1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 31, 2012

നോര്‍വേയില്‍ ഇന്ത്യന്‍ കുട്ടികളെ അധികൃതര്‍ ഏറ്റെടുത്ത സംഭവത്തില്‍ ഉണ്ടായിരുന്ന അനിശ്ചിതത്വത്തിന് വിരാമമാകുന്നു. കുട്ടികളെ വിട്ടുകിട്ടുന്നത് സംബന്ധിച്ച് ഇന്ത്യന്‍ ദമ്പതിമാര്‍ പുതിയ കരാറിലെത്തിയാതിനെ തുടര്‍ന്നു പത്തു മാസം മുന്‍പ് നോര്‍വീജിയന്‍ അധികൃതര്‍ മാതാപിതാക്കളില്‍ നിന്ന് ഏറ്റെടുത്ത ഇന്ത്യന്‍ കുട്ടികളെ അവരുടെ അച്ഛന്റെ സഹോദരനു കൈമാറാമെന്ന് അധികൃതര്‍ സമ്മതിച്ചു. നേരത്തേ ഇതു സംബന്ധിച്ച് ധാരണയായതിനെത്തുടര്‍ന്ന് കുട്ടികളുടെ അച്ഛന്‍ അനുരൂപ് ഭട്ടാചാര്യയുടെ സഹോദരന്‍ അരുണഭാഷ് നോര്‍വേയിലെത്തിയിരുന്നു.

എന്നാല്‍, ചില നിയമ സങ്കീര്‍ണതകള്‍ കാരണം കുട്ടികളെ വിട്ടുകൊടുക്കുന്നതില്‍ വീണ്ടും തടസമുണ്ടായി. ഇപ്പോള്‍ ചൈല്‍ഡ് വെല്‍ഫെയര്‍ സര്‍വീസാണ് തടസം നീങ്ങിയതായി കോടതിയെ അറിയിച്ചത്. ഏപ്രില്‍ 17ന് കോടതി ഇക്കാര്യത്തില്‍ അന്തിമ വിധി പ്രഖ്യാപിക്കും. മാതാപിതാക്കള്‍ തമ്മിലുള്ള പ്രശ്നങ്ങള്‍ നിരത്തി കഴിഞ്ഞ ദിവസം കുട്ടികളെ വിട്ടു കൊടുക്കാനുള്ള തീരുമാനത്തില്‍ നിന്നു നോര്‍വെ അധികൃതര്‍ പിന്മാറിയിരുന്നു. എന്നാല്‍ ഇതേതുടര്‍ന്ന് മാതാപിതാക്കളും കുട്ടികളുടെ ചെറിയച്ഛനും തമ്മില്‍ ഇന്ത്യന്‍ എംബസി അധികൃതരുടെ മധ്യസ്ഥതയില്‍ നടത്തിയ ആശയവിനിമയത്തില്‍ പുതിയ സാധ്യതകള്‍ ഉടലെടുക്കുകയായിരുന്നു.

വെള്ളിയാഴ്ചയായിരുന്നു ചര്‍ച്ചയും മറ്റു നടപടികളും പൂര്‍ത്തിയായത്. ഇതനുസരിച്ച് വഴിപിരിയാന്‍ മോഹിച്ച ദമ്പതികള്‍ കുട്ടികളെപ്രതി തല്‍ക്കാലം വിവാഹമോചനം നേടുന്നില്ലെന്നാണ് അറിയിച്ചത്. കുട്ടികളെ അനുരൂപിന്റെ സഹോദരനും കുട്ടികളുടെ ചെറിയച്ഛനുമായ അരുണഭാഷ് ഭട്ടാചാര്യയ്ക്ക് കൈമാറാന്‍ നോര്‍വെ അധികൃതര്‍ തയാറായി. ഇത്തരമൊരു കാരാറിലാണ് ദമ്പതികളും നോര്‍വേ സര്‍ക്കാര്‍ പ്രതിനിധികളും തമ്മില്‍ ഒപ്പുവച്ചിരിക്കുന്നത്. ഇതോടെ കുട്ടികളെ അരുണാഭാഷ് ഏറ്റെടുക്കുമെന്നുറപ്പായി. മൂന്നു വയസുകാരനായ അഭിഗ്യാനും ഒരു വയസുകാരിയായ ഐശ്വര്യയും കഴിഞ്ഞ മേയ് മുതല്‍ ശിശുക്ഷേമ കേന്ദ്രത്തിന്റെ സംരക്ഷണയിലാണ് കഴിയുന്നത്.

നോര്‍വീജിയന്‍ ജില്ലാ കോടതി സമക്ഷം സമര്‍പ്പിച്ച കരാര്‍ ഇന്ത്യന്‍ എംബസിയുടെ അറിവോടെയാണ് ഡ്രാഫ്റ്റ് ചെയ്തിരിക്കുന്നത്. കുട്ടികളെ കൂടെ കിടത്തിയെന്നും കൈകൊണ്ടു ഭക്ഷണം വാരിക്കൊടുത്തുവെന്നും കുട്ടികളെ ദമ്പതികള്‍ വൈകാരികമായി സംരക്ഷിച്ചില്ലെന്നുമുള്ള ആരോപണങ്ങള്‍ അടിസ്ഥാനമാക്കിയാണ് ശിശുക്ഷേമ കേന്ദ്രം കുട്ടികളെ ഏറ്റെടുത്തത്. കേന്ദ്ര വിദേശകാര്യമന്ത്രിയുടെ പ്രത്യേക നിര്‍ദ്ദേശപ്രകാരം നോര്‍വേയിലെ ഇന്ത്യന്‍ നയതന്ത്രജ്ഞര്‍ കാര്യങ്ങളുടെ ഗൌരവം നോര്‍വീജിയന്‍ അധികൃതരെ ബോധ്യപ്പെടുത്തിയിയിരുന്നു.

കൂടാതെ സിപിഎം നേതാവ് വൃന്ദ കാരാട്ട് ഈ വിഷയത്തില്‍ കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നു. അനുരൂപും ഭാര്യ സാഗരികയും തമ്മിലുള്ള പ്രശ്നങ്ങള്‍ കാരണമാണ് കുട്ടികളെ ചൈല്‍ഡ് വെല്‍ഫയര്‍ ഏറ്റെടുത്തതെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന സൂചനകള്‍. എന്നാല്‍, ഇന്ത്യന്‍ സംസ്കാരത്തില്‍ കുട്ടികളെ വളര്‍ത്തുന്നതിനാലാണ് ഏറ്റെടുത്തതെന്നാണ് അനുരൂപും സാഗരികയും ഇന്ത്യന്‍ വിദേശ കാര്യ മന്ത്രി അടക്കമുള്ളവരെ ധരിപ്പിച്ചിരുന്നത്. കഴിഞ്ഞ ദിവസം നടപടികള്‍ വേഗത്തിലാക്കാന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്‌ നോര്‍വ്വേയെ അറിയിച്ചിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.