സ്വന്തം ലേഖകന്‍: മേഖലയെ വിറപ്പിച്ച് വീണ്ടും ഉത്തര കൊറിയയുടെ ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണം, മിസൈല്‍ ജപ്പാന്റെ സമുദ്രാതിര്‍ത്തിയില്‍ പതിച്ചതായി റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം അര്‍ധരാത്രി വിക്ഷേപിച്ച ബാലിസ്റ്റിക് മിസൈലാണ് ഏതാണ്ട് അമ്പതു മിനിട്ട് പറന്ന ശേഷം ജപ്പാന്റെ പ്രത്യേക സാമ്പത്തിക മേഖലയിലെ കടലില്‍ പതിച്ചത്. ദക്ഷിണ കൊറിയന്‍ വാര്‍ത്താ ഏജന്‍സിയായ യോന്‍ഹാപ് ആണ് മിസൈല്‍ വിക്ഷേപണ വാര്‍ത്ത ആദ്യം പുറത്തു വിട്ടത്.
സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ മന്ത്രിമാരുടെ അടിയന്തരയോഗം വിളിച്ചുകൂട്ടി. ഉത്തര കൊറിയന്‍ തലസ്ഥാനമായ പ്യോങ്യാങ്ങിലെ പ്യോങ്‌സോങ്ങില്‍നിന്നാണ് മിസൈല്‍ പ്രയോഗിച്ചത്. ഇതിനു മറുപടിയെന്നോണം ദക്ഷിണ കൊറിയ അതേ ശേഷിയുള്ള മിസൈല്‍ തൊടുത്തു. ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലാണ് ഉത്തര കൊറിയ വിക്ഷേപിച്ചതെന്ന് യുഎസ് വൃത്തങ്ങളും സ്ഥിരീകരിച്ചിട്ടുണ്ട്.
ഏതാനും ദിവസങ്ങള്‍ക്കകം ഉത്തര കൊറിയ വീണ്ടും മിസൈല്‍ പരീക്ഷണം നടത്തിയേക്കുമെന്ന് യുഎസ് മുന്നറിയിപ്പു നല്‍കിയതിനു തൊട്ടു പിന്നാലെയാണ് പരീക്ഷണം. ഉത്തര കൊറിയ മിസൈല്‍ പരീക്ഷണത്തിന് ഒരുങ്ങുന്നതിന്റെ സൂചന നല്‍കുന്ന റേഡിയോ സിഗ്‌നലുകള്‍ ലഭിച്ചതായി ജപ്പാനും കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. സെപ്റ്റംബറില്‍ ഉത്തര കൊറിയ ജപ്പാനു മുകളിലൂടെ മിസൈല്‍ പറത്തിയത് ഇരു രാജ്യങ്ങളും തമ്മില്‍ രൂക്ഷമായ വാക്‌പോരിന് വഴിവെച്ചിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല