സ്വന്തം ലേഖകന്‍: പറന്നുയര്‍ന്ന ഉടന്‍ പൊട്ടിച്ചിതറി ഉത്തര കൊറിയയുടെ മിസൈല്‍ സ്വപ്നങ്ങള്‍, ദീര്‍ഘദൂര മിസൈല്‍ പരീക്ഷണം പരാജയം. ഉത്തര കൊറിയയുടെ മിസൈല്‍ പരീക്ഷണ പദ്ധതിക്കേറ്റ കനത്ത തിരിച്ചടിയാണ് പൊങ്ങും മുമ്പ് പൊട്ടിത്തെറിച്ച മിസൈലെന്നാണ് യുഎസിന്റേയും ദക്ഷിണ കൊറിയയുടേയും വിലയിരുത്തല്‍. ഉത്തര കൊറിയയുടെ കിഴക്കന്‍ തീരത്ത് കല്‍മയില്‍ നടത്തിയ പരീക്ഷണമാണ് രാജ്യത്തിന് കനത്ത തിരിച്ചടി നല്‍കി പരാജയപ്പെട്ടത്.
പുതിയ റോക്കറ്റ് എന്‍ജിന്റെ ഭൂതല പരീക്ഷണം കുറച്ചുനാള്‍ മുമ്പ് ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നിന്റെ സാന്നിധ്യത്തില്‍ വിജയകരമായി നടത്തിയിരുന്നു. ദീര്‍ഘദൂര മിസൈല്‍ പരീക്ഷണങ്ങള്‍ക്ക് ഐക്യരാഷ്ട്രസഭ രാജ്യത്തെ വിലക്കിയിട്ടുണ്ടെങ്കിലും ഉന്‍ ഇതുവരെ ഈ വിലക്ക് വകവെച്ചില്ലെന്ന് മാത്രമാല്ല അമേരിക്കയുള്‍പ്പെടെയുള്ള ലോക രാജ്യങ്ങളെ പരസ്യമായി വെല്ലുവിളിക്കുകയും ചെയ്തിരുന്നു. സമാധാനപരമായ കാര്യങ്ങള്‍ക്കാണ് പരീക്ഷണം നടത്തുന്നതെന്നാണ് ഉന്നിന്റെ വാദം.
ഇത്തവണ വിക്ഷേപിച്ച ഉടന്‍ തന്നെ മിസൈല്‍ തകര്‍ന്നു വീണെന്നും എന്നാല്‍ ഏത് തരം മിസൈലാണ് കിം ജോങ് ഉന്നിന്റെ സൈന്യം പരീക്ഷതെന്ന് വ്യക്തമല്ലെന്നും ദക്ഷിണ കൊറിയ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. എങ്കിലും വിവാദമായ ദീര്‍ഘദൂര മിസൈലാണ് തകര്‍ന്നതെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്. ഉന്നിന്റെ ആരേയും വകവെയ്ക്കാതെയുള്ള മിസൈല്‍ ആണവ പരീക്ഷണങ്ങള്‍ അയല്‍ രാജ്യങ്ങള്‍ക്ക് എന്നും തലവേദനയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല