സ്വന്തം ലേഖകന്‍: കിം ജോങ് ഉന്നിന്റെ വിദേശ സ്വത്തുക്കള്‍ മരവിപ്പിക്കണെമെന്ന് യുഎസ്, ഉത്തര കൊറിയക്കെതിരായ നിലപാട് ശക്തമാക്കാന്‍ യുഎന്നില്‍ കരുനീക്കം. തുടര്‍ച്ചയായി ആണവായുധ പരീക്ഷണങ്ങള്‍ നടത്തുന്ന ഉത്തര കൊറിയക്കെതിരെ ഉപരോധം ശക്തിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഐക്യരാഷ്ട്ര സഭയില്‍ യുഎസ് പ്രമേയം അവതരിപ്പിച്ചു. ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നിന്റെ വിദേശ രാജ്യങ്ങളിലുള്ള സ്വത്ത് മരവിപ്പിക്കണമെന്നും എണ്ണ ഇറക്കുമതി തടയുന്നത് ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിക്കുന്ന പുതിയ കരട് പ്രമേയം ഐക്യരാഷ്ട്രസഭയുടെ രക്ഷാസമിതി അംഗങ്ങള്‍ക്കു അമേരിക്ക കൈമാറി. ഉത്തര കൊറിയയുടെ ഹൈഡ്രജന്‍ ബോംബ് പരീക്ഷണത്തിനു പിന്നാലെയാണ് അമേരിക്കയുടെ പുതിയ പ്രമേയം.
ഉന്നിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടണമെന്നും ഉന്നിന്റേയും മറ്റു ഉത്തര കൊറിയന്‍ അധികാരികളുടെ വിദേശയാത്ര റദ്ദാക്കണമെന്നും അമേരിക്ക പ്രമേയത്തില്‍ ആവശ്യപ്പെടുന്നു. റഷ്യ,ചൈന എന്നീ രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന ഉത്തര കൊറിയന്‍ പൗരന്‍മാരെ തിരിച്ചു നാട്ടിലേക്ക് അയക്കാനും അമേരിക്ക ആവശ്യപ്പെടുന്നുണ്ട്.എന്നാല്‍ ഉത്തര കൊറിയിലേക്ക് എണ്ണയും മറ്റു ഉല്‍പന്നങ്ങളും കയറ്റി അയക്കുന്ന രാജ്യങ്ങളില്‍ പ്രധാനികളായ റഷ്യയും ചൈനയും പ്രമേയത്തെ എതിര്‍ക്കാനാണ് സാധ്യത.
കല്‍ക്കരി ഉല്‍പന്നങ്ങളുടെ കയറ്റുമതി ഉള്‍പ്പെടെുള്ള കാര്യങ്ങള്‍ക്ക് ഉത്തര കൊറിയക്കുമേല്‍ നേരത്തെ ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു. ഉത്തര കൊറിയയുടെ ആണവ പരീക്ഷണങ്ങള്‍ക്കെതിരെ യുഎന്‍ എടുക്കുന്ന നടപടികള്‍ക്ക് എല്ലാ പിന്തുണയും നല്‍കുമെന്ന് ചൈന വ്യക്തമാക്കിയപ്പോള്‍ സ്വയം പ്രതിരോധമെന്ന നിലയ്ക്കാണ് ഉത്തര കൊറിയ ആണവായുധങ്ങളും മിസൈലുകളും പരീക്ഷിക്കുന്നതെന്നും നയതന്ത്ര ഇടപെടലുകള്‍ കൊണ്ടു മാത്രമേ പ്രശ്‌നം പരിഹരിക്കാന്‍ കഴിയുകയുള്ളുവെന്നും റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിന്‍ നിലപാട് വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല