സ്വന്തം ലേഖകൻ: ഉത്തരകൊറിയയിൽ ആത്മഹത്യ നിരോധിച്ച് ഏകാധിപതി കിം ജോങ് ഉൻ. ആത്മഹത്യ ചെയ്യുന്നത് രാജ്യദ്രോഹ കുറ്റമായി പ്രഖ്യാപിച്ചുകൊണ്ട് കിം രഹസ്യ ഉത്തരവ് പുറത്തിറക്കിയെന്നാണ് വിദേശമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. രാജ്യം കടുത്ത സാമ്പത്തിക വെല്ലുവിളികളിലൂടെയാണ് കടന്നുപോകുന്നത്.
മിക്കവരും സാമ്പത്തിക പ്രാരാബ്ധം താങ്ങാനാകാതെ ആത്മഹത്യ ചെയ്യുന്നവരാണ്. ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണം വർദ്ധിച്ചതോടെയാണ് ഇങ്ങനെയൊരു തീരുമാനത്തിലേക്ക് ഉത്തരകൊറിയ എത്തിയത്. ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണത്തില്‍ 40 ശതമാനം വര്‍ധനവ് ഇവിടെ ഉണ്ടായെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതും ആളുകളുടെ ക്ലേശങ്ങളും ബുദ്ധിമുട്ടുകളും പരിഹരിക്കാനാകാത്തതും ആഭ്യന്തര തലത്തില്‍ നിരവധി പ്രശ്നങ്ങളാണ് ഉണ്ടാക്കിയിരിക്കുന്നത്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് പട്ടിണി മൂലം മരിച്ചവരുടെ എണ്ണം മൂന്ന് മടങ്ങായെന്നാണ് റിപ്പോര്‍ട്ട്.
ചോംഗ്ജിന്‍ സിറ്റിയിലും ക്യോംഗ്സോംഗ് കൌണ്ടിയിലും മാത്രം ഈ വര്‍ഷം 35 ആത്മഹത്യകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇപ്പോൾ നടക്കുന്ന ഈ ആത്മഹത്യ വലിയ തരത്തിൽ സാമൂഹ്യാഘാതം സൃഷ്ടിക്കും. അതുകൊണ്ട് തന്നെ ആത്മഹത്യാ തടയാനുള്ള മാനദണ്ഡങ്ങൾ ജനറല്‍ സെക്രട്ടറി രൂപീകരിച്ചതായാണ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് മാധ്യമ റിപ്പോര്‍ട്ട്.
സാമ്പത്തിക പ്രതിസന്ധിയും പട്ടിണിയുമാണ് മിക്ക ആത്മഹത്യകളിലേക്കും നയിക്കുന്നത്. അതുകൊണ്ട് തന്നെ ഇതിന് പെട്ടെന്നൊരു പരിഹാരം കാണുക എന്നത് പ്രയാസമാണ് എന്നാണ് വിലയിരുത്തൽ. പട്ടിണി സഹിക്കാനാകാതെ ഒരു പത്തുവയസുകാരൻ ആത്മഹത്യ ചെയ്തത് കിംമിന്റെ ശ്രദ്ധയിൽ പെട്ടതോടെയാണ് ഇങ്ങനെയൊരു നാടപടി കൈകൊണ്ടത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല