1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 7, 2015


സോണി ജോസഫ് 

ആഗോള കത്തോലിക്കാ സഭയുടെ ആരാധനാക്രമങ്ങളില്‍ ഏറെ പ്രാധാന്യം നല്‍കി ആഘോഷിക്കുന്ന കോര്‍പ്പസ് ക്രിസ്റ്റി തിരുനാളാഘോഷം നോര്‍വിച്ച് സെന്റ് ജോണ്‍സ് റോമന്‍ കത്തോലിക്ക കത്തീഡ്രല്‍ ദേവാലയത്തില്‍ ഇന്ന് ഉച്ചതിരിഞ്ഞ് മൂന്നു മണിക്ക് അതിഭക്തിപൂര്‍വ്വം ആഘോഷിച്ചു.വിശുദ്ധ കുര്‍ബാനയില്‍ തിരുവോസ്തിയുടെ രൂപത്തില്‍ കുടി കൊള്ളുന്ന യേശു ക്രിസ്തുവിന്റ്‌റെ തിരുശരീര രക്ത സാന്നിധ്യത്തെ ഏറ്റു പറയുന്ന തിരുനാളാഘോഷമാണ് കോര്‍പ്പസ് ക്രിസ്റ്റി. നോര്‍വിച്ചിലെ മലയാളികളടക്കം വിവിധ രാജ്യക്കാരായ റോമന്‍ കത്തോലിക്കാ വിശ്വാസികള്‍ ഒന്നിച്ചു നടത്തിയ ഈ തിരുനാള്‍ വേളയില്‍ ഇക്കുറി തെളിഞ്ഞു നിന്നത് പൂര്‍ണ്ണമായും മലയാളത്തനിമയായിരുന്നു.മലയാളി വാദ്യമേളക്കാരായ പൂള്‍ ആന്‍ഡ് ബോണ്‍മൌത്ത് ശിങ്ങാരിമേള സംഗത്തിന്റ്‌റെ അകമ്പടിയോടെയായിരുന്നു തിരുനാളിന്റ്‌റെ പ്രധാന ആകര്‍ഷണമായ നഗരം ചുറ്റി പ്രദക്ഷിണം നടന്നത്. കേരളീയ രീതിയില്‍ വസ്ത്രം ധരിച്ചെത്തിയ മലയാളി വനിതകളും കുട്ടികളും പ്രദക്ഷിണ വീഥിയില്‍ ഏവരുടെയും പ്രത്യേക ശ്രദ്ധ പിടിച്ചു പറ്റി.

 

നോര്‍വിച്ച് സെന്റ് ജോണ്‍സ് റോമന്‍ കത്തോലിക്ക ദേവാലയ വികാരി ഫാ പോള്‍ ഡേവിഡ് മുഖ്യ കാര്‍മ്മികനായ തിരുനാളാഘോഷ ചടങ്ങുകളില്‍ ഫാ. ആരോഗ്യ ശീലന്‍ സഹ കാര്‍മ്മികത്വം വഹിച്ചു.കത്തിച്ച തിരിനാളങ്ങളേന്തിയ പിഞ്ചു കുഞ്ഞുങ്ങളും ആരാധനാ ഗീതങ്ങള്‍ പാടി ദേവാലയ ഗായക സംഘവും, ധൂപരാധന നടത്തി അള്‍ത്താര ബാല സംഘവും മുത്തുക്കുടക ള്‍ വഹിച്ചു കൊണ്ട് പ്രായ പൂര്‍ത്തിയായവരും നഗരി കാണിക്കല്‍ പ്രദക്ഷിണം തങ്ങളുടെ ആഴമേറിയ വിശ്വാസ ജീവിതത്തെ ഏറ്റു പറയുന്ന അതിവിശേഷ വേളയാക്കി മാറ്റി.

വിവിധ രാജ്യക്കാരായ മുന്നൂറോളം വിശ്വാസികള്‍ പങ്കെടുത്ത തിരുനാള്‍ അവസാനിച്ചത് കത്തീഡ്രല്‍ അങ്കണത്തിലെ പുല്ലു മൈതാനത്ത് അലങ്കരിച്ച വേദിയില്‍ നടന്ന തിരുവോസ്തിയുടെ പ്രത്യേക ആരാധനയോടെയാണ്.തുടര്‍ന്ന് കത്തീഡ്രല്‍ പാര്‍ക്കില്‍ നടന്ന ചായ സല്‍ക്കാരത്തിനു ഉത്സവത്തിമിര്‍പ്പ് സമ്മാനിച്ചു കൊണ്ട് നടന്ന ശിങ്കാരി മേളം മലയാളികളുടെ പ്രത്യേക താള രൂപമായ ചെണ്ടമേളത്തിന് വിദേശീയരില്‍ അത്ഭുതവും ആദരവും സൃഷ്ടിക്കുന്ന വേദിയായി മാറി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.