ഭാഗ്യമെന്ന് പറഞ്ഞാല്‍ ഇതൊക്കെയാണ്… നേര്‍വേക്കാരിയായ ഹേഗിന്റെ വീട്ടിലേക്ക് ഭാഗ്യം വിരുന്ന് വന്നത് ഒരു തവണയല്ല…മൂന്ന് തവണ. അതും ചില്ലറ ഭാഗ്യമൊന്നുമല്ല. ലക്ഷങ്ങളുടെ ലോട്ടറി ഭാഗ്യം തന്നെ. രസം ഹേഗിന്റെ മൂന്ന് മക്കളും ജനിച്ചപ്പോഴാണ് ഭാഗ്യവും വീടീന്റെ പടി കയറി വന്നത്. ഓരോ പ്രാവശ്യവും ഹേഗ് കുട്ടിക്ക് ജന്മം നല്‍കുമ്പോഴും കുടുംബത്തിലെ ആരെയെങ്കിലും കാത്ത് ഭാഗ്യം ഇരിപ്പുണ്ടാകും.
അപൂര്‍വ്വമായി മാത്രം ലോട്ടറിയെടുക്കുന്ന കുടുംബമാണ് ഹേഗിന്റേത്. ആറ് വര്‍ഷത്തിനുള്ളിലാണ് മൂന്ന് തവണ ഹേഗിന്റെ കുടുംബത്തില്‍ ലോട്ടറി അടിച്ചത്. പെട്രോള്‍ സ്‌റ്റേഷനില്‍ ഹോട്ട് ഡോഗ് വില്‍ക്കുന്ന ജോലിയാണ് 29 കാരിയായ ഹേഗ് ജെനറ്റിന്. 2006ലാണ് ഹേഗ് ആദ്യത്തെ കുട്ടിക്ക് ജന്മം നല്‍കുന്നത്. പിറ്റേ ദിവസം ഹേഗിന്റെ പിതാവ് ലെഫിന് 4.2 മില്യണ്‍ ക്രൗണിന്റെ ദേശീയ ലോട്ടറി അടിച്ചു.
മൂന്ന് വര്‍ഷത്തിന് ശേഷം ഹേഗ് ജെനറ്റ് ഓസ്‌കിന്‍സ് തന്റെ രണ്ടാമത്തെ കുട്ടിക്ക് ജന്മം നല്‍കിയപ്പോള്‍ അവര്‍ക്ക് തന്നെ 8.2 മില്യണ്‍ ക്രൗണിന്റെ ലോട്ടറി അടിക്കുകയുണ്ടായി. രണ്ട് സംഭവവും യാദൃശ്ചികമായിരിക്കും എന്ന് വിശ്വസിച്ചിരിക്കുമ്പോഴാണ് ഹേഗ് തന്റെ മൂന്നാമത്തെ കുട്ടിക്ക് ജന്മം നല്‍കുന്നത്. ഇക്കുറി ഭാഗ്യം കനിഞ്ഞത് ഹേഗിന്റെ പതിനെട്ട് വയസ്സുകാരനായ സഹോദരനെയാണ്. 12.2 മില്യണ്‍ ക്രൗണാണ് ഹേഗിന്റെ സഹോദരന്‍ ടോഡിന് ലഭിച്ചത്.
കുട്ടികള്‍ ജനിക്കുമ്പോഴെല്ലാം സ്ഥിരമായി ഭാഗ്യം വരാറുണ്ടെങ്കിലും ഇനിയും കുട്ടികള്‍ വേണ്ടെന്നാണ് ഹേഗിന്റേയും ഭര്‍ത്താവിന്റേയും തീരുമാനം. തനിക്ക് സമ്മാനമായി ലഭിച്ച പണം കൊണ്ട് ഹേഗ് ഒരു കാര്‍ വാങ്ങി. ഒപ്പം കുറേ യാത്രകളും നടത്തി. ബാക്കി പണം ബാങ്കിലിട്ടിരിക്കുകയാണ്. തങ്ങളുടെ സ്വപ്‌ന സ്ഥലത്ത് ഒരു വീട് പണിയാനായി കാത്തിരിക്കുകയാണ് ഈ കുടുംബം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല