സ്വന്തം ലേഖകന്‍: ഉത്തര കൊറിയയുടെ ഇറ്റലിയിലെ അംബാസഡര്‍ അപ്രത്യക്ഷനായതായി ദക്ഷിണ കൊറിയ; ഒരു പാശ്ചാത്യ രാജ്യത്ത് അഭയം തേടിയതായി സൂചന. ഉത്തര കൊറിയയുടെ ഇറ്റലിയിലെ ആക്ടിംഗ് അംബാസഡര്‍ ജോ സോംഗ് ജില് കൂറുമാറി ഒരു പാശ്ചാത്യ രാജ്യത്ത് അഭയം തേടിയതായി സൂചന. കഴിഞ്ഞനവംബര്‍ മുതല്‍ ഇദ്ദേഹത്തെ ഇറ്റലിയില്‍നിന്നു കാണാതായതായി ദക്ഷിണകൊറിയന്‍ ഇന്റലിജന്‍സ് വൃത്തങ്ങള്‍ അറിയിച്ചു.
ജോയും കുടുംബവും സുരിക്ഷിതരാണെന്ന് അജ്ഞാതവൃത്തങ്ങളെ ഉദ്ധരിച്ച് ദക്ഷിണകൊറിയന്‍ പത്രം ജൂംഗ് ആംഗ് റിപ്പോര്‍ട്ട് ചെയ്തു. 2016ല്‍ ലണ്ടനിലെ ഡെപ്യൂട്ടി അംബാസഡറായിരുന്ന തായ് യോംഗ് ഹോ കുടുംബത്തോടൊപ്പം ദക്ഷിണ കൊറിയയില്‍ അഭയം തേടിയിരുന്നു. കുട്ടികള്‍ക്ക് നല്ല വിദ്യാഭ്യാസം ലഭിക്കാന്‍ വേണ്ടിയായിരുന്നു കൂറുമാറ്റമെന്ന് അദ്ദേഹം പറഞ്ഞിരുന്നു.
ഇപ്പോള്‍ കൂറുമാറിയ ജോ 2017 ഒക്ടോബറിലാണ് റോമിലെ ആക്ടിംഗ് അംബാസഡറായത്. ഉത്തരകൊറിയ ആണവപരീക്ഷണം നടത്തിയതിന്റെ പേരില്‍ മുന്‍ അംബാസഡറെ ഇറ്റലി പുറത്താക്കിയതിനെത്തുടര്‍ന്നായിരുന്നു ഇദ്ദേഹത്തിന്റെ നിയമനം. ജോ പാശ്ചാത്യരാജ്യത്ത് അഭയം തേടിയതായി മുമ്പ് റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇറ്റലിയില്‍ അഭയം തേടിയിട്ടില്ലെന്നാണ് അവരുടെ വിദേശകാര്യ മന്ത്രാലയം അറിയിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല