സ്വന്തം ലേഖകന്‍: നോട്ടിംഗ്ഹാം മോട്ടോര്‍വേ വാഹനാപകടത്തില്‍ മരിച്ച രണ്ടു മലയാളികള്‍ ഉള്‍പ്പെടെ എട്ട് ഇന്ത്യക്കാരുടെ മൃതദേഹങ്ങള്‍ ഉടന്‍ നാട്ടിലെത്തിക്കാന്‍ നടപടി. വെള്ളിയാഴ്ച രാത്രിയുണ്ടായ മോട്ടോര്‍വേ ദുരന്തത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ തുടര്‍നടപടികള്‍ വേഗത്തിലാക്കി എത്രയുംവേഗം നാട്ടിലെത്തിക്കാനാണു തീരുമാനം. അപകടം നടന്ന മില്‍ട്ടണ്‍ കെയിന്‍സില്‍ കൊറോണറുടെ സാന്നിധ്യത്തില്‍ നടന്ന ബന്ധപ്പെട്ടവരുടെ യോഗത്തിലാണ് തീരുമാനം.
ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ സീനിയര്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ടി ഹരിദാസിന്റേയും അന്വേഷണ സംഘത്തിന്റേയും സാന്നിധ്യത്തിലായിരുന്നു യോഗം. അപകടത്തില്‍ മൃതദേഹങ്ങള്‍ ഛിന്നഭിന്നമായതിനാല്‍ തിരിച്ചറിയാനായി ഡിഎന്‍എ പരിശോധനകളോ വിരലടയാള പരിശോധനയോ നടത്തേണ്ടി വരും. ഇതിന് സമയം കൂടുതല്‍ ആവശ്യമാണ്.തിരിച്ചറിയല്‍ നടപടി കഴിഞ്ഞാല്‍ താമസിയാതെ ഔട്ട് ഓഫ് ഇംഗ്ലണ്ട് സര്‍ട്ടിഫിക്കറ്റ് നല്‍കും.
വാഹനമോടിച്ച ചേര്‍പ്പുങ്കല്‍ സ്വദേശി സിറിയകിന്റെ മൃതദേഹം വിശദ പോസ്റ്റ്മാര്‍ട്ടം നടത്തേണ്ടിവരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കേസിന്റെ തുടര്‍ന്നുള്ള അന്വേഷണത്തിന് ആവശ്യമായതിനാലാണ് ഇത്. ഈ ആഴ്ച നടപടികള്‍ എല്ലാം പൂര്‍ത്തിയാക്കാനാണ് തീരുമാനം. സിറിയകിന്റെ മൃതദേഹം വിട്ടുകിട്ടിയാല്‍ ഉടന്‍ നോട്ടിങ്ഹാമിലെത്തിച്ച ശേഷം നാട്ടിലേക്ക് കൊണ്ടുപോകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല