സ്വന്തം ലേഖകൻ: അഭ്യൂഹങ്ങൾക്കും അമേരിക്കയുടെ എതിർപ്പുകൾക്കുമിടയിൽ റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ ഇന്ന് ഉത്തര കൊറിയ സന്ദർശിക്കും. 24 വർഷത്തെ ഇടവേളക്കു ശേഷമാണ് പുടിൻ ഉത്തര കൊറിയയിലെത്തുന്നത്. 2000 ജൂലൈയിലാണ് പുടിൻ അവസാനമായി ഉത്തര കൊറിയ സന്ദർശിച്ചത്. ചൊവ്വ, ബുധൻ ദിവസങ്ങളിലാണ് സന്ദർശനം.
നേരത്തേ പുടിന്റെ ഉത്തര കൊറിയ സന്ദർശന വാർത്തയോട് അമേരിക്കയും ദക്ഷിണ കൊറിയയും കടുത്ത പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. അതിനിടെ റഷ്യയും ഉത്തരകൊറിയയും സുരക്ഷാ പങ്കാളിത്ത കരാറിൽ ഒപ്പുവെച്ചേക്കുമെന്ന് പുടിന്റെ വിദേശ നയ ഉപദേഷ്ടാവ് യൂറി ഉഷാക്കോവ് പറഞ്ഞു.
കരാർ മറ്റൊരു രാജ്യത്തിനും എതിരായിരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഉത്തര കൊറിയയുമായുള്ള റഷ്യയുടെ സൈനിക സഹകരണം ദക്ഷിണ കൊറിയയയെ അസ്ഥിരപ്പെടുത്തുമെന്നാണ് യു.എസ്. വാദം. ഉത്തരകൊറിയയ്ക്ക് ശേഷം ജൂൺ 19, 20 തീയതികളിൽ പുടിൻ വിയറ്റ്നാം സന്ദർശിക്കുമെന്ന് റഷ്യൻ അധികൃതർ അറിയിച്ചതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല