ദ്രങ്ങളുടെയും നിരയാണ് ഈ പ്രൊജക്ടിന്റെ ഭാഗമായി നിര്‍മാണം പൂര്‍ത്തിയാക്കിയത്. നേരത്തെ അമേരിക്കയുടെ നേതൃത്വത്തിലുള്ള ഉപരോധം മൂലം നിര്‍മ്മാണ സാമഗ്രികളൊന്നും ലഭിക്കാത്തതിനാല്‍ ഈ പ്രൊജക്ടിന്റെ നിര്‍മ്മാണം നിന്നുപോയിരുന്നു.
സാങ്കേതികമായി ഏത് രാജ്യത്ത് നിന്നുള്ള സഞ്ചാരിക്കും ഉത്തരകൊറിയ സന്ദര്‍ശിക്കാം. എന്നാല്‍ സമീപകാലം വരെ ഉത്തരകൊറിയയിലെത്തുന്ന വിദേശ സഞ്ചാരികളില്‍ വലിയൊരു വിഭാഗവും ചൈനീസ്, റഷ്യന്‍ പൗരന്‍മാരായിരുന്നു. മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള സഞ്ചാരികള്‍ എത്തുന്നത് നിലവില്‍ വളരെ കുറവാണ്. വിദേശ സഞ്ചാരികളും തദ്ദേശീയരും തമ്മിലുള്ള ഇടപെടലുകള്‍ സര്‍ക്കാര്‍ കര്‍ശനമായി നിയന്ത്രിച്ചിട്ടുണ്ട്. ട്രാവല്‍ ഏജന്‍സിയും സര്‍ക്കാരും അനുമതി നല്‍കിയിട്ടുള്ള പ്രദേശങ്ങളില്‍ മാത്രമേ വിദേശികള്‍ക്ക് സഞ്ചരിക്കാന്‍ അനുമതിയുള്ളു.
അമേരിക്ക ഉള്‍പ്പടെയുള്ള രാജ്യങ്ങള്‍ തങ്ങളുടെ പൗരന്മാര്‍ ഉത്തരകൊറിയ സന്ദര്‍ശിക്കുന്നത് സുരക്ഷിതമല്ലെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. നേരത്തെ ഉത്തരകൊറിയയിലെത്തിയ അമേരിക്കന്‍ സഞ്ചാരികള്‍ അറസ്റ്റ് ചെയ്യപ്പെടുന്ന സംഭവങ്ങള്‍ വരെ ഉണ്ടായ പശ്ചാത്തലത്തിലാണ് ഇത്. ബെയ്ജിങ്, ഷാങ്ഹായ് തുടങ്ങിയ ചൈനീസ് നഗരങ്ങളില്‍ നിന്ന് ഉത്തരകൊറിയയിലേക്ക് വിമാന സര്‍വീസുകളും ട്രെയിന്‍ സര്‍വീസുമുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല