സ്വന്തം ലേഖകന്‍: അത് ഭൂമി കുലുങ്ങിയതല്ല, തങ്ങള്‍ ആറ്റം ബോംബ് പരീക്ഷണം നടത്തിയതാണെന്ന പ്രഖ്യാപനവുമായി ഉത്തര കൊറിയ. റിക്ടര്‍ സ്‌കെയിലില്‍ 5.3 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉത്തര കൊറിയ ആറ്റം ബോംബ് പരീക്ഷണം നടത്തിയതാണെന്ന് ദക്ഷിണ കൊറിയ നേരത്തെ ആരോപിച്ചിരുന്നു. തുടര്‍ന്ന് ആണവ പരീക്ഷണം നടത്തിയതായി ഉത്തര കൊറിയന്‍ അധികൃതര്‍ സ്ഥിരീകരിക്കുകയും ചെയ്തു.
‘കൃത്രിമ’ ഭൂകമ്പമാണ് ഇതെന്നും അഞ്ചാമത്തെ ആണവ പരീക്ഷണമാണ് ഉത്തര കൊറിയ നടത്തിയതെന്നും ദക്ഷിണ കൊറിയന്‍ സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി യോനാപ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഉപഗ്രഹ ചിത്രങ്ങളുടെയും രഹസ്യാന്വേഷണ വിവരത്തിന്റേയും അടിസ്ഥാനത്തില്‍ പരീക്ഷണം നടന്നത് ഉത്തര കൊറിയയിലെ പംഗീരിയിലാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
മുമ്പും ഇവിടെ തന്നെയാണ് ഉത്തര കൊറിയ ആണവ പരീക്ഷണം നടത്തിയിട്ടുള്ളത്. ഭൂകമ്പത്തിന് സമാനമായുള്ള പ്രകമ്പനം ഉത്തര കൊറിയന്‍ മേഖലയില്‍ അനുഭവപ്പെട്ടതായി യു.എസ് ജിയോളജിക്കല്‍ സര്‍വേയും സ്ഥിരീകരിച്ചിട്ടുണ്ട്.
ബാലിസ്റ്റിക് മിസൈലുകള്‍ പരീക്ഷിക്കരുതെന്നു യുഎന്‍ രക്ഷാസമിതിയുടെ വിലക്ക് നിലവിലുള്ളപ്പോഴാണ് ഉത്തര കൊറിയ ഈ വര്‍ഷം 22 മിസൈല്‍ പരീക്ഷണങ്ങള്‍ നടത്തിയത്. ഇന്നലെ സംഭവിച്ചത് മിസൈലില്‍ ഘടിപ്പിക്കാവുന്ന വിധം ചെറുതാക്കിയ ബോംബിന്റെ പരീക്ഷണമാണെന്നാണ് സൂചന.
ദക്ഷിണ കൊറിയേയും ജപ്പാനേയും ആക്രമിച്ചു നശിപ്പിക്കാനുള്ള ശേഷി ഉത്തര കൊറിയക്ക് ഉണ്ടെന്നാണ് നിരീക്ഷകര്‍ കരുതുന്നത്. ആയിരം കിലോമീറ്റര്‍ ദൂരം വരെ എത്തുന്ന സ്‌കഡ് മിസൈലിന്റെ പരിഷ്‌കരിച്ച പതിപ്പാണ് തിങ്കളാഴ്ച ഉത്തര കൊറിയ പരീക്ഷിച്ചത്. മുങ്ങിക്കപ്പലില്‍നിന്നു തൊടുക്കാവുന്ന മിസൈലുകളും ഉത്തര കൊറിയയുടെ ആയുധപ്പുരയിലുണ്ട്.
ആണവ നിര്‍വ്യാപന ഉടമ്പടി(എന്‍പിടി)യില്‍ ഒപ്പുവച്ചിരുന്ന ഉത്തര കൊറിയ 1993 ല്‍ അതില്‍നിന്നു പിന്‍മാറുന്നതായി പ്രഖ്യാപിച്ചു. 1994 ല്‍ അമേരിക്കയുമായി ചര്‍ച്ച ആരംഭിക്കുകയും സമവായത്തില്‍ എത്തുകയും ചെയ്‌തെങ്കിലും 2003 ല്‍ വീണ്ടും എന്‍പിടിയില്‍ നിന്നു പിന്മാറുകയായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല