1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 15, 2012

അങ്ങനെ തോമാച്ചനും നഴ്‌സായി -ഹാസ്യനോവല്‍ അദ്ധ്യായം 5

മുന്‍ ഭാഗങ്ങള്‍ കാണാന്‍ ഇവിടെ ക്ലിക്ക്‌ ചെയ്യുക

പിന്നീടങ്ങോട്ടുളള കുറേ ദിവസങ്ങളില്‍ തോമാച്ചന് അപ്പച്ചന്റെ കൂടെ പറമ്പില്‍ പണിയെടുക്കേണ്ടി വന്നു. കപ്പയ്ക്ക് ഇട കിളയ്ക്കുക, തെ്ങ്ങിന് തടമെടുക്കുക ഇതൊക്കെയായിരുന്നു പണികള്‍. ‘കര്‍ത്താവേ, ഭോപ്പാല്‍ എച്ച്എസ്‌സി ഇല്ലായിരുന്നെങ്കില്‍ ഞാനൊരു തൂമ്പാ പണിക്കാരനായി തീരുമായിരുന്നല്ലോ’ എന്നോര്‍ത്ത് തോമാച്ചന്‍ ഇടയ്ക്ക് നെടുവീര്‍പ്പിട്ടു. പണിക്കാരുടെ കളിയാക്കലും അപ്പച്ചന്റെ ഇടയ്ക്കുളള രൂക്ഷമായ നോട്ടവും ഒക്കെ കാരണം മനസുമടുത്ത സമയത്താണ് വേനല്‍മഴ പോലെ ആ വാര്‍ത്ത എത്തിയത്.
അമ്മച്ചിയുടെ മൂത്ത ആങ്ങളയുടെ മകന്‍ ഷാജിയുടെ കല്യാണ വാര്‍ത്തയാണ് ഫോണിലൂടെ എത്തിയത്. രാജപുരത്ത് താമസിക്കുന്ന അമ്മച്ചിയുടെ മൂത്ത ആങ്ങള ആ പ്രദേശത്തെ ഒരു പ്രമാണിയാണ്.

ഒത്തു കല്യാണം വ്യാഴാഴ്ച. അടുത്ത തിങ്കളാഴ്ച കല്യാണം. അങ്ങനെ തീരുമാനിക്കാന്‍ കാരണം പലതായിരുന്നു. ഒന്നാമതായി വധു ഫോറിനിലാണ്. കെട്ടുകല്യാണം കഴിഞ്ഞ് ഒരാഴ്ച കൂടിയേ അവധിയുളളൂ. രണ്ടാമതായി ഇരുകൂട്ടരുടേയും ബന്ധുക്കളെല്ലാം കോട്ടയം ഭാഗത്താണ്. ഒത്തുകല്യാണവും കെട്ടുകല്യാണവും അടുത്തടുത്ത് ആയാല്‍ ഒരു യാത്രകൊണ്ട് കാര്യം സാധിക്കാം.
ഷാജി പിഡിസിയ്ക്ക് പഠിച്ചത് സഹദാ കോളേജില്‍ തന്നെ ആയിരുന്നു. തോമാച്ചന്റെ വീട്ടില്‍ നിന്നാണ് അവന്‍ പിഡിസി പഠനം പൂര്‍ത്തിയാക്കിയത്. അതുകൊണ്ട് തന്നെ ഷാജിയെ സംബന്ധിച്ചിടത്തോളം തോമാച്ചന്‍ ഒരു കസിന്‍ എന്നതിലുപരി ഒരു കൂടെപ്പിറപ്പ് തന്നെയാണ്. കല്യാണത്തിന് എല്ലാവരും കാലേ കൂട്ടിവന്ന് സഹായിക്കണം എന്ന് ഷാജി നിര്‍ബന്ധിച്ച് പറഞ്ഞപ്പോള്‍ വര്‍ക്കിച്ചേട്ടന്‍ സന്തോഷത്തോടെ സമ്മതിച്ചു. ഉടനെതന്നെ തോമാച്ചനെ റെയില്‍വേ ടിക്കറ്റ് ബു്ക്ക് ചെയ്യാനായി കോട്ടയത്തേക്ക് പറഞ്ഞുവിടുകയും ചെയ്തു.

ടിക്കറ്റ് ബുക്ക് ചെയ്ത് തിരിച്ച് വന്നപ്പോഴും വര്‍്ക്കി ചേ്ട്ടന്‍ വളരെ സന്തോഷത്തിലാണ്. ആ സന്തോഷത്തിന്റെ ശരിയായ കാരണം കശുവണ്ടി റാക്കാണന്ന് തോമാച്ചന് പിന്നീട് മനസ്സിലായി. മറ്റ് രണ്ട് അമ്മാച്ചന്‍മാരും ഗോവന്‍ ഫെനി തോല്‍ക്കുന്ന റാക്കുമായാണ് അവരുടെ പുന്നാര അളിയനായ വര്‍ക്കിചേട്ടനെ സ്വീകരിച്ചത്. ഒരു പക്ഷേ റാക്കിന്റെ ഉത്പാദനത്തില്‍ സ്വയം പര്യാപ്തത കൈവരിച്ച ഏകപ്രദേശം ആയതുകൊണ്ടാവണം ഈ പ്രദേശത്തിന് മല’ബാര്‍’ (malaBAR) എന്നു പേര് കൈവന്നത് എന്ന് തോമാച്ചന് തോന്നി

വര്‍ക്കിച്ചേട്ടനും അളിയന്‍മാരും തമ്മില്‍ ഒ്ത്തുചേര്‍ന്നാല്‍ പിന്നെ ഒരു മേളമാണ്. വെടിപറച്ചിലും തര്‍ക്കവും പൊടിപൊടിയ്ക്കും. ഒരു നാഴ് മറ്റൊരു നാഴിയില്‍ ഇറങ്ങില്ല എന്ന ചൊല്ലിന്റെ ശരിയായ അര്‍ത്ഥം ഈ അളിയന്‍മാര്‍ ഒത്തുകൂടുമ്പോഴാണ് തോമാച്ചന് ശരിക്കും മനസ്സിലാകുന്നത്.

റബ്ബറാണ് കൂടുതല്‍ വിദേശനാണ്യം നേടുന്നതെന്ന് ഒരാളും ഇപ്പോള്‍ റബ്ബറിനല്ല, കശുവണ്ടിക്കാണ് വിദേശത്ത് കൂടുതല്‍ ഡിമാന്റ് എന്ന് മറ്റൊരാള്‍. ഇങ്ങനെയുളള ഇവരുടെ വഴക്ക് തീര്‍്ക്കാന്‍ പലപ്പോഴും മേരിച്ചേടത്തിക്ക് അടുക്കളയിലെ പണി ഉപേക്ഷിച്ച് വന്ന് ഇരുകൂട്ടരേയും വഴക്ക് പറയേണ്ടി വന്നിട്ടുണ്ട്.

എന്നാല്‍ കുപ്പിയേല്‍ ഒന്ന് മേശപ്പുറത്ത് എ്ത്തിയാല്‍ തര്‍ക്കങ്ങളെല്ലാം അതില്‍ അലിഞ്ഞ് ഇല്ലാതാകും. കുപ്പി തീര്‍്ത്ത് കഴിഞ്ഞാല്‍ വര്‍ക്കിച്ചേട്ടന് സ്ഥിരമായി വരുന്ന പാട്ടാണ് ‘എന്തതിശയമേ മറിയേടെ സ്‌നേഹം, എത്ര മനോഹരമേ’. അളിയനെ കടത്തിവെട്ടി അമ്മാച്ചന്‍മാര്‍ ശബ്ദമുയര്‍ത്തിയും ‘അതിനോടെ ബാവ തന്റെ’ എന്ന് പാടും. തോമാച്ചന്റെ ഓര്‍മ്മകളില്‍ ഈ സായാഹ്നങ്ങള്‍ നിറഞ്ഞ് നിന്നു.

മലബാറില്‍ ചെന്നതിന് ശേഷം എല്ലാവര്‍ക്കും ഒരു ചോദ്യം മാത്രം ‘പിഡിസി കഴിഞ്ഞില്ലേ തോമാച്ചാ, ഇനി എന്താ പരിപാടി’ ചോദിച്ചവരോടെല്ലാം ഭോ്പ്പാല്‍ എച്ച്എസ്‌സിക്ക് ചേര്‍ന്നു എന്ന് തോമാച്ചന്‍ തട്ടിവിട്ടു. മലബാറിന്റെ നിഷ്‌കളങ്കത കൊണ്ടാണോ അതോ ചോദിച്ചവരുടെ അജ്ഞത കൊണ്ടാണോ എന്ന് അറിയില്ല, ഭൂരിപക്ഷം പേരും അത് ബിഎ്‌സ്‌സി പോലെ ഒരു കോഴ്‌സ് ആണെന്നാണ് കരുതിയത്.

കല്യാണത്തിരക്കിനിടക്ക് ഷാജി കോളേജിനെ കുറിച്ചും പ്രിന്‍സിപ്പാളച്ചനെ കുറിച്ചും ഒ്ക്കെ ചോദിച്ചു. ‘ഇപ്പോഴും സമരക്കാരെ അച്ചന്‍ തല്ലാറുണ്ടോ?’ എന്ന ചോദ്യം കേട്ട് തോമാച്ചന്‍ പൊട്ടിച്ചിരിച്ചു. അതിര്‍ത്തിയില്‍ വച്ച് കണ്ട ഇന്ത്യക്കാരനെ പാകിസ്ഥാനി പട്ടാളം കൈകാര്യം ചെയ്യുന്നതുപോലെയാണ് സമരക്കാരെ അച്ചന്‍ കാണുന്നത് എന്ന് തോമാച്ചന്‍ പറഞ്ഞപ്പോള്‍ ഷാജിയും ഉറക്കെ ചിരിച്ചുപോയി.

തന്റെ കൂടെ പിഡിസിക്ക് പഠിച്ചിരുന്ന ജോണിക്കുട്ടിക്ക് പറ്റിയ അബദ്ധം തോമാച്ചന്‍ സരസമായി വിവരിച്ചു. ഇടവക തിരുനാളിന് തലേന്ന് വീട്ടുകാരുടെ ഉപദേശം സഹിക്കാതെ കുമ്പസാരിച്ച് കളയാമെന്ന് കരുതി ജോണിക്കുട്ടി പളളിയിലെത്തി. കുമ്പസരിച്ച ആദ്യപാപങ്ങളുടെ കൂട്ടത്തില്‍ ‘പ്രിന്‍സിപ്പാളച്ചനെ പരുന്ത് എന്ന് കളിയാക്കി വിളിച്ചു’ എന്ന് ഏറ്റുപറഞ്ഞപ്പോള്‍ ‘നീ നാളെ എന്നെ വന്ന് കണ്ടിട്ട് ക്ലാസില്‍ കയറിയാല്‍ മതി’ എന്ന് പ്രായശ്ചിത്തം കൊടുത്ത അച്ചനെ കുമ്പസാരക്കൂട്ടിനിടയിലൂടെ സൂക്ഷിച്ച് നോക്കിയ ജോണിക്കുട്ടി അകത്തിരുന്ന പരുന്തച്ചനെ കണ്ട് സപ്തനാഡികളും സ്തംഭിച്ച് പോയ അവസ്ഥയിലായ കാര്യം പൊടിപ്പും തൊങ്ങലും വച്ച് വിവരിച്ചപ്പോള്‍ ഷാജി മാത്രമല്ല എല്ലാവരും ചിരിച്ചു. മലബാറിലെ തന്റെ ഒരാഴ്ചത്തെ താമസം ഒരു ദിവസം പോലെ കടന്നുപോയി.


തുടരും ….

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.