സ്വന്തം ലേഖകൻ: ലോകപ്രശസ്ത ജ്യോതിഷി നോസ്ട്രഡാമസ് വര്‍ഷങ്ങള്‍ക്ക് മുമ്പേ ഇല്ലാതായെങ്കിലും അദ്ദേഹത്തിന്റെ പ്രവചനങ്ങള്‍ ഇന്നും ആളുകള്‍ക്കിടയില്‍ വലിയ സ്വാധീനം ചെലുത്തുന്നുണ്ട്. ഓരോ വര്‍ഷവും അദ്ദേഹം നടത്തിയ പ്രവചനങ്ങള്‍ സത്യമായി കൊണ്ടിരിക്കുകയാണ്. ഈ വര്‍ഷവും അത്തരം ചില കാര്യങ്ങള്‍ നടന്നിരുന്നു.
അതേസമയം ബള്‍ഗേറിയന്‍ ജ്യോതിഷിയായ ബാബ വംഗയും നോസ്ട്രഡാമസും തമ്മില്‍ പ്രവചനങ്ങളുടെ കാര്യത്തില്‍ വലിയ വ്യത്യാസമൊന്നും ഇല്ലെന്നാണ് പരിശോധിക്കുമ്പോള്‍ മനസ്സിലാവുന്നത്. 2023ല്‍ സംഭവിക്കുമെന്ന് നോസ്ട്രഡാമസ് പ്രവചിച്ച കാര്യങ്ങളില്‍ കുറച്ചെണ്ണം ബാബ വംഗയുടെ പ്രവചനത്തിലുമുണ്ട്.
500 വര്‍ഷം നോസ്ട്രഡാമസ് രചിച്ച പുസ്തകത്തിലാണ് അദ്ദേഹത്തിന്റെ പ്രവചനങ്ങളുള്ളത്. 942 പ്രവചനങ്ങള്‍ ഉണ്ട് അതില്‍. ഭാവിയില്‍ സംഭവിക്കാവുന്ന കാര്യങ്ങളാണ് അതിലുള്ളത്. ഇതിനോടകം പല കാര്യങ്ങളും സത്യമായി വന്നിട്ടുണ്ട്. ലെസ് പ്രൊഫറ്റീസ് എന്നാണ് ഇതിന്റെ പേര്. രണ്ടാം ലോകമഹായുദ്ധത്തെ പറ്റിയും, ജര്‍മനിയില്‍ അഡോള്‍ഫ് ഹിറ്റ്‌ലറുടെ ഉദയത്തെയും, ഫ്രഞ്ച് വിപ്ലവത്തെയും കൃത്യമായി പ്രവചിക്കുന്നുണ്ട് നോസ്ട്രഡാമസ്. അദ്ദേഹം എക്കാലത്തെയും വലിയ ജ്യോതിഷിയായി അറിയപ്പെടുന്നത് ഈ പ്രവചനങ്ങള്‍ കൃത്യമായി വന്നത് കൊണ്ടാണ്.
ബാബ വംഗയുടെ പ്രവചനത്തിലും ഇത്തരം കാര്യങ്ങളുണ്ട്. എന്നാല്‍ നൂറ്റാണ്ടുകള്‍ ഇപ്പുറത്താണ് ബാബ വംഗ ജനിച്ചത്. അതുകൊണ്ട് 1990കള്‍ക്ക് ശേഷമുള്ള പല പ്രവചനങ്ങളുടെ കാര്യങ്ങളിലും ഇവര്‍ തമ്മില്‍ സാമ്യമുണ്ട്. അമേരിക്കന്‍ പ്രസിസന്റായിരുന്ന ജോണ്‍ എഫ് കെന്നഡി വധിക്കപ്പെടുമെന്ന് നോസ്ട്രഡാമസിന്റെ ഞെട്ടിച്ച പ്രവചനങ്ങളിലൊന്നാണ്. സെപ്റ്റംബര്‍ പതിനൊന്നിലെ ഭീകരാക്രമണം ബാബ വംഗയും നോസ്ട്രഡാമസും ഒരുപോലെ പ്രവചിച്ച കാര്യമാണ്. അതേസമയം പ്രവചനങ്ങളിലൊന്നിലും തിയതികള്‍ കൃത്യമായി പറയുന്നില്ല.
2023ല്‍ സംഭവിക്കുമെന്ന തരത്തിലാണ് കാര്യങ്ങള്‍ പറയുന്നത്. 2023ല്‍ ഒരു മഹായുദ്ധം സംഭവിക്കുമെന്ന മുന്നറിയിപ്പാണ് നോസ്ട്രഡാമസ് നല്‍കിയിരിക്കുന്നത്. ഏഴ് മാസം നീണ്ടുനില്‍ക്കുന്ന യുദ്ധം, നിരവധി പേര്‍ മരിക്കും. ദുഷ്ടശക്തികളുടെ താണ്ഡവമായിരിക്കുമെന്നും 1555ലെ ഈ പുസ്തകത്തില്‍പറയുന്നുണ്ട്. യുക്രൈനും റഷ്യയും തമ്മിലുള്ള യുദ്ധമാണ് നോസ്ട്രഡാമസ് പ്രവചിച്ചതെന്നാണ് കരുതുന്നത്. അത് മൂന്നാം ലോക മഹായുദ്ധമായി മാറാമെന്നാണ് പ്രവചനത്തിലുള്ളത്. ഇതിനോടകം യുക്രൈനിലെ യുദ്ധം ആഗോള തലത്തില്‍ ചര്‍ച്ചയായി കഴിഞ്ഞു.
റഷ്യയുടെ മിസൈലുകള്‍ പോളണ്ടില്‍ അടക്കം പതിച്ച് കഴിഞ്ഞു. ഏത് നിമിഷവും യുദ്ധത്തിന്റെ തീവ്രത വര്‍ധിച്ച് ആഗോള തലത്തിലെ വലിയ ഏറ്റുമുട്ടലായി മാറാനുള്ള സാധ്യത ശക്തമാണ്. റഷ്യയുടെ കൈവശമുള്ള ആണവായുധങ്ങള്‍ ഏത് നിമിഷവും ഉപയോഗിച്ചേക്കാമെന്നാണ് ലോകരാജ്യങ്ങളുടെ ഭയം. അമേരിക്ക ഇതിനോടകം യുക്രൈന് വേണ്ട ആയുധങ്ങള്‍ എത്തിച്ച് കൊടുക്കുന്നുണ്ട്. ഫ്രഞ്ച് നഗരമായ റുവീന്‍ സുരക്ഷിതമായിരിക്കുമെന്നാണ് പ്രവചനത്തില്‍ പറയുന്നത്. എന്നാല്‍ പാരീസ് അടക്കമുള്ള നഗരങ്ങള്‍ ഇതില്‍ തകര്‍ക്കപ്പെടുമെന്നും മുന്നറിയിപ്പുണ്ട്.
2023ല്‍ വലിയ കലാപങ്ങള്‍ പൊട്ടിപ്പുറപ്പെടുമെന്നാണ് മറ്റൊരു പ്രവചനം. ജീവിത ചെലവ് വര്‍ധിച്ച് വരുന്നതും, ആഗോള താപനത്തിന്റെ കരുത്തും കാരണം, ജനങ്ങള്‍ നിയമം കൈയ്യിലെടുക്കുമെന്നും, ഇത് ആഭ്യന്തര കലാപങ്ങള്‍ക്ക് വഴിവെക്കുമെന്നാണ് മുന്നറിയിപ്പ്. സമ്പത്തുള്ളവര്‍ക്കെതിരെ സാധാരണക്കാര്‍ വലിയ പ്രക്ഷോഭം ആരംഭിക്കുമെന്നും, സാമ്പത്തിക രംഗം തകരുന്നതിനെതിരെ ജനകീയ കലാപം അലയടിക്കുമെന്നുമാണ് നോസ്ട്രഡാമസ് പ്രവചിക്കുന്നത്. കോടീശ്വരന്മാര്‍ക്കെതിരെ ജനങ്ങള്‍ തെരുവില്‍ ഇറങ്ങുമെന്നും, കടുത്ത സാമ്പത്തിക പ്രതിസന്ധി ഇവരെ അത്തരമൊരു കാര്യത്തിനായി പ്രേരിപ്പിക്കുമെന്നാണ് പ്രവചനം.
കടല്‍ നിരപ്പ് ഉയരുകയും, താപം വര്‍ധിക്കുകയും ചെയ്യുന്നതിന് 2023 സാക്ഷിയാവും. ആഗോള താപനം ഏറ്റവും രൂക്ഷമാകുന്ന വര്‍ഷമായി 2023 മാറുമെന്നാണ് പ്രവചനം. ബഹിരാകാശത്ത് നിന്ന് വലിയൊരു തീഗോളം ഭൂമിയില്‍ പതിക്കുമെന്നും, ലോകാവസാനത്തിന് സമാനമായ കാര്യങ്ങള്‍ സംഭവിക്കുമെന്നുമാണ് പ്രവചനം. പഴയ ജനസമൂഹത്തിന്റെ ചാരത്തില്‍ നിന്ന് പുതിയൊരു ലോകം ഉയിര്‍ത്തെഴുന്നേല്‍ക്കുമെന്നും നോസ്ട്രഡാമസ് പറയുന്നു. ചൊവ്വയില്‍ മനുഷ്യന്‍ കാലുകുത്തുന്നതും, ആഗോള സാമ്പത്തിക പ്രതിസന്ധിയും 2023ലെ പ്രവചനത്തിലുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല