1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 24, 2012

മാതാപിതാക്കള്‍ അടുപ്പം കാണിക്കുന്നില്ലെന്നാരോപിച്ച് നോര്‍വേ അധികൃതര്‍ ഏറ്റെടുത്ത കുട്ടികളെ വിട്ടുകിട്ടുന്നത് സംബന്ധിച്ച് ഇന്ത്യന്‍ ദമ്പതിമാര്‍ പുതിയ കരാറിലെത്തിയതായി റിപ്പോര്‍ട്ട്. മാതാപിതാക്കള്‍ തമ്മിലുള്ള പ്രശ്നങ്ങള്‍ മൂലം കഴിഞ്ഞ വ്യാഴാഴ്ച കുട്ടികളെ വിട്ടു കൊടുക്കുന്നതില്‍ നിന്നും നോര്‍വെ പിന്മാറിയിരുന്നു. എന്നാല്‍ ഇതേതുടര്‍ന്ന് മാതാപിതാക്കളും കുട്ടികളുടെ ചെറിയച്ഛനും തമ്മില്‍ ഇന്ത്യന്‍ അധികൃതരുടെ മധ്യസ്ഥതയില്‍ പുതിയ കരാര്‍ ഉണ്ടാക്കുകയായിരുന്നു. ഇതോടെ കുട്ടികളെ വിട്ടു കിട്ടുന്നതിനുള്ള സാധ്യത തെളിഞ്ഞു.

മൂന്നു വയസ്സുകാരനായ അഭിഗ്യാനേയും ഒരു വയസ്സുകാരിയായ ഐശ്വര്യയേയും ചെറിയച്ഛനായ അരുണഭാഷ് ഭട്ടാചാര്യയുടെ സംരക്ഷണയില്‍ വിട്ടുകൊടുക്കാമെന്നാണ് പുതിയ കരാര്‍. നോര്‍വീജിയന്‍ ജില്ലാ കോടതിയില്‍ കരാര്‍ സമര്‍പ്പിച്ചതോടെ കുട്ടികളെ വിട്ടുകിട്ടാനുള്ള നീക്കം വീണ്ടും ശക്തമായി.കുട്ടികളെ കൂടെ കിടത്തിയെന്നും കൈകൊണ്ടു ഭക്ഷണം കൊടുത്തുവെന്നും മാതാപിതാക്കളായ അനുരൂപ് ഭട്ടാചാര്യയും സാഗരിഗയും വൈകാരികമായി അടുപ്പം കാണിക്കുന്നില്ലെന്നാരോപിച്ചാണ് അധികൃതര്‍ കുട്ടികളെ ഏറ്റെടുത്തത്. കഴിഞ്ഞ മെയ് മുതല്‍ ശിശുക്ഷേമ കേന്ദ്രത്തിന്റെ സംരക്ഷണയിലാണ് ഇരുവരും.

ഇന്ത്യന്‍ നയതന്ത്രജ്ഞര്‍ ഇടപെട്ടാണ് കുട്ടികളെ ചെറിയച്ഛനായ അരുണഭാഷിന്റെ സംരക്ഷണയില്‍ വിട്ടുകൊടുക്കാമെന്ന് നോര്‍വീജിയന്‍ അധികൃതരെ ബോധ്യപ്പെടുത്തിയത്. എന്നാല്‍ സാഗരിഗയുമായി വിവാഹമോചനത്തിന് ശ്രമിക്കുകയാണെന്ന് അനുരൂപ് പറഞ്ഞതായി പത്രറിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. കുട്ടികളെ നോര്‍വേയില്‍ താമസിപ്പിക്കാനാണ് തീരുമാനമെന്ന് അദ്ദേഹം ഇന്ത്യന്‍ അധികൃതരോട് പറഞ്ഞു. അതിനിടെ ചെറിയച്ഛന്‍ കുട്ടികളുടെ സംരക്ഷണയില്‍ നിന്ന് പിന്മാറാന്‍ ശ്രമിച്ചതായും റിപ്പോര്‍ട്ടുണ്ടായിരുന്നു. സാഗരിഗ കുട്ടികളെ ഇന്ത്യയിലേക്ക് കൊണ്ടുപോകാന്‍ താത്പര്യപ്പെട്ടാല്‍ നീണ്ട നിയമ നടപടികള്‍ നേരിടേണ്ടിവരുമെന്ന് ഭയന്നായിരുന്നു ഇത്.

ഇവര്‍ തമ്മിലുള്ള പ്രശ്‌നം പരിഹരിക്കാന്‍ നോര്‍വേയിലെ ഇന്ത്യന്‍ അധികൃതര്‍ ശ്രമിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് നോര്‍വേ കുട്ടികളെ തത്കാലം വിട്ടു കൊടുക്കാനുദ്ദേശിക്കുന്നില്ലെന്ന് വ്യക്തമാക്കിയത്. ഇതേ തുടര്‍ന്ന് വെള്ളിയാഴ്ച കേസില്‍ വാദം കേള്‍ക്കുന്നത് വേണ്ടെന്ന് വെച്ചിരുന്നു. തങ്ങള്‍ അരുണഭാഷിന്റെ കൈയില്‍ കുട്ടികളുടെ സംരക്ഷണം ഏല്പിക്കാന്‍ തയ്യാറാണെന്ന് ദമ്പതിമാര്‍ വ്യാഴാഴ്ച ടെലിവിഷന്‍ ചാനലിന് അനുവദിച്ച അഭിമുഖത്തില്‍ പറഞ്ഞു. അരുണഭാഷിന്റെ സംരക്ഷണയില്‍ ലഭിച്ച ശേഷം കുട്ടികളെ ഇന്ത്യയിലേക്ക് കൊണ്ടുവരാന്‍ സാധ്യത തെളിയുമെന്നാണ് കരുതുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.