സ്വന്തം ലേഖകന്‍: ഉത്തര കൊറിയ രഹസ്യമായി വന്‍തോതില്‍ യുറേനിയം സമ്പുഷ്ടീകരിണം തുടരുന്നതായി റിപ്പോര്‍ട്ട്. ആണവായുധങ്ങള്‍ നിര്‍മിക്കുന്നതിന് രഹസ്യകേന്ദ്രങ്ങളില്‍ ഉത്തര കൊറിയ വന്‍തോതില്‍ യുറേനിയം സമ്പുഷ്ടീകരിക്കുകയാണെന്ന് യു.എസ് ഇന്റലിജന്‍സ് വൃത്തങ്ങളെ ഉദ്ധരിച്ച് എന്‍.ബി.സി ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ആണവായുധ പരീക്ഷണം ഉത്തര കൊറിയ മുന്നോട്ടുകൊണ്ടുപോവുകയാണെന്നാണ് യോങ്‌ബ്യോണ്‍ എന്ന ആണവഗവേഷണ കേന്ദ്രത്തില്‍നിന്നു ലഭിച്ച ഉപഗ്രഹദൃശ്യങ്ങള്‍ സൂചിപ്പിക്കുന്നത്. അന്താരാഷ്ട്ര തലത്തില്‍ നടന്ന ചര്‍ച്ചകള്‍ക്കൊടുവില്‍ 2007ല്‍ അടച്ചുപൂട്ടിയതാണ് യോങ്‌ബ്യോണ്‍ ആണവനിലയം. യു.എസ്, ചൈന, റഷ്യ, ജപ്പാന്‍, ദക്ഷിണ ഉത്തര കൊറിയകള്‍ എന്നീ ആറു രാഷ്ട്രങ്ങളായിരുന്നു അന്നത്തെ ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നത്.
എന്നാല്‍, പിന്നീട് 2013 ഫെബ്രുവരിയില്‍ ആണവപരീക്ഷണം നടത്തിക്കൊണ്ട് പ്ലാന്റ് പ്രവര്‍ത്തിപ്പിക്കാന്‍ പോകുകയാണെന്ന് ഉത്തര കൊറിയ പ്രകോപനം സൃഷ്ടിച്ചിരുന്നു. സിംഗപ്പൂരില്‍ ഈ മാസം ഉത്തര കൊറിയന്‍ നേതാവ് കിം ജോങ് ഉന്നുമായി നടന്ന ഉച്ചകോടി വന്‍ വിജയമാണെന്നായിരുന്നു ട്രംപ് അവകാശപ്പെട്ടിരുന്നത്. കൊറിയന്‍ ഉപദ്വീപില്‍ സമ്പൂര്‍ണ ആണവനിരായുധീകരണമായിരുന്നു ട്രംപ് മുന്നോട്ടുവെച്ച പ്രധാന അജണ്ട. അതിന് കിം സമ്മതിക്കുകയും ചെയ്തു.
ചര്‍ച്ചക്കു മുന്നോടിയായി ഉത്തര കൊറിയ പംഗേറിയിലെ ആണവ നിലയം തകര്‍ത്തിരുന്നു. കിം വാക്കു പാലിക്കുകയാണെന്ന് ലോകം വിലയിരുത്തിയിരുന്നെങ്കിലും നാശത്തിന്റെ വക്കിലെത്തിയ ആണവ നിലയം നശിപ്പിച്ച് യഥാര്‍ഥത്തില്‍ യു.എസിന്റെ കണ്ണില്‍പൊടിയിടുകയായിരുന്നു ആ ഭരണാധികാരിയെന്നും മറുവാദമുയര്‍ന്നു. ഇതൊന്നും മുഖവിലക്കെടുക്കാതെയാണ് ട്രംപ് ഉച്ചകോടി നടന്നയുടന്‍ അമേരിക്കന്‍ ജനത സുരക്ഷിതമായിരിക്കുന്നു എന്ന് ട്വീറ്റ് ചെയ്തത്.
അടുത്തിടെ ഉത്തര കൊറിയ പുതിയ ആണവപരീക്ഷണങ്ങള്‍ നടത്തിയതിന് തെളിവുകളൊന്നുമില്ല. യുറേനിയം സമ്പുഷ്ടീകരണത്തിന് യോങ്‌ബ്യോണിലെ ആണവനിലയം കൂടാതെ മറ്റൊരു രഹസ്യകേന്ദ്രം കൂടി ഉത്തര കൊറിയക്കുണ്ടെന്നും സംശയമുണ്ട്. ഇക്കാലമത്രയും അവര്‍ തങ്ങളില്‍നിന്ന് അത് മറച്ചുപിടിച്ചതാണെന്ന് യു.എസ് ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ എന്‍.ബി.സിയോടു പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല