സ്വന്തം ലേഖകന്‍: വാചകമടി നിര്‍ത്തിയില്ലെങ്കില്‍ യുഎസ് കനത്ത വില നല്‍കേണ്ടി വരുമെന്ന മുന്നറിയിപ്പുമായി ഉത്തര കൊറിയ, യുഎന്നിലെ യുഎസ് പ്രതിനിധി നിക്കി ഹാലിക്കെതിരെ രൂക്ഷ വിമര്‍ശനം. യുഎസ് അവരുടെ നിഷേധാത്മക നിലപാട് തിരുത്തുന്നതുവരെ ഒരു വിധത്തിലുള്ള ചര്‍ച്ചകള്‍ക്കും സന്നദ്ധരല്ലെന്നും ഉത്തര കൊറിയ വ്യക്തമാക്കി. ഉത്തര കൊറിയ യുദ്ധം ഇരന്നുവാങ്ങുന്നുവെന്ന യുഎന്നിലെ അമേരിക്കന്‍ പ്രതിനിധി നിക്കി ഹാലെയുടെ പ്രസ്താവനയാണ് ഉത്തരകൊറിയയെ പ്രകോപിപ്പിച്ചത്.
ഐക്യരാഷ്ട്ര സഭയിലെ അമേരിക്കന്‍ അംബാസിഡറും ഇന്ത്യന്‍ വംശജയുമായ നിക്കി ഹാലിയെ ഉത്തര കൊറിയന്‍ മാധ്യമം വേശ്യയെന്നാണ് വിശേഷിപ്പിച്ചത്. ഉത്തര കൊറിയന്‍ ഔദ്യോഗിക മാദ്ധ്യമമായ കൊറിയന്‍ സെന്‍ട്രല്‍ ന്യൂസ് ഏജന്‍സിയാണ് (കെ.സി.എന്‍.എ) നിക്കി രാഷ്ട്രീയ വേശ്യയാണെന്നും നിലവാരമില്ലാത്ത പ്രസ്താവനകള്‍ നടത്തി അവര്‍ ലോകത്തിന് മുന്നില്‍ കോമാളി വേഷം കെട്ടുകയാണെന്നും ആരോപിച്ചത്.
ഉത്തര കൊറിയ നടത്തിയ ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണത്തില്‍ അപക്വമായ പ്രസ്താവന നടത്തിയതിന്റെ പേരില്‍ നിക്കിക്ക് ഒരു പാട് പഴി കേള്‍ക്കേണ്ടി വന്നു. രാഷ്ട്രീയത്തില്‍ തുടക്കക്കാരിയായത് കൊണ്ടാണ് ഇങ്ങനെ സംഭവിച്ചത്. വരാനിരിക്കുന്ന അപകടം മുന്‍കൂട്ടി കാണുന്നതില്‍ അവര്‍ പരാജയമാണെന്നും കെ.സി.എന്‍.എയിലെ റിപ്പോര്‍ട്ട് തുടരുന്നു. ഉത്തര കൊറിയ യുദ്ധം ഇരന്ന് വാങ്ങുകയാണെന്ന നിക്കിയുടെ പ്രസ്താവനയെയും റിപ്പോര്‍ട്ടില്‍ നിശിതമായി വിമര്‍ശിക്കുന്നുണ്ട്.
ഉത്തരകൊറിയന്‍ സ്ഥാപകദിനമായ സെപ്റ്റംബര്‍ ഒന്‍പതിനു അവര്‍ മറ്റൊരു ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ചേക്കുമെന്ന ആശങ്കകള്‍ ശക്തമായിരിക്കെയാണ് പ്രകോപനം. സ്‌ഫോടക ശേഷി കൂടിയ ഹൈഡ്രജന്‍ ബോംബ് പരീക്ഷിച്ച് കഴിഞ്ഞ ദിവസം ഉത്തര കൊറിയ ലോകത്തെ ഞെട്ടിച്ചിരുന്നു. രാജ്യം സ്ഥാപിതമായതിന്റെ വാര്‍ഷികാഘോഷ ചടങ്ങുകള്‍ക്ക് കൊഴുപ്പുകൂട്ടാന്‍ സെപ്റ്റംബര്‍ ഒന്‍പതിനോ ഉത്തര കൊറിയയിലെ ഭരണകക്ഷിയുടെ സ്ഥാപകദിനമായ ഒക്ടോബര്‍ പത്തിനോ പരീക്ഷണം നടത്തിയേക്കാം എന്നായിരുന്നു റിപ്പോര്‍ട്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല