സ്വന്തം ലേഖകന്‍: ലക്ഷ്യം ഗുവാമിലെ യുഎസ് സൈനിക താവളം, അമേരിക്കയ്‌ക്കെതിരെ ഭീഷണിയുമായി വീണ്ടും ഉത്തര കൊറിയ. കൊറിയയെ തകര്‍ക്കുമെന്ന യുഎസ് പ്രസിഡന്റ് ഡോണള്‍!ഡ് ട്രംപിന്റെ ഭീഷണിയ്ക്ക് മറുപടിയായാണ് മധ്യദൂര ഹ്വസോങ്–12 മിസൈല്‍ പ്രയോഗിച്ച് ഗുവാമിലെ യുഎസ് സൈനിക താവളം തകര്‍ക്കുമെന്ന് ഉത്തര കൊറിയ ഭീഷണി മുഴക്കിയത്.
ഏകാധിപതി കിം ജോങ് ഉന്നാകും ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കുകയെന്നും ഉത്തര കൊറിയന്‍ വാര്‍ത്താ ഏജന്‍സി വ്യക്തമാക്കി. യുഎസിന്റെ ഭാഗത്തുനിന്നുമുണ്ടാകുന്ന പ്രകോപനങ്ങള്‍ക്ക് ശക്തമായ മറുപടി നല്‍കുമെന്ന് ഉത്തര കൊറിയന്‍ സൈനിക വക്താവും പറഞ്ഞു. മിസൈല്‍ ആക്രമണത്തിനുള്ള പദ്ധതി തയാറാക്കിയിട്ടുണ്ട്. കൊറിയയെ മുന്‍കൂട്ടി പ്രതിരോധിക്കാന്‍ അമേരിക്ക ആക്രമണത്തിന് തയാറെടുക്കുകയാണ്.
അങ്ങനെ സംഭവിച്ചാല്‍ അമേരിക്കയ്‌ക്കെതിരെ സര്‍വശക്തിയും ഉപയോഗിച്ച് യുദ്ധം ചെയ്യുമെന്നും ഉത്തര കൊറിയ മുന്നറിയിപ്പു നല്‍കി. അമേരിക്കയെ വിരട്ടാന്‍ നോക്കിയാല്‍ കൊറിയ പാഠം പഠിക്കുമെന്ന് കഴിഞ്ഞ ദിവസം ട്രംപ് മുന്നറിയിപ്പ് നല്‍കിയിരുന്നു. കൊറിയ തുടര്‍ച്ചയായി ആണവായുധങ്ങള്‍ വികസിപ്പിക്കുന്ന സാഹചര്യത്തിലാണ് ട്രംപിന്റെ പ്രതികരണം. നേരത്തെ ഉത്തര കൊറിയയില്‍ നിന്നുള്ള കയറ്റുമതി ഐക്യരാഷ്ട്രസഭ വിലക്കിയിരുന്നു. തുടര്‍ന്നാണ് ഇരു രാജ്യങ്ങള്‍ തമ്മില്‍ വീണ്ടും വാക്‌പോരാട്ടം തുടങ്ങിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല