സ്വന്തം ലേഖകൻ: പോലീസ് സര്‍വ്വീസ് ഓഫ് നോര്‍ത്തേണ്‍ അയര്‍ലന്‍ഡിന്റിന്റെ (പി എസ് എന്‍ ഐ) പുതിയതായി പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ വംശീയാക്രമണങ്ങള്‍ വര്‍ദ്ധിച്ചു വരുന്നതായാണ് കാണുന്നത്. ഒരു ദിവസം ശരാശരി നാല് സംഭവങ്ങള്‍ എങ്കിലും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതായി കണക്കുകള്‍ സൂചിപ്പിക്കുന്നു.
സൗത്ത്‌പോര്‍ട്ടിലെ മൂന്ന് സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളുടെ മരണവുമായി ബന്ധപ്പെട്ട കലാപം ഉണ്ടാകുന്നതിനു മുന്‍പുള്ള കണക്കാണിത്. കഴിഞ്ഞ ജൂണില്‍ അവസാനിച്ച 12 മാസത്തെ കണക്കുകളാണ് ഇപ്പോള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഇക്കാലയളവില്‍ 1411 വംശീയാക്രമണങ്ങളാണ് നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ ഉണ്ടായിട്ടുള്ളത്. തൊട്ട് മുന്‍പത്തെ വര്‍ഷത്തേക്കാള്‍ 144 എണ്ണം കൂടുതലാണിത്.
ഇത്തരം വിവരങ്ങള്‍ സൂക്ഷിക്കാന്‍ തുടങ്ങിയ 2004 മുതലുള്ള കണക്കുകള്‍ എടുത്താല്‍ ഇപ്പോഴുള്ളത് സര്‍വ്വകാല റെക്കോര്‍ഡാണ്. എന്നാല്‍, ഇവയില്‍ എല്ലാം തന്നെ ക്രിമിനല്‍ പ്രവര്‍ത്തനം എന്ന നിലയിലുള്ള ഗുരുതരമായ കുറ്റങ്ങളല്ല എന്നും പി എസ് എന്‍ ഐ വ്യക്തമാക്കുന്നു. 1411 കേസുകളില്‍ 891 ല്‍ ആണ് ക്രിമിനല്‍ കുറ്റം നടന്നിട്ടുള്ളത്. ഏതാണ്ട് 500 ഓളം കേസുകള്‍ വാക്കാലുള്ള ആക്ഷേപങ്ങളുമായി ബന്ധപ്പെട്ടുള്ളതാണ്.
ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് വംശീയ വിരോധ കേസുകളേക്കാള്‍ കൂടുതലായിരുന്നു വിഘടനവാദവുമായി ബന്ധപ്പെട്ട കേസുകള്‍. എന്നാല്‍, ഇപ്പോള്‍, കാര്യങ്ങള്‍ വിപരീത ദിശയിലാണ് മേല്‍പ്പറഞ്ഞ കാലയളവില്‍ വിഘടനവാദവുമായി ബന്ധപ്പെട്ട് 967 സംഭവങ്ങളാണ് ഉണ്ടായത് . തൊട്ട് മുന്‍പത്തെ വര്‍ഷത്തേക്കാള്‍ 254 എണ്ണം കുറവാണിത്.
ഈ കണക്കുകളില്‍ ആശങ്ക പ്രകടിപ്പിച്ചു കൊണ്ട് ആംനസ്റ്റി ഇന്റര്‍നാഷണല്‍ രംഗത്തെത്തിയിട്ടുണ്ട്. അരക്ഷിതാവസ്ഥ ജനമനസ്സില്‍ മുളപ്പിക്കാന്‍ തക്ക ഭീകരമാണ് വംശീയ വെറിയുമായി ബന്ധപ്പെട്ട കേസുകളുടെ എണ്ണം എന്നും അര്‍ പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല