1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 1, 2012

അങ്ങനെ തോമാച്ചനും നഴ്‌സ് ആയി …നോവല്‍ -അദ്ധ്യായം മൂന്ന്

ഒന്നാം ഭാഗം കാണാന്‍ ഇവിടെ ക്ലിക്ക്‌ ചെയ്യുക

രണ്ടാം ഭാഗം കാണാന്‍ ഇവിടെ ക്ലിക്ക്‌ ചെയ്യുക

വീണ്ടും ഒരിക്കല്‍ കൂടി വര്‍ക്കിച്ചേട്ടന് തോമാച്ചന്റെ കാരുണ്യം മൂലം കോളേജില്‍ എത്തേണ്ടി വന്നു. അത് ഓര്‍ക്കുമ്പോള്‍ തോമാച്ചന് ഏത് ഉറക്കത്തിലും ചിരി വരും. തോമാച്ചന്‍ സെക്കന്റ് ഇയര്‍ പിഡിസിക്ക് പഠിക്കുന്ന കാലം. ആ സമയത്ത് ആയിരുന്നു അഭിലാഷയുടെ പ്രശസ്തമായ ‘ ആദിപാപം’ സിനിമ ഇറങ്ങിയത്. ആദിപാപം ചെയ്യാത്ത കൗമാരക്കാര്‍ക്ക് അത് എന്താണന്ന് മനസ്സിലാക്കി കൊടുക്കാന്‍ ഉളള സദുദ്ദേശത്തില്‍ നിര്‍മ്മിച്ച സിനിമ വീട്ടുകാര്‍ കാണുവാന്‍ അനുവദിക്കാത്ത സാഹചര്യത്തില്‍ കോളേജില്‍ ഒരു സമരം തല്ലിക്കൂട്ടി സിനിമക്ക് പോകുവാന്‍ എല്ലാ രാഷ്ട്രീയകക്ഷികളുടേയും കുട്ടിനേതാക്കള്‍ തീരുമാനിച്ചു. സമരത്തിന് കാരണമായി പറഞ്ഞതോ വിചിത്രമായ കാര്യവും. കോളജ് ക്യാന്റീനിലെ ബോണ്ടയ്ക്ക് മയം പോരാ എന്നുളള പരാതിയുമായി വിദ്യാര്‍ത്ഥി ഐക്യം വിളി തുടങ്ങിയപ്പോഴേ പ്രിന്‍സിപ്പാളച്ചന്‍ ചൂരലുമായി രംഗത്തിറങ്ങി. ഉടനെതന്നെ സിക്‌സറടിക്കുന്ന പാക്കിസ്ഥാന്‍ താരത്തിനെതിരേ കുപ്പികളെറിയുന്ന ഇന്ത്യന്‍ കാണികളെ പോലെ കാന്റീനിലെ ബോണ്ടകള്‍ മുഴുവന്‍ അച്ചന്റെ നേരെ എറിയാന്‍ തുടങ്ങി. ആ ബോണ്ടയുടെ ‘മയം’ മൂലം അച്ചന്റെ തലക്ക് ചതവ് പറ്റിയതും അതിന് പിന്നില്‍ തോമാച്ചന്‍ അടക്കമുളളവര്‍ ആണെന്നും ഉളള കാരണത്താലാണ് വര്‍ക്കിച്ചേട്ടന് വീണ്ടും കോളേജിന്റെ പടി കയറേണ്ടി വന്നത്.

പക്ഷേ ഇത്തവണ പ്രിന്‍സിപ്പാളച്ചന് സംസാരിക്കാന്‍ സമയം കൊടുക്കാതെ പ്രതിപക്ഷനേതാവിന്റെ വീര്യത്തോടെ വര്‍ക്കിച്ചേട്ടന്‍ സംസാരിച്ചു തുടങ്ങി. ‘അച്ചോ എന്റെ അപ്പന്‍ ഒക്കെ കല്ലും മണ്ണും ചുമന്ന് തുടങ്ങിയ കോളേജ് ആണ് ഇത്. അവിടെ ഒരു മേശേടെ കാല് പൊട്ടി എന്ന് പറഞ്ഞ് 2000 രൂപ ഒക്കെ പിഴയായി വാങ്ങുന്നത് മോശമാണ്. എന്തിനും ഒരു ന്യായമില്ലേ?’ ‘കടുവയെ പിടിച്ച കിടുവ’ എന്ന പോലെ പ്രിന്‍സിപ്പാളച്ചന്‍ വര്‍ക്കിച്ചേട്ടനെ നോക്കിനിന്നു. ‘ഇഞ്ചി തിന്ന കുരങ്ങനെ പോലെ’ തോമാച്ചനും.

‘ അതെന്നാ വര്‍ക്കിച്ചേട്ടന്‍ അങ്ങനെ പറഞ്ഞത്?’ ഇടയ്‌ക്കെപ്പോഴേ വര്‍ക്കിച്ചേട്ടന്‍ ശ്വാസം എടുക്കാനായി സംസാരം നിര്‍ത്തിയപ്പോള്‍ അച്ചന്‍ ചോദിച്ചു. ‘ ഒരു മേശേടെ കാലിന് 2000 രൂപ. ഞങ്ങടെ വീട്ടിലും മേശയുണ്ട്’ എന്ന് പറഞ്ഞ് വര്‍ക്കിച്ചേട്ടന്‍ വീണ്ടും കത്തിക്കയറി. ‘ ഇതൊക്കെ എന്നാണ് സംഭവിച്ചത്?’ എന്ന് അച്ചന്‍ ചോദിച്ചപ്പോള്‍, രൂപ 2000 എണ്ണി വാങ്ങിയിട്ട് അച്ചന്‍ എന്നാ അഭിനയിക്കുകയാണോ എന്ന് ചോദിച്ച വര്‍ക്കിച്ചേട്ടന്‍ ‘അങ്ങോട്ട് പറഞ്ഞ് കൊടുക്കടാ ആ മേശേടെ ഒടുക്കത്തെ പേരും ആ തീയതിയും എന്ന് തോമാച്ചനോട് ആവശ്യപ്പെട്ടു. അപ്പച്ചന്റെ ഈ ആവശ്യത്തിന് മുന്നില്‍ ‘ കേന്ദ്രം കേരളത്തോട് പുലര്‍ത്തുന്ന നിസംഗതാ മനോഭാവത്തോടെ’ തോമാച്ചന്‍ നിന്നു. മേശയുടെ പേര് പ്രിന്‍സിപ്പാളച്ചനും കൂടു ആവശ്യപ്പെട്ടപ്പോള്‍ തോമാച്ചന് വിക്കി വിക്കി ‘ ലോഗരിതം ടേബിള്‍’ എന്ന് പറയേണ്ടി വന്നു. ഇത് കേട്ടപാടെ ചിരിച്ച അച്ചനോട് അല്ലേലും അച്ചന്‍മാര്‍ക്ക് ഒക്കെ പാവങ്ങളുടെ പണം പിടിച്ചുവാങ്ങി കഴിയുമ്പോള്‍ എപ്പോഴും ചിരിയാണ് എന്ന് പറഞ്ഞ് വര്‍ക്കിച്ചന്‍ ചൂടായികൊണ്ടേ ഇരുന്നു.

വര്‍ക്കി ചേട്ടന്‍ കോളജിന്റെ പടിവാതില്‍ കാണാത്തതുകൊണ്ട് ഇവര്‍ ചേട്ടനെ പറ്റിച്ചതാണെന്ന് അച്ചന്‍ ചിരിക്കിടയില്‍ പറഞ്ഞു. ലോഗരിതം ടേബിള്‍ എന്നാല്‍ ഒരു പട്ടിക ആണെന്നും അതല്ലാതെ അതിന് കാലുകള്‍ ഇല്ല എന്നും അച്ചന്‍ വര്‍ക്കിച്ചേട്ടനെ പറഞ്ഞ് ബോധ്യപ്പെടുത്തി. അതിനായി ഞാന്‍ ഇവിടെ ആരോടും 2000 രൂപ പിഴ വാങ്ങിയിട്ടുമില്ല എന്നും അച്ചന്‍ വിശദീകരിച്ചപ്പോള്‍ ഇനി ഇവന്റെ കാല് ഞാന്‍ തല്ലിയൊടിച്ച് 2000 രൂപക്ക് പഌസ്റ്റര്‍ ഇട്ടോളാം എന്ന് മറുപടി പറഞ്ഞ വര്‍ക്കിച്ചേട്ടന്റെ മാനസിക വികാരം മനസ്സിലാക്കിയ അച്ചന്‍ ബാക്കി കാര്യങ്ങള്‍ അവതരിപ്പിക്കാതെ തന്നെ തോമാച്ചന് ക്ലാസില്‍ കയറാന്‍ അനുവാദം കൊടുത്തു.

അതിനുശേഷം ചെയ്ത വികൃതിത്തരങ്ങളൊന്നും പിടിക്കപ്പെടാത്തതിനാല്‍ തോമാച്ചന്‍ രക്ഷപെട്ടു. ഒപ്പം കോളേജില്‍ വരാതെ വര്‍ക്കിച്ചേട്ടനും. ക്ലാസിന്റെ അവസാന ബഞ്ചില്‍ ഇരുന്ന് പുതിയ ലക്കം നാന മാസിക വായിക്കുന്നതിനിടെ ‘ വാസവദത്ത കോന്‍ ഹേ’ എന്ന ചോദ്യം ചോദിച്ച ഹിന്ദി ടീച്ചറോട് ‘ നഗ്മ’ എന്ന് ചാടി ഉത്തരം പറയുകയും അത് ടീച്ചര്‍ ‘നഗ്ന’ എന്ന് കേട്ടതിന്റെ ഫലമായി ഇറക്കിവിട്ടതും ഒന്നാം വര്‍ഷത്തെ പരീക്ഷാഫലം വന്നപ്പോള്‍ പെണ്‍കുട്ടികളോടും വീട്ടുകാരോടും നാട്ടുകാരോടും രണ്ട് വിഷയത്തിന് മാത്രമേ തോറ്റുളളു (സബ്ജക്ടും ലാംഗ്വേജും) എന്ന് പറഞ്ഞതും ഒക്കെ തോമാച്ചന്റെ ഓര്‍മ്മകളില്‍ തെളിഞ്ഞുനിന്നു.

തുടരും ………

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.