സ്വന്തം ലേഖകന്‍: ഗുവാമിലെ യുഎസ് സൈനിക താവള ആക്രമണ പദ്ധതിയുടെ വിശംദാംശങ്ങള്‍ വെളിപ്പെടുത്തി ഉത്തര കൊറിയ, ഗുവാമിനെ ആക്രമിച്ചാല്‍ ഉത്തര കൊറിയയുടെ അന്ത്യം കുറിക്കുമെന്ന് യുഎസ്. പസഫിക് സമുദ്രത്തിലെ അമേരിക്കന്‍ സൈനിക താവളം ഗുവാമിനെ ദിവസങ്ങള്‍ക്കകം നാല് മിസൈലുകളുപയോഗിച്ച് ആക്രമിക്കാന്‍ പദ്ധതി തയ്യാറാക്കുകയാണെന്ന് ഉത്തര കൊറിയ പറഞ്ഞു. അടുത്തയാഴ്ചയോടെ പദ്ധതിയ്ക്ക് പൂര്‍ണരൂപമാകുമെന്നും ഭരണാധികാരി കിം ജോങ് ഉന്നിന്റെ അനുമതി കിട്ടിയാല്‍ മിസൈല്‍ അയയ്ക്കുമെന്നും ഉത്തര കൊറിയന്‍ സൈന്യം പ്രസ്താവനയില്‍ അറിയിച്ചു.
ഹ്വാസോങ്12 മിസൈലുകള്‍ ജപ്പാനിലെ ഷിമാനെ, ഹിരോഷിമ, കൊച്ചി പ്രവിശ്യകള്‍ കടന്ന് ഗ്വാമില്‍ പതിക്കുമെന്നും സൈന്യം അവകാശപ്പെട്ടു. ഉത്തര കൊറിയ സ്വയം നിര്‍മിച്ച മധ്യദീര്‍ഘദൂര മിസൈലുകളാണിവ. അഗ്‌നിയും രോഷവും വര്‍ഷിക്കുമെന്ന യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മുന്നറിയിപ്പിനെ ‘യുക്തിഹീന’മെന്ന് പറഞ്ഞ് ഉത്തര കൊറിയ തള്ളി. ഗുവാമിനെ ആഅക്രമിച്ചാല്‍ ഉത്തര കൊറിയയുടെ അന്ത്യമാകുമെന്ന് യു.എസ്. മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. ഗുവാമില്‍ ആക്രമണ ഭീതിയൊന്നും ഇല്ലെന്ന് ബി.ബി.സി. റിപ്പോര്‍ട്ട് ചെയ്തു.
വെറൂം വാചകക്കസര്‍ത്തായി മാത്രമേ ഭീഷണിയെ ഗുവാം കാണുന്നുള്ളൂ. ആക്രമണം ഉത്തര കൊറിയയ്ക്ക് ആത്മഹത്യാപരമായിരിക്കുമെന്നാണ് അവരുടെ നിലപാട്. യു.എന്‍. ഉപരോധത്തിന്റെ പശ്ചാത്തലത്തില്‍ ഉത്തര കൊറിയയിലെ ഒമ്പതു പേരുടെയും നാല് സ്ഥാപനങ്ങളുടെയും സ്വത്ത് യൂറോപ്യന്‍ യൂണിയന്‍ മരവിപ്പിച്ചിട്ടുണ്ട്. ഉത്തര കൊറിയയുടെ പ്രകോപനപരമായ നടപടികള്‍ സഹിക്കുകയില്ലെന്ന് ജപ്പാന്‍ വ്യക്തമാക്കി. സ്ഥിതി ഗുരുതരവും കൈകാര്യം ചെയ്യാന്‍ പ്രയാസമേറിയതുമാണെന്നും പറഞ്ഞ ചൈന ശാന്തമായിരിക്കാന്‍ ഇരു പക്ഷത്തോടും ആഹ്വാനം ചെയ്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല