1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 14, 2023

സ്വന്തം ലേഖകൻ: നോട്ടിങാം നഗരത്തിന്റെ മൂന്നു ഭാഗത്തായുണ്ടായ ആക്രമണപരമ്പരകളിൽ മൂന്നു പേർ കൊല്ലപ്പെട്ടു എന്നും മൂന്നുപേർക്ക് ഗുരുതരമായി പരിക്കേറ്റു എന്നുമുള്ളതായിരുന്നു ആ വാർത്ത.

19 വയസുമാത്രം പ്രായമുള്ള രണ്ട് വിദ്യാർഥികളും മധ്യവയസ്കനായ ഒരാളുമാണ് ഇന്നലെയുണ്ടായ കഠാരയാക്രമണത്തിൽ കൊല്ലപ്പെട്ടത്. വഴിയാത്രക്കാരായ മറ്റു മൂന്നുപേർക്കു നേരേ വാനിടിച്ചു കയറ്റിയായിരുന്നു അടുത്ത ആക്രമണം. മൂന്നു സംഭവങ്ങൾക്കു പിന്നിലും ഒരാൾ തന്നെയാണെന്ന അനുമാനത്തിലാണ് പോലീസ്.

സംഭവവുമായി ബന്ധപ്പെട്ട് 31 വയസ്സുള്ള യുവാവിനെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. കൂടുതൽ വിശദാംശങ്ങൾ പോലീസ് പുറത്തുവിടുന്നില്ല. ഭീകരാക്രമണമാണോ എന്നതുൾപ്പെടെയുള്ള സ്ഥിരീകരണത്തിനു ശേഷമാകും ഇക്കാര്യത്തിൽ ഔദ്യോഗിക വിശദീകരണം ഉണ്ടാകുക. സംഭവത്തെ മേജർ ഇൻസിഡന്റായി പ്രഖ്യാപിച്ചാണ് അന്വേഷണം.

ചൊവ്വാഴ്ച പുലർച്ചെ നാലുമണിയോടെയാണ് നോട്ടിങാം സിറ്റി സെന്ററിലെ ഇൽകെസ്റ്റൺ റോഡിൽ 19 വയസ്സുള്ള രണ്ട് വിദ്യാർഥികൾ അതിദാരുണമായി കൊലചെയ്യപ്പെട്ടത്. തുടർന്ന് ഒന്നര മണിക്കൂറിനു ശേഷം 5.30നാണ് അടുത്തസംഭവം ഉണ്ടായത്. സിറ്റി സെന്ററിലെ മിൽട്ടൺ സ്ട്രീറ്റിൽ മൂന്നുപേർക്കു നേരേ ഒരാൾ വാൻ ഇടിച്ചുകയറ്റി. മൂന്നുപേർക്കും ഗുരുതരമായി പരിക്കേറ്റു. വാനിനെ പിന്തുടർന്ന പോലീസ് മേപ്പിൾ സ്ട്രീറ്റിൽ വാൻ തടഞ്ഞ് ഡ്രൈവറായ യുവാവിനെ അറസ്റ്റുചെയ്തു.

ഇതിനുശേഷമാണ് മഗ്ദല റോഡിൽ 50 വയസ് പ്രായമുള്ള ഒരാളെ കുത്തേറ്റ് മരിച്ചനിലയിൽ പോലീസ് കണ്ടെത്തിയത്. ബിസിനസുകാരനായ ഇയാളെ അപായപ്പെടുത്തിയശേഷം അപഹരിച്ച വാനാണ് യുവാവ് മിൽട്ടൺ സ്ട്രീറ്റിൽ ആളുകൾക്കിടയിലേക്ക് ഓടിച്ചു കയറ്റിയതെന്നാണ് പ്രാദേശിക മാധ്യമങ്ങളിലെ റിപ്പോർട്ടുകൾ. എന്നാൽ പോലീസ് ഇക്കാര്യങ്ങൾ ഔദ്യോഗികമായി സ്ഥിരീകരിക്കുന്നില്ല.

മൂന്നു സംഭവങ്ങളുമായി ഏതെങ്കിലും തരത്തിൽ ബന്ധമുണ്ടോ എന്ന് അന്വേഷിക്കുന്നു എന്നു മാത്രമാണ് പോലീസ് ഭാഷ്യം. നോട്ടിങാം യൂണിവേഴ്സിറ്റിയിലെ അണ്ടർ ഗ്രാജ്വേറ്റ് വിദ്യാർഥികളായ ബാൺബേ വെബ്ബർ (19) ഗ്രേയ്സ് കുമാർ (19) എന്നീ വിദ്യാർഥികളാണ് ആക്രമണത്തിൽ മരിച്ചവർ. യൂണിവേഴ്സിറ്റിയിലെ ക്രിക്കറ്റ് താരമാണ് ബാൺബേ വെബ്ബർ. മികച്ച ഹോക്കി താരമായ ഗ്രേയ്സ് കുമാർ ഇംഗ്ലണ്ടിന്റെ അണ്ടർ-16, അണ്ടർ-18 ഹോക്കി ടീമിലെ അംഗമായിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.