നോര്‍വെ ശിശുക്ഷേമ വകുപ്പ് പിടിച്ചെടുത്ത കുട്ടികളെ തിരികെക്കിട്ടാന്‍ ബംഗാളി ദമ്പതിമാരും ഇന്ത്യന്‍ ഭരണകൂടവും നടത്തിയ മാസങ്ങള്‍ നീണ്ട ശ്രമം വിജയത്തിലേക്ക്. കുട്ടികളെ കോല്‍ക്കത്തയിലുള്ള പിതൃസഹോദരനു കൈമാറാന്‍ ധാരണ. മാര്‍ച്ച് 23ന് സ്റ്റാവഞ്ചര്‍ ജില്ലാ കോടതിയില്‍ നോര്‍വെ ഭരണകൂടം സമവായ നിര്‍ദേശം അവതരിപ്പിക്കും. കോടതി അംഗീകരിച്ചാല്‍, പിന്നെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാവാന്‍ വേണ്ട സമയം മാത്രം. ഒത്തുതീര്‍പ്പു നിര്‍ദേശം കോടതി അംഗീകരിക്കുന്നതാണ് ഇത്തരം കേസുകളില്‍ പതിവ്.
പശ്ചിമ ബംഗാള്‍ സ്വദേശികള്‍ അനുരൂപ് ഭട്ടാചാര്യ- സാഗരിക ദമ്പതിമാരുടെ മക്കള്‍ അഭിജ്ഞാന്‍ (മൂന്നു വയസ്), ഐശ്വര്യ (ഒന്ന്) എന്നിവര്‍ക്കാണു നോര്‍വെ ശിശുക്ഷേമ വകുപ്പിന്റെ “പത്തു മാസ തടങ്കലില്‍’ നിന്നു മോചനമാകുന്നത്. അഭിജ്ഞാനെ അമ്മ സാഗരിക ഒപ്പം കിടത്തിയുറക്കിയതും കൈകൊണ്ടു ഭക്ഷണം കൊടുത്തതും തെറ്റാണെന്നു വാദിച്ചു കഴിഞ്ഞ മേയില്‍ നോര്‍വെ ശിശുക്ഷേമ വിഭാഗം കുട്ടികളെ പിടിച്ചുകൊണ്ടുപോകുകയായിരുന്നു.
കുട്ടികള്‍ക്കു പ്രത്യേക മുറി വേണമെന്നും കൈകൊണ്ടു ഭക്ഷണം കൊടുക്കുന്നതു ശുചിത്വമില്ലായ്മയാണെന്നുമൊക്കെയാണു നോര്‍വെയിലെ രീതി. കുട്ടികള്‍ മാതാപിതാക്കളോട് ഇടപഴകി ജീവിക്കുന്നതാണ് ഇന്ത്യന്‍ സംസ്കാരമെന്നു അനുരൂപും സാഗരികയും ചൂണ്ടിക്കാണിച്ചിട്ടും വിട്ടുകൊടുക്കാന്‍ അധികൃതര്‍ തയാറായിരുന്നില്ല. വല്ലപ്പോഴും ചില്‍ഡ്രന്‍സ് ഹോമില്‍ കുട്ടികളെ സന്ദര്‍ശിക്കാന്‍ മാത്രമായിരുന്നു അനുമതി. ദമ്പതിമാരുടെയും കുട്ടികളുടെയും ദുരവസ്ഥ ഇന്ത്യയില്‍ വാര്ത്തയായതിനെത്തുടര്ന്നാണു വിദേശകാര്യ മന്ത്രാലയം ഇടപെട്ടത്.
ആദ്യഘട്ടത്തില്‍ കടുംപിടുത്തം തുടര്‍ന്നെങ്കിലും പിന്നീട് അനുരൂപിന്റെ സഹോദരന് അരുണഭാസിനു കുട്ടികളെ വിട്ടുനല്‍കാന്‍ അധികൃതര്‍ സമ്മതം മൂളിയിരുന്നു. അടുത്തിടെ ഈ നിലപാടില്‍ നിന്നു പിന്നാക്കം പോയി. വിസ കാലാവധി അവസാനിച്ച് അച്ഛനമ്മമാര്‍ ഇന്ത്യയിലേക്കു മടങ്ങിയാലും 18 വയസ് പൂര്‍ത്തിയാകും വരെ കുട്ടികള്‍ ഇവിടെ കഴിയണമെന്നു പുതിയ നിലപാടിലെത്തി അധികൃതര്‍. ഇതോടെ കുട്ടികളുടെ മുത്തച്ഛനും മുത്തശ്ശിയും ഡല്‍ഹിയില്‍ സമരം തുടങ്ങി.
ഇന്ത്യയിലേക്കു മടങ്ങിയാല്‍ എപ്പോഴും നോര്‍വെയിലെത്തി കുട്ടികളെ കാണാനാവില്ലെന്ന് അനുരൂപം സാഗരികയും ചൂണ്ടിക്കാട്ടുകയും ചെയ്തു. ഇതോടെ, വിദേശകാര്യ മന്ത്രി എസ്.എം. കൃഷ്ണയുടെ നേതൃത്വത്തിലുണ്ടായ ഇടപെടലുകളാണ് ഒടുവില്‍ വിജയം കണ്ടത്. ചര്‍ച്ചകള്‍ക്കായി വിദേശകാര്യ മന്ത്രാലയം പ്രത്യേക പ്രതിനിധി മധുസൂദനന് ഗണപതിയെ ഓസ്ലോയിലേക്ക് അയച്ചിരുന്നു. കുട്ടികളെ പിതൃസഹോദരന്റെ പക്കല്‍ ഏല്‍പ്പിക്കുന്നതില്‍ ആശങ്കയില്ലെന്ന് നോര്‍വെ ശിശുക്ഷേമ വകുപ്പ് മേധാവി ഗുന്നര്‍ ടോര്‍സന്‍ പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല