സ്വന്തം ലേഖകന്‍: അമേരിക്കയുടെ ഉപരോധം തള്ളി ഉത്തര കൊറിയ, യുഎസ് അപകടം ക്ഷണിച്ചു വരുത്തുകയാണെന്ന് മുന്നറിയിപ്പ്. ഉത്തര കൊറിയന്‍ വിദേശകാര്യ മന്ത്രിയുമായി ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യീ നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷമാണ് ഉപരോധത്തിലൂടെ യുഎസ് അപകടം ക്ഷണിച്ചു വരുത്തുകയാണെന്ന് ഉത്തര കൊറിയ മുന്നറിയിപ്പു നല്‍കിയത്.
ഉത്തര കൊറിയയ്ക്കുമേല്‍ ഉപരോധങ്ങള്‍ അനിവാര്യമാണെന്നും എന്നാല്‍ അതല്ല പ്രശ്‌നപരിഹാരത്തിനുള്ള മാര്‍ഗമെന്നും ചൈനയും വ്യക്തമാക്കിയിട്ടുണ്ട്. ഉത്തരകൊറിയന്‍ സമ്പദ്‌വ്യവസ്ഥയെ തകര്‍ക്കുന്ന ഉപരോധങ്ങള്‍ക്കാണു കഴിഞ്ഞദിവസം യുഎന്‍ അനുമതി നല്‍കിയത്. ആണവപരീക്ഷണങ്ങളില്‍നിന്നു പ്യോങ്യാങ്ങിനെ പിന്തിരിപ്പിക്കാന്‍ മറ്റുമാര്‍ഗങ്ങളില്ലെന്ന യുഎസ് നിലപാട് അംഗീകരിക്കപ്പെടുകയായിരുന്നു.
കല്‍ക്കരി, ഇരുമ്പ്, ഇരുമ്പയിര്, മല്‍സ്യവിഭവങ്ങള്‍ തുടങ്ങിയവയുടെ കയറ്റുമതി പൂര്‍ണമായും തടഞ്ഞു. ഉത്തര കൊറിയന്‍ തൊഴിലാളികളെ വിദേശത്തു ജോലിക്കെടുക്കുന്നതിനും ആ രാജ്യവുമായി സംയുക്തസംരഭങ്ങള്‍ തുടങ്ങുന്നതിനും യുഎന്‍ അംഗരാജ്യങ്ങള്‍ക്കു വിലക്കുണ്ട്. ഉപരോധങ്ങളെ പിന്തുണച്ചെങ്കിലും പൂര്‍ണയോജിപ്പില്ലെന്നു വ്യക്തമാക്കുന്നതായിരുന്നു ചൈനയുടെ പ്രതികരണം.
അതേസമയം, നിലപാടുകളില്‍നിന്നു പിന്നോട്ടില്ലെന്ന് വ്യക്തമാക്കിയ ഉത്തര കൊറിയ കനത്ത തിരിച്ചടിയാണ് യുഎസിനെ കാത്തിരിക്കുന്നതെന്ന് ഔദ്യോഗിക ദിനപത്രത്തിലെ ലേഖനത്തിലൂടെ മുന്നറിയിപ്പു നല്‍കി. കൊറിയന്‍ മേഖലയില്‍ സംഘര്‍ഷ സാധ്യത കനംതൂങ്ങി നില്‍ക്കുന്ന പശ്ചാത്തലത്തില്‍ ആസിയാന്‍ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുടെ യോഗം മനിലയില്‍ നടക്കുന്നുണ്ട്. ഈ യോഗത്തില്‍ കൊറിയന്‍ പ്രശ്‌നം സംബന്ധിച്ച് നിര്‍ണായക തീരുമാനങ്ങള്‍ ഉണ്ടാകുമെന്നാണ് സൂചന.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല