സ്വന്തം ലേഖകന്‍: നോട്ടിംഗ്ഹാം മോട്ടോര്‍ വേ വാഹനാപകടത്തില്‍ മരിച്ച ബെന്നിയ്ക്ക് വെള്ളിയാഴ്ച യുകെ മലയാളികള്‍ യാത്രാമൊഴി നല്‍കും, മൃതദേഹം തിങ്കളാഴ്ച നാട്ടിലെത്തിക്കും. ഓഗസ്റ്റ് 26 ന് മോട്ടോര്‍ വേ ഒന്നിലുണ്ടായ വാഹനാപകടത്തില്‍ മരണമടഞ്ഞ മലയാളി സിറിയക് ജോസസ് എന്ന ബെന്നിയ്ക്ക് യാത്രാമൊഴി നല്‍കുന്നതിന്റെ ഭാഗമായി 8 ന് നോട്ടിംഗ്ഹാമിലുള്ള ഗുഡ് ഷെപ്പേര്‍ഡ് കത്തോലിക്കാ ദേവാലയത്തില്‍ ഉച്ചകഴിഞ്ഞ് 2 മണിക്ക് ദിവ്യബലിയും മറ്റു പ്രാര്‍ഥനാ ശുശ്രൂഷകളും പൊതു ദര്‍ശനത്തിന് സൗകര്യവും ഉണ്ടായിരിക്കും.
പൊലീസ് ആശുപത്രി നടപടികള്‍ പതിലിലും നേരത്തെ പൂര്‍ത്തിയാക്കി മൃതദേഹം ഫ്യൂണറല്‍ ഡയറക്ടേഴ്‌സിന് കൈ മാറിയതിനാലാണ് മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരുന്നത് നേരത്തെയാക്കിയത്. വെള്ളിയാഴ്ച നടക്കുന്ന അന്തിമോപചാരത്തിനും പൊതുദര്‍ശനത്തിനും ശേഷം ഞായറാഴ്ച രാവിലെ പുറപ്പെടുന്ന എമിറേറ്റ്‌സ് വിമാനത്തില്‍ മൃതദേഹം ജന്മനാടായ കോട്ടയത്തേക്ക് കൊണ്ടുപോകും. തിങ്കളാഴ്ച വൈകിട്ട് 4 മണിക്ക് പ്രാരംഭ പ്രാര്‍ഥനകളോടെ കോട്ടയം ചേര്‍പ്പുങ്കല്‍ ഇടവകയിലെ വീട്ടില്‍ വച്ച് സംസ്‌കാര ശുശ്രൂഷകള്‍ ആരംഭിക്കും. വീട്ടിലും ദേവാലയത്തിലുമുള്ള പ്രാര്‍ഥനകള്‍ക്കുശേഷം മൃതദേഹം പള്ളി സെമിത്തേരിയിലെ കുടുംബക്കല്ലറയില്‍ സംസ്‌ക്കരിക്കും.
ബെന്നിയുടെ ഭാര്യ ആന്‍സിയും മക്കളായ ബെന്‍സണ്‍, ബെനീറ്റ എന്നിവരും യുകെയിലുള്ള മറ്റു കുടുംബാംഗങ്ങളും ശനിയാഴ്ച നാട്ടിലേയ്ക്കു തിരിക്കും. ബെന്നിയുടെ ഉടമസ്ഥതയിലുള്ള എ.ബി.സി. ട്രാവല്‍സ് എന്ന മിനിവാനാണ് അപകടത്തില്‍പെട്ടത്. ഉടമയായ ബെന്നി തന്നെയായിരുന്നു വാന്‍ ഓടിച്ചിരുന്നത്. യൂറോപ്പ് പര്യടനത്തിനായി പുറപ്പെട്ട നാല് വിപ്രോ കമ്പനി ജീവനക്കാരും അവരുടെ കുടുംബാംഗങ്ങളുമായിരുന്നു മിനിവാനില്‍ ഉണ്ടായിരുന്നത്. ബെന്നി ഉള്‍പ്പെടെ മിനി വാനിലെ എട്ട് യാത്രക്കാരാണ് അപകടത്തില്‍ കൊല്ലപ്പെട്ടത്. മില്‍ട്ടണ്‍ കെയില്‍സിനു സമീപം പുലര്‍ച്ചെ 3.15 ന് വാന്‍ ഒരു ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു.
പതിനാറുകൊല്ലം മുമ്പ് നോട്ടിംങ്ങാമില്‍ എത്തിയ ബെന്നി കലാസാംസ്‌കാരിക രാഷ്ട്രീയ രംഗങ്ങളിലെല്ലാം സജീവ സാന്നിധ്യമായിരുന്നു. അപകടത്തില്‍പെട്ട ട്രക്ക് ഡ്രൈവര്‍മാരില്‍ ഒരാള്‍ അമിതമായി മദ്യപിച്ചിരുന്നതായി പൊലീസ് കണ്ടെത്തിയിരുന്നു. പോളണ്ടുകാരനായ ഇയാള്‍ ഇപ്പോഴും റിമാന്‍ഡിലാണ്. അപകടത്തില്‍ മരിച്ച വിപ്രോ കമ്പനിയിലെ യുവ മലയാളി എന്‍ജിനീയര്‍ ചിങ്ങവനം ചാന്ദാനിക്കാട് ഇരുമ്പപ്പുഴ സ്വദേശി ഋഷി രാജീവ്കുമാര്‍ (28) ഉള്‍പ്പെടെയുള്ള മറ്റ് ഏഴ് ഇന്ത്യക്കാരുടെയും മൃതദേഹങ്ങളും നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല