സ്വന്തം ലേഖകന്‍: കടുത്ത പട്ടിണിയിലും ഉത്തര കൊറിയ ആണവപദ്ധതിയുമായി മുന്നോട്ടെന്ന് യുഎന്‍ റിപ്പോര്‍ട്ട്. യുഎന്നിന്റെ കണക്കനുസരിച്ച് ഉത്തര കൊറിയയിലെ ജനസംഖ്യയുടെ പകുതിയോളം വരുന്ന ഒരു കോടി ജനങ്ങള്‍ പട്ടിണിയിലാണ്. കനത്ത ഉപരോധം മൂലം വലയുന്ന രാജ്യത്തു കഴിഞ്ഞവര്‍ഷം ഭക്ഷ്യോല്‍പാദനവും ഇടിഞ്ഞു. ഉപരോധത്തിന്റെ ഭാഗമായി ബാങ്കിങ്, വ്യാപാര മേഖലകളിലെ വിലക്കുകള്‍ ജീവകാരുണ്യസഹായം എത്തിക്കുന്നതിനു തടസ്സമാകുന്നു.
ഉത്തര കൊറിയയിലേക്കു ജീവകാരുണ്യ സഹായമെത്തിക്കാനായി കടുത്ത ഉപരോധങ്ങളില്‍ ഇളവു നല്‍കാന്‍ രക്ഷാസമിതി നീക്കം തുടങ്ങി. ഇതു സംബന്ധിച്ച യുഎസ് നിര്‍ദേശത്തിനു യുഎന്‍ തിങ്കളാഴ്ച അംഗീകാരം നല്‍കിയേക്കും. ജീവകാരുണ്യസംഘടനകള്‍ യുഎന്നില്‍നിന്ന് പ്രത്യേക അനുമതി വാങ്ങിയശേഷം സഹായമെത്തിക്കാമെന്നാണു കഴിഞ്ഞമാസം യുഎസ് മുന്നോട്ടുവച്ച ശുപാര്‍ശ.
അതേസമയം, ആണവ–മിസൈല്‍ പദ്ധതികളുമായി ഉത്തര കൊറിയ മുന്നോട്ടുതന്നെയെന്ന് യുഎന്‍ റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു. ഉപരോധത്തെ കടല്‍മാര്‍ഗമുള്ള കടത്തിലൂടെ ഉത്തരകൊറിയ ഫലപ്രദമായി പ്രതിരോധിക്കുന്നതായും യുഎന്‍ വിദഗ്ധര്‍ രക്ഷാസമിതിക്കു നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യയും ചൈനയും ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് ഉരുക്ക് വിറ്റു കഴിഞ്ഞ ഒക്ടോബര്‍ മുതല്‍ മാര്‍ച്ച് വരെ നൂറുകോടിയോളം രൂപ സമ്പാദിച്ചു.
40 എണ്ണക്കപ്പലുകള്‍ ഉപയോഗിച്ച് അഞ്ചുലക്ഷം ബാരല്‍ അസംസ്‌കൃത എണ്ണ ജനുവരി–മേയ് കാലയളവില്‍ ഉത്തരകൊറിയ സമാഹരിച്ചു. എന്നാല്‍, സമ്പൂര്‍ണ ഉപരോധമെന്ന സമ്മര്‍ദവുമായി അമേരിക്ക അപകടകരമായ അക്ഷമയാണു പ്രകടിപ്പിക്കുന്നതെന്ന് ഉത്തര കൊറിയ ആരോപിച്ചു. അമേരിക്കയുടെ രാഷ്ട്രത്തലവന്‍ പറയുന്നതല്ല രാജ്യം നടപ്പാക്കുന്നതെന്നാണു വിമര്‍ശനം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല