നോര്‍വേയെ നടുക്കിയ ഇരട്ട ആക്രമണങ്ങളില്‍ പ്രതിയായ ആന്‍ഡേഴ്സ് ബെഹ്റിങ് ബ്രെയ്വിക്കിനെതിരെ സമാധാന ഗാനവുമായി ജനങ്ങള്‍ ഓസ്ലോ സ്ക്വയറില്‍ അണിനിരന്നു. വിചാരണയ്ക്കിടെ ബ്രെയ്വിക് വിമര്‍ശിച്ച ഗായകന് ലില്ലബ്ജോയേന് നില്‍സന്റെ നേതൃത്വത്തിലാണ് സമാധാനപ്രിയര്‍ ഓസ്ലോ സ്ക്വയറില്‍ അണിചേര്‍ന്നത്.
ബ്രെയ്വിക് വിമര്‍ശിച്ച നില്‍സന്റെ ‘ചില്‍ഡ്രന്‍ ഓഫ് ദ റെയിന്‍ബോ’ എന്ന ഗാനമാണ് ഓസ്ലോ ചത്വരത്തില്‍ ഒന്നിച്ച 40,000-ത്തോളം പേര് ചേര്‍ന്ന് ആലപിച്ചത്. ഈ ഗാനത്തിലൂടെ നോര്‍വേയുടെ സാംസ്കാരിക രംഗത്ത് നുഴഞ്ഞുകയറാനും കുട്ടികളെ ബ്രെയിന്‍വാഷ് ചെയ്യുവാനുമാണ് മാര്‍ക്സിസ്റ്റായ നില്‍സന്‍ ശ്രമിക്കുന്നതെന്നായിരുന്നു ബ്രെയ്വിക് വിചാരണയ്ക്കിടെ കുറ്റപ്പെടുത്തിയത്.
അതിനിടെ, ദുരന്തത്തില്‍നിന്ന് രക്ഷപ്പെട്ടവര്‍ മൊഴി നല്കാന് കോടതിയിലെത്തി. കഴിഞ്ഞവര്‍ഷം ജൂലായ് 22-ന് ഓസ്ലോയില്‍ ബ്രെയ്വിക് നടത്തിയ സ്ഫോടനത്തില്‍ നിന്നും രക്ഷപ്പെട്ട ജസ്റ്റിസ് മന്ത്രാലയ ജീവനക്കാരന് ഹാരോള്‍ഡ് ഫോസ്കറുള്പ്പെടെയുള്ളവരാണ് സാക്ഷിമൊഴി നല്‍കാനെത്തിയത്. സ്ഫോടനത്തില്‍ ഫോസ്കര്ക്ക് മുഖത്ത് സാരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ബോംബ് സ്ഫോടനത്തില്‍ ഒട്ടാകെ എട്ടുപേര്‍ കൊല്ലപ്പെടുകയും 209 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
പിന്നീട് യുടോയോ ദ്വീപില്‍ ഭരണകക്ഷിയായ ലേബര്‍ പാര്‍ട്ടിയുടെ യുവജനക്യാമ്പില്‍ ബ്രെയ്വിക് നടത്തിയ വെടിവെപ്പില്‍ 69 പേരും കൊല്ലപ്പെട്ടിരുന്നു. ആക്രമണം നടത്തിയതെന്ന് സമ്മതിച്ച ബ്രെയ്വിക് പക്ഷേ, താന്‍ കുറ്റക്കാരനെന്ന് സമ്മതിക്കാന്‍ കോടതിയില്‍ തയ്യാറായില്ല. ജൂലായില്‍ ബ്രെയ്വിക്കിനെതിരായ വിധിവരുമെന്നാണ് കരുതുന്നത്. 21 വര്‍ഷത്തെ തടവ് ശിക്ഷ വരെ അദ്ദേഹത്തിന് ലഭിക്കാം. സമൂഹത്തിന് ഭീഷണിയെന്ന് തെളിഞ്ഞാല്‍ ശിക്ഷയുടെ കാഠിന്യം വര്‍ധിക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല